Wed. Nov 25th, 2026

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ.വന്ദനദാസിനെ കുത്തിക്കൊന്ന ജി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. മറ്റുള്ളവരെ ഉപദ്രവിക്കാൻ താത്പര്യമുള്ള പ്രകൃതക്കാരനാണ് ഇയാൾ. സംഭവം നടക്കുമ്പോൾ സന്ദീപ് മദ്യപിച്ചതിനോ രാസലഹരി ഉപയോഗിച്ചതിനോ തെളിവില്ല. അക്രമാസക്തനായതിനാൽ വൈകിയാണ് സന്ദീപിന്റെ രക്ത സാംപിൾ എടുത്തത്.


സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇയാൾക്ക് താത്പര്യമുണ്ട്. മുമ്പ് മദ്യപിച്ചിരുന്നതായും പിന്നീട് മദ്യപാനം നിർത്തി ചികിത്സ തേടിയതായും സന്ദീപ് ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ട്. മദ്യപാനം നിർത്തിയപ്പോഴുള്ള മാനസിക പ്രശ്നങ്ങളോ മദ്യപാനം നിർത്താൻ ചികിത്സ തേടിയശേഷം വീണ്ടും ലഹരി ഉപയോഗിച്ചതോ ആകാം സന്ദീപിനെ അക്രമാസക്തനാക്കിയതെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ലഹരി ഉപയോഗം പ്രതിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിരിക്കാമെന്നും മെഡിക്കൽ ബോർഡ് ജില്ലാ ക്രൈംബ്രാഞ്ചിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സന്ദീപ് മദ്യത്തിന് അടിമയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഭാര്യയും മക്കളും മാറി താമസിച്ചത്. അമ്മയോടൊപ്പമായിരുന്നു ഇയാളുടെ താമസം. വിലങ്ങറ യുപി സ്കൂളിലെ അധ്യാപകനായിരുന്നു ഇയാൾ. കൊലപാതകത്തെ തുടർന്ന് സസ്പെൻഷനിലാണ്.