Mon. Nov 23rd, 2026

തിരുവനന്തപുരം: കേരളത്തിലെ നന്ദിനി പാല്‍ വില്‍പനയ്ക്കെതിരെ ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് പരാതി നല്‍കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാലാണ് നന്ദിനി. ഇതിന് കര്‍ണാടക ഗവണ്‍മെന്റാണ് നേതൃത്വം നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ വകുപ്പിന്റെ അനുമതി വാങ്ങണം. അതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇന്ത്യയിലെ മികച്ച പാലാണ് മില്‍മ. അതിനാല്‍ നാം മറ്റു സംസ്ഥാനങ്ങളിലെ പാലിന് ശ്രദ്ധ കൊടുക്കേണ്ടതില്ല. അന്യസംസ്ഥാന പാല്‍ ആരും ഉപയോഗിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.


മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്‍പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്‌ലെറ്റുകളില്‍ നന്ദിനി പാല്‍ എത്തിത്തുടങ്ങിയതോടെ വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പന നന്ദിനി വര്‍ധിപ്പിച്ചത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നന്ദിനി ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് നന്ദിനി പാല്‍ വില്‍പനയ്‌ക്കെതിരെ മില്‍മ രംഗത്തെത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് ദോഷകരമായി ബാധിക്കുന്ന നീക്കത്തില്‍നിന്ന് നന്ദിനി പിന്മാറണമെന്നാണ് മില്‍മയുടെ ആവശ്യം.