Mon. Nov 23rd, 2026

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഷാലിമാര്‍ – ചെന്നൈ കൊറോമണ്ടേല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോറോമണ്ഡൽ എക്സ്പ്രസിൻ്റെ പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ – ഹൗറ ട്രെയിനും ഇടിച്ചു. അതേ സമയം അപകടത്തില്‍ 70 ലേറെ പേര്‍ മരിച്ചതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാലസോറില്‍ ബഹനാഗ റെയില്‍വേ സ്റ്റേഷനു സമീപം രാത്രി 7.20 ഓടെയാണ് അപകടം.നാല് ബോഗികളാണ് പാളം തെറ്റിയത്.ട്രെയിനിന്റെ പല കോച്ചുകളും ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചു കയറി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട് .അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റ മറ്റുള്ളവര്‍ക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.. അതേ സമയം പരുക്കേറ്റവരില്‍ നാല് മലയാളികളുമുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.


ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം വളരെ വേദനാജനകമാണ്. അപകടസ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘം എത്തിക്കഴിഞ്ഞു, മറ്റ് ടീമുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ പുറപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു- അമിത് ഷാ പറഞ്ഞു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും നാളെ രാവിലെ അപകട സ്ഥലം സന്ദര്‍ശിക്കുമെന്നും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മാധ്യമങ്ങളോട് പറഞ്ഞു.

പരുക്കേറ്റ നിരവധി യാത്രക്കാരെ ബഹനാഗ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബാലസിനോറിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങളും സഹായത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും നിർത്തിവച്ചു. സംഭവസ്ഥലത്തേക്ക് 15 ആംബുലൻസുകൾ അയച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡിഎംഇടി അറിയിച്ചു. അപകടത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നതിന് എമർജൻസി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നമ്പർ: 6782262286.


രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. റെയിൽവേ ട്രാക്കിലെ സിഗ്നൽ തകരാറിനെ തുടർന്ന് രണ്ട് ട്രെയിനുകളും ഒരേ ട്രാക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.15 നാണ് ട്രെയിൻ പുറപ്പെട്ടത്.

എന്നാൽ, അപകടത്തെക്കുറിച്ച് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ചെന്നൈയിൽ നിന്ന് ഒഡീഷ വഴി പശ്ചിമ ബംഗാളിലെ ഹൗറയിലേക്കാണ് കോറോമാണ്ടൽ എക്സ്പ്രസ് ട്രെയിൻ ഓടുന്നത്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഹൗറ : 033-26382217, ഖരഗ്പൂര്‍: 8972073925, ബാല്‍സോര്‍: 8249591559, ഷാലിമാര്‍: 9903370746