Tue. Nov 24th, 2026

ന്യൂഡല്‍ഹി: ലോറി ഡ്രൈവര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അറിയാന്‍ രാത്രി ലോറിയില്‍ സഞ്ചരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പരാതി കേള്‍ക്കുന്നതിന്റെ തുടര്‍ച്ചയായാണിത്.

ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്കാണ് അദ്ദേഹം ലോറിയില്‍ സഞ്ചരിച്ചത്. ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചുകേട്ടു. സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യം അറിയിച്ചത്.


ജോഡോ യാത്രയില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതുകള്‍, യുവാക്കള്‍, ഡെലിവറി ജീവനക്കാര്‍, തൊഴില്‍രഹിതര്‍, വനിതകള്‍ അടക്കമുള്ളവരുടെ പരാതികളും പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധി നേരിട്ട് കേട്ടിരുന്നു.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാഹുൽ ഗാന്ധിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. എന്തുചെയ്തും വോട്ട് നേടാനുള്ള ശ്രമമാണെന്ന് ചിലർ കുറ്റപ്പെടുത്തി. എന്നാൽ രാഹുലിൽ വ്യത്യസ്‌തമായ എന്തോ ഉണ്ടെന്ന് ചിലർ കമന്റ് ചെയ്തു. നിരവധി പേർ രാഹുൽ ഗാന്ധിയ്ക്ക് ജയ് വിളിച്ചു.