തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മന്ത്രി പി രാജീവ്. വിവാദം പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറും പുകമറമാത്രമാണെന്ന് പറഞ്ഞ മന്ത്രി, ഉപകരാര്‍ എടുത്ത കമ്പനി ഹോട്ടലില്‍ താമസിച്ചതിന് ആര്‍ക്കെങ്കിലും പണം നല്‍കാനുണ്ടെന്നുള്ള രേഖയ്ക്ക് മറുപടി നല്‍കണം എന്ന് പറഞ്ഞാല്‍ എന്ത് മറുപടി നല്‍കുമെന്നും ചോദിച്ചു.
‘സർക്കാർ ഒരുരൂപപോലും ചെലവഴിക്കാത്ത പദ്ധതിയാണ്.256 കോടിയുടെ കരാർ തുക ക്യാമറയ്ക്ക് മാത്രമല്ല. സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പടെ 146 ഓളം വരുന്ന ജീവനക്കാരുടെ അഞ്ചുവർഷത്തെ ശമ്പളം, മറ്റുസാങ്കേതികതകൾ, നിയമലംഘനം നടത്തുന്നവർക്ക് പോസ്റ്റുവഴി നോട്ടീസ് നൽകുന്നതിനുള്ള ചെലവ്, നികുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിബില്‍ എന്നിവയെല്ലാം ചേര്‍ത്താണ് കരാര്‍.കെൽട്രോൺ നടത്തിയിട്ടുള്ള നടപടികൾ റിപ്പോർട്ട് ലഭിച്ചതിന് ശേഷം പരിശോധിക്കും. മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധം എന്നുപറഞ്ഞ് ആരോപണം ഉന്നയിക്കുന്നിതിന്റെ അടിസ്ഥാനം എന്തെന്ന് മനസിലാകുന്നില്ല. ടെൻഡറിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെ’- മന്ത്രി പറഞ്ഞു.
നീതിന്യായ വ്യവസ്ഥയ്ക്കെതിരെ രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും പി രാജീവ് കുറ്റപ്പെടുത്തി. ‘ചെന്നിത്തല കൊടുത്ത ഹർജികൾ താക്കോലിട്ട് പൂട്ടി ചീഫ് ജസ്റ്റിസ് നടക്കുകയായിരുന്നു എന്നുപറഞ്ഞാൽ നീതിന്യായ വ്യവസ്ഥയ്ക്കെതിരെ അതിഗുരുതരമായ പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്നത് അതീവ ഗൗരവമായ കുറ്റമാണ്. ഞങ്ങളായിരുന്നു ഈ പരാമർശം നടത്തിയിരുന്നു എങ്കിൽ മാദ്ധ്യമങ്ങളുടെ പ്രതികരണം എന്തായിരിക്കും’- മന്ത്രി രാജീവ് ചോദിച്ചു.
കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാൽ ഹൈക്കോടതിയിൽ നിന്നുണ്ടായ നടപടി വേദനാജനകമായിരുന്നു എന്നുമാണ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. ‘നിലവിലുള്ള പല ജഡ്ജിമാരോടും എനിക്ക് ബഹുമാനമുണ്ട്. പക്ഷേ, ചീഫ് ജസ്റ്റിസായിരുന്ന മണികുമാര്‍ എന്റെ കേസ് മുന്നില്വന്നിട്ട് അത് പെട്ടിയില്‍വെച്ച് താക്കോലുമായി നടക്കുകയായിരുന്നു. സ്പ്രിംക്ളര്‍ കേസില്‍ അഴിമതിയാരോപണമാണ് ഉന്നയിച്ചത്. പാവപ്പെട്ട രോഗികളുടെ പണം തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരേ ഞാന്‍ കൊടുത്ത എട്ടോ ഒമ്പതോ കേസുകള്‍ പൊതുതാത്പര്യമാണ്. വ്യക്തിപരമായ വിഷയങ്ങളല്ല. അതിലൊന്നില്‍പോലും റിട്ട. ചെയ്ത ചീഫ് ജസ്റ്റിസ് നടപടിയെടുത്തില്ല’ എന്നാണ് ചെന്നിത്തല പറഞ്ഞത്.


