വരാപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദീർഘകാലം ഒളിവിലായിരുന്ന പ്രതി പിടിയിൽ. വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത കാസർകോട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെയാണ് പതിമൂന്ന് വർഷങ്ങൾക്കുശേഷം അറസ്റ്റുചെയ്തത്. വൈറ്റില തൈക്കൂടത്ത് താമസിക്കുന്ന ആലപ്പുഴ തൈക്കാട്ടുശേരി മണപ്പുറം രാമപുരത്തുവീട്ടിൽ മധുസൂദനനെയാണ് (67) എറണാകുളം റൂറൽജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ ഇയാൾ പിടിയിലാകുന്നത്. മലപ്പുറം സ്വദേശിയായ പ്രവാസിയുടെ അടുത്തേക്ക് പെൺകുട്ടിയെ എത്തിച്ചത് ഇയാളാണ്. കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് പ്രതി ഒളിവിൽപ്പോവുകയായിരുന്നു. പത്ത് വർഷത്തിലധികമായി പൊലീസിനെ കബളിപ്പിച്ച് കഴിഞ്ഞ പ്രതിയെ വൈറ്റിലയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


