Fri. Nov 20th, 2026

✍️  ലിബി. സിഎസ്

‘ദൈവാധീനം ജഗത്സര്‍വ്വം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം.’- (ശതപഥ ബ്രാഹ്മണം)
മന്ത്രങ്ങളാൽ ദൈവ സങ്കൽപ്പങ്ങളെ പോലും നിയന്ത്രിക്കുന്ന ബ്രാഹ്മണ്യത്തിന്റെ മുന്നിൽ ജനാധിപത്യ സങ്കല്പങ്ങൾക്കോ ജനാധിപത്യ മൂല്യങ്ങൾക്കൊ ഒന്നും വിലയില്ല.

രാഷ്ട്രീയ കക്ഷികൾ എല്ലാവരും ആചാര സംരക്ഷകരായി മാറിയ കാലത്ത് ആർക്കാണ് ഇന്നലെയും ഇന്നുമായി നടന്ന ആചാരങ്ങളെയും കോപ്രായങ്ങളെയും വിമർശിക്കാൻ യോഗ്യത?

നമ്മുടെ പുനരുത്ഥാന കേരളത്തിൽ വരെ കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ‘തന്ത്രിക്ക് ജുഡീഷ്യൽ അധികാരം നൽകുന്ന ആചാരസംരക്ഷണ ബില്ല് ഉണ്ടാക്കി ഇലക്ഷനെ നേരിട്ടവർക്കോ?

ശബരിമലയിലെ അബ്രാഹ്മണ ശാന്തിനിയമനകേസിൽ ഹൈക്കോടതിയിൽ ഹർജിക്കാർക്കെതിരെ അഫിഡവിറ്റ് കൊടുത്ത് ആചാരം സംരക്ഷിച്ചവർക്കോ?

ബ്രാഹ്മണ പൗരോഹിത്യത്തെ പൂർണമായി തള്ളിപ്പറയാതെ ഒരു ജനാധിപത്യ വ്യവസ്ഥിതിയും നിലനിൽക്കുകയില്ല.


രാഷ്ട്രപതിയെ മാറ്റിനിർത്തിയതിലും ആചാരപരമായി ഒരു തെറ്റുമില്ല.

ദ്രൗപദി മുർമു ഒരു പട്ടികവർഗ്ഗ വനിത മാത്രമല്ല. അവർ ഒരു വിധവയും കൂടിയാണ്. ഹിന്ദു ആചാരപ്രകാരം ഭർത്താവ് മരണപ്പെട്ട സ്ത്രീകൾ സത്കർമ്മങ്ങളിൽ നിന്ന് അകറ്റി നിർത്തപ്പെടേണ്ടവരാണല്ലോ? വിധവകളെ കൊണ്ട് ശുഭകരമായ ചടങ്ങുകൾ ചെയ്യിക്കരുത് എന്നും വിധവകൾ ദു:ശകുനമാണ് എന്നതും വിശ്വാസത്തിൻറെ ഭാഗമാണ്. അയ്യരും അയ്യങ്കാരുമൊക്കെ ബ്രാഹ്മണരിൽത്തന്നെ ഏറ്റവും ആഢ്യബ്രാഹ്മണരാണ്‌. സീതാരാമയ്യർക്ക് പങ്കെടുക്കാമോ എന്ന ചോദ്യത്തിന് അതുകൊണ്ട് പ്രസക്തിയില്ല. തന്നെയുമല്ല അവർ വിധവയുമല്ല.


ബ്രാഹ്മണ ശ്രേഷ്ഠന്മാരുടെ കാർമികത്വത്തിൽ നടന്ന ഈ പാർലമെന്റ് ഉദ്‌ഘാടന ചടങ്ങിൽ ആചാരപരമായ യാതൊരു തെറ്റും ഞാൻ കാണുന്നില്ല! ഇത് കേവലം ബിജെപിയിൽ നിന്ന് തുടങ്ങിയതുമല്ല. ‘യഥാ രാജാ തഥാ പ്രജാഃ’ എന്നത് ജനധിപത്യത്തിൽ നേരെ തിരിച്ചാണ്. പൗരന്മാർക്ക് പറ്റിയ ഭരണാധികാരിയെ തന്നെയാണ് കിട്ടിയിട്ടുള്ളത്.

അസമത്വത്തിന്റെയും അനീതിയുടെയും അവഹേളനത്തിന്റെയും തിന്മകളെ നാം ആചാരങ്ങളായി തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കണം. ബ്രിട്ടീഷ് ആധിപത്യത്തിന് മുൻപ് ആചാരങ്ങൾ ലംഘിക്കുന്നവർ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ വിശ്വസ്ത ഗുണ്ടാ ഭൃത്യജനങ്ങളായിരുന്ന ശൂദ്രന്മാരാൽ കൊല്ലപ്പെടുകയോ ക്രൂരമായി അടിച്ചോടിക്കപ്പെടുകയോ ചെയ്യുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ഇതിന് കുറച്ചെങ്കിലും അറുതിയുണ്ടായത്. അത്തരത്തിൽ മഹത്തായ ഒരു സുവർണ്ണകാലത്തിലേക്കേല്ലേ പുനരുത്ഥാന കേരളം പോലും എത്തിപ്പെട്ടിരിക്കുന്നത്?

എല്ലാ ജനങ്ങളും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യവും കർത്തവ്യങ്ങളും ഉള്ള സാധാരണ പൗരന്മാരാണ് എന്ന ജനാധിപത്യ ബോധത്തിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ പോലും വളർന്നിട്ടില്ല.

ഇവിടുത്തെ ദളിത് പിന്നോക്ക ജനതയെ സംബന്ധിച്ചിടത്തോളം ഭയാനകമായ ഭാവിയെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ഈ പട്ടാഭിഷേക ദൃശ്യങ്ങൾ നൽകുന്നത്.

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാകാൻ ശ്രമിച്ചു പരാജയപ്പെട്ട രാജ്യമാണ്.