കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ സി പി എം പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ പ്രവീൺ കുമാറാണ് കൂറുമാറിയത്. കേസിലെ ഒന്നാം പ്രതി ജോളി, നാലാം പ്രതി മനോജ് എന്നിവർക്ക് അനുകൂലമായി ഇയാൾ മൊഴി നൽകി. ഇതാദ്യമായാണ് കൂടത്തായി കേസിൽ ഒരാൾ കൂറുമാറുന്നത്.
കേസിൽ 46 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇവരിൽ ജോളിയുടെ സഹോദരന്മാർ അടക്കം പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്. കൊല ചെയ്തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങള്‍ മൊഴി നല്കി. എന്‍.ഐ.ടിയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് പിതാവിന്റെ കയ്യില്‍ നിന്ന് ജോളി രണ്ടുലക്ഷം രൂപ വാങ്ങിയെന്നും ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നുമായിരുന്നു മൊഴി.
നാലാം പ്രതിയായ മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസർ സാക്ഷിയാണ് പ്രവീൺ കുമാർ. പൊലീസ് പറഞ്ഞത് പ്രകാരമാണ് ഒപ്പിട്ടതെന്നും പൊലീസ് പറയുന്നിടത്തെല്ലാം താൻ ഒപ്പിടാറുണ്ടെന്നുമാണ് പ്രത്യേക വിചാരണ കോടതിയിൽ പ്രവീൺ കുമാർ മൊഴി നൽകിയത്.
അടുത്തിടെ കേസുമായി ബന്ധപ്പെട്ട് ദേശീയ ഫോറൻസിക് ലാബിന്റെ പരിശോധനാ വിവരങ്ങൾ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ടവരിൽ അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, രണ്ടര വയസുകാരി ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ മറ്റ് വിഷാംശമോ കണ്ടെത്താനായില്ല. അതേസമയം, കൊല്ലപ്പെട്ട റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ മുൻപ് സയനൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
<p>2002 മുതൽ 2014 വരെയുള്ള കാലയളവിലാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആറുപേർ കൊല്ലപ്പെട്ടത്. 2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2019ലാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചത്. ശേഷം ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.


