Fri. Nov 20th, 2026

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനത്തിൽ ആതിര എന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരാഴ്ച മുമ്പാണ് എറണാകുളം കാലടി കാഞ്ഞൂരിൽ നിന്ന് ആതിരയെ കാണാതായത്. ആതിരയുടെ പക്കൽ നിന്ന് പലപ്പോഴായി വാങ്ങിയ 12 പവന്റെ ആഭരണം തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യത്താലാണ് കൊലപാതകമെന്ന് അറസ്റ്റിലായ സുഹൃത്ത് ഇടുക്കി ആനവെട്ടി സ്വദേശി പാപ്പനശേരി വീട്ടിൽ അഖിൽ മൊഴി നൽകി.

അങ്കമാലിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജീവനക്കാരി​യായ ആതി​രയും അവി​ടെ മീൻ സപ്ളൈ ചെയ്തി​രുന്ന അഖി​ലും ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുമ്പ് ജോലിക്ക് കയറിയ ആതിര സൂപ്പർമാർക്കറ്റി​ലെത്തി​യി​രുന്ന അഖിലുമായി ഇൻസ്റ്റഗ്രാമി​ലൂടെയാണ് കൂടുതൽ അടുപ്പത്തിലായത്. പരി​ചയം വളർന്നതോടെ ക്രിസ്മസിനും വിഷുവിനും കൂടുതൽ മീൻ സപ്ളൈ ചെയ്ത് വലി​യ ലാഭമുണ്ടാക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ആതിരയിൽ നിന്ന് പലപ്പോഴായി സ്വർണ്ണാഭരണം കൈക്കലാക്കിയത്. അടുത്തിടെ ആതിര ഇതെല്ലാം തിരികെ ചോദിച്ചു. ഇതാണ് അഖിലിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ആതിരയുടെ ശല്യം ഒഴിവാക്കാൻ പദ്ധതി ആസൂത്രണം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അതിരപ്പിള്ളിയിലേക്ക് വിനോദയാത്രപോകാമെന്ന് പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചു. സംഭവദിവസം ഫോൺ എടുക്കേണ്ടെന്ന് അഖിൽ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേദിവസം ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇതെല്ലാം കൊലപാതകം മുൻകൂട്ടി പദ്ധതിയിട്ടതിന്റെ തെളിവാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു.


ആതിരയെ അഖിൽ കാറിൽ കയറ്റിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് കേസിൽ നിർണായകമായത്. തുടർന്നുള്ള അന്വേഷണത്തിൽ അഖിലും ആതിരയും തമ്മിലുള്ള ഫോൺ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഏപ്രിൽ 29ന് വാടകയ്‌ക്കെടുത്ത കാറിൽ ആതിരയെ അഖിൽ അതിരപ്പിള്ളി ഭാഗത്തേക്ക് വിനോദയാത്രയ്‌ക്കെന്ന വ്യാജേന കൂടെക്കൂട്ടുകയായിരുന്നു. മടക്കയാത്രയിൽ തുമ്പൂർമുഴിയിലെ പത്തേ ആർ എന്ന സ്ഥലത്ത് കാട്ടിലേക്ക് കയറ്റിക്കൊണ്ടുപോയി. ഇവിടെ വച്ച് ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്താൻ മൂക്കും വായും പൊത്തിപ്പിടിച്ചുവെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. പാറയിടുക്കിലേക്ക് മാറ്റിയിട്ട് മൃതദേഹം ചവറിട്ടു മൂടിയ അഖിൽ കാടിറങ്ങി വന്ന് കാറിൽ കയറി തിരിച്ചു പോയി.


പെരുമ്പാവൂരിലെ സ്വകാര്യ കോളേജിൽ ബി.കോം പഠനം പൂർത്തിയാക്കിയിട്ടുണ്ട് ആതിര. മാതാവ് വർഷങ്ങൾക്കുമുമ്പേ ആത്മഹത്യ ചെയ്തു. രണ്ടാനമ്മയും കുറച്ചുനാൾമുമ്പ് കാൻസർ ബാധിച്ച് മരിച്ചു. സഹോദരൻ മയക്കുമരുന്നു കേസിൽ ജയിലിലാണ്. ആതിരയുടെ രണ്ടു പെൺമക്കളും എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ്. അഖിൽ അങ്കമാലി ഓലിയം കപ്പേളയ്ക്കു സമീപത്തെ വാടകവീട്ടിലാണ് ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. ‘അഖിയേട്ടൻ’ എന്ന ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി റീൽസ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്സുമുണ്ട്.