കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫീസിൽ ഹാജരാകാൻ ക്രെെംബ്രാഞ്ച് നോട്ടീസ് നൽകി. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. വഞ്ചാക്കുറ്റം ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
സുധാകരനെ പ്രതി ചേർത്ത് ക്രെെംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. മോൻസൻ മാവുങ്കലിനൊപ്പമുള്ള കെ സുധാകരന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മോൻസനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
വ്യാജമായി നിർമ്മിച്ച പുരാവസ്തുക്കൾ കാട്ടി പലരിൽ നിന്നും കോടികൾ തട്ടിയ കേസിലാണ് മോൻസൻ മാവുങ്കൽ പിടിയിലായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ കൊച്ചിയിലുള്ള മോൻസണിന്റെ വീട്ടിൽ പോയതിനെ കുറിച്ചും തെളിവുകൾ പുറത്ത് വരുന്നിരുന്നു.
10 കോടിയുടെ തട്ടിപ്പിന് ഇരയായവർ പൊലീസിനെ പലവട്ടം സമീപിച്ചിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വഴിത്തിരിവായത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് മോൻസൻ നിരീക്ഷണത്തിലായത്. അമ്പരപ്പിക്കുന്ന രീതിയിൽ പണമെറിഞ്ഞും നടികളെ ഉൾപ്പടെ താരങ്ങളെ രംഗത്തിറക്കിയും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധങ്ങൾ സ്ഥാപിച്ചും തട്ടിപ്പ് ആഘോഷിക്കുകയായിരുന്നു മോൻസൺ. പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ എന്ന് അവകാശപ്പെടുന്ന ഇയാൾ യഥാർത്ഥത്തിൽ പ്രവാസിയേയല്ല.
നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ 25 കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ആറ് പേരെ മൂന്നു വർഷത്തോളം വട്ടംകറക്കിയത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, എം.ടി.ഷമീർ, സിദ്ദീഖ് പുറായിൽ, ഷിനിമോൾ എന്നിവരുടെ പരാതിയിലാണ് മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതത്.


