ഒറ്റപ്പാലം: പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ പത്ത് മണിക്ക് കൂനത്തറ ആശാദീപം സ്റ്റോപ്പിലെ വളവിലാണ് അപകടം നടന്നത്. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരിൽ നിന്ന് പാലക്കാടേയ്ക്ക് പോവുകയായിരുന്ന രാജപ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പലരും ബസിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ചു വീണു. ഇരുബസുകളിലെയും ഡ്രെെെവർമാരുടെ നില ഗുരുതരമാണ്.
അപകടത്തിന് കാരണം ചിറയത്ത് ബസാണെന്നും എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം നടപടിയെടുക്കുമെന്നും ആർ ടി ഒ അറിയിച്ചു. വളവിൽ ഓവർ ടേക്ക് ചെയ്തു കയറി അപകടമുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


