ദിസ്‌പൂർ: ‘ലേഡി സിങ്കം’, ‘ദബാംഗ് കോപ്’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ആസാം പൊലീസിലെ വനിതാ സബ് ഇൻസ്‌പെക്‌ടർ വാഹനാപകത്തിൽ കൊല്ലപ്പെട്ടു. മോരികൊലോംഗ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ് ഐ ജുൻമോനി രാഭ (30) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ നാഗോണിലെ സരുബുഗിയ ഗ്രാമത്തിൽവച്ച് ജുൻമോനി സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസമയം ജുൻമോനി കാറിൽ ഒറ്റയ്ക്കായിരുന്നു. പൊലീസ് യൂണിഫോമിൽ ആയിരുന്നില്ല. പുലർച്ചെ രണ്ടരയോടെ വിവരം ലഭിച്ചതിനെത്തുടർന്ന് പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി എസ് ഐയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
അതേസമയം, അപ്പർ ആസാമിലേയ്ക്ക് എസ് ഐ ഒറ്റയ്ക്ക് എന്തിനാണ് പോയതെന്ന് വ്യക്തമല്ല. കുടുംബത്തിനും ഇതേക്കുറിച്ച് വിവരമില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടു. അപകടം മുൻകൂട്ടി പദ്ധതി തയ്യാറാക്കിയ കൊലപാതകമാണെന്ന് ജുൻമോനിയുടെ മാതാവ് സുമിത്ര രാഭ പറഞ്ഞു. മകളുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും മകൾക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്ക് ശിക്ഷ നൽകണമെന്നുമാവശ്യപ്പെട്ട് ജുൻമോനിയുടെ മാതാവ് മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നൽകി. അപകടത്തിൽ സി ഐ ഡി അന്വേഷണം നടത്തും.
ക്രിമിനലുൾക്കുനേരെയുള്ള ശക്തമായ നടപടികൾ കൈകൊണ്ടതോടെയാണ് ജുൻമോനി പ്രശസ്തയായത്. എന്നാൽ പിന്നീട് അവർ സാമ്പത്തിക ക്രമക്കേടുകളിൽപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. ജുൻമോനിക്കെതിരെ പണത്തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോഴായിരുന്നു അപകടം. തിങ്കളാഴ്‌ച രാത്രി ജുൻമോനിയുടെ ക്വാർട്ടേഴ്‌സിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ ഒരു ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എന്നാലിത് ജുൻമോനിയുടെ മാതാവ് ബിസിനസിലൂടെ സമ്പാദിച്ച പണമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. മകളുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ഈ പണം തിരികെ നൽകണമെന്ന് മാതാവ് പൊലീസിനോട് ആവശ്യപ്പെട്ടു.
ക്രിമിനൽ ഗൂഢാലോചന, കൊള്ളയടിക്കൽ, കവർച്ച, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം നോർത്ത് ലഖിംപൂർ പൊലീസ് സ്റ്റേഷനിൽ മരിച്ച എസ്ഐക്കെതിരെ തിങ്കളാഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ആസാം ഡി ജി പി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ അഴിമതി കേസുമായി ബന്ധപ്പെട്ട് ജുൻമോനി അറസ്റ്റിലാവുകയും സസ്‌പെൻഷനിലാവുകയും ചെയ്തിരുന്നു. ബി ജെ പി എം എൽ എയുമായി ഫോണിലൂടെ നടന്ന വാക്കേറ്റം പുറത്തായതും ജുൻമോനിയെ വിവാദനായികയാക്കിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ജുൻമോനിയുടെ മൃതദേഹം ഗോഹട്ടിയിൽ സംസ്‌കരിച്ചു.


