Tue. Nov 24th, 2026

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതില്‍ ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് വലിയ പിഴവ് പറ്റിയെന്ന് സുപ്രീം കോടതി. ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിന് ആരും പിന്തുണ പിന്‍വലിച്ചിട്ടില്ലായിരുന്നു. പ്രതിപക്ഷമായ ബി ജെ പി വിശ്വാസ വോട്ടടെടുപ്പ് ആവശ്യപ്പെട്ടിരുന്നില്ല. അപ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയിതെന്നും സുപ്രിം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വം നല്‍കുന്ന ബഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.


വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സുപ്രീം കോടതി പറഞ്ഞത്. വിശ്വാസ വോട്ടെടുപ്പിന് കാരണമായ ഒന്നും മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നില്ല. തികച്ചും അനാവിശ്യമായാണ് ഗവര്‍ണ്ണര്‍ വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നത്തിച്ചത്. വിശ്വാസ വോട്ടെടുപ്പിനുള്ള നിര്‍ദേശം ചട്ടവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സര്‍ക്കാരിനുള്ള പിന്തുണ ആരും പിന്‍വലിച്ചിരുന്നില്ല. പാർട്ടിക്കുള്ളിലെ തര്‍ക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗോഗവാലെയെ വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്ന് പറഞ്ഞ കോടതി രാഷ്ട്രീയ പാര്‍ട്ടിയാണ് വിപ്പിനെ നിയമിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അതേ സമയം ഉദ്ദവ് താക്കാറേ സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ കഴിയില്ലന്നാണ് സുപ്രീം കോടതി പറഞ്ഞത്. കാരണം വിശ്വാസ വോട്ടെടുപ്പിന് നേരിടാതെ ഉദ്ദവ് താക്കറേ സര്‍ക്കാര്‍ രാജിവക്കുകയായിരുന്നു. രാജിവച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു. പതിനാറ് എം എല്‍ എ മാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ദവ് താക്കറേ വിഭാഗത്തിന്റെ ആവശ്യത്തിന് മേല്‍ സ്പീക്കര്‍ ഉടന്‍ നടപടിയെടുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.