Sun. Jul 26th, 2026

 ✍️  ചന്ദ്രപ്രകാശ്.എസ്.എസ്

കരിയും, കരിമരുന്നും ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഗുരുവിൻ്റെ നാട്ടിൽ ഇപ്പോൾ നടക്കുന്നത് കരിപൂരവും, കരിമരുന്നുപൂരവും. ഗുരുവിൻ്റെ ഏതെങ്കിലും വാക്കുകൾക്ക് നാം വില കല്പിച്ചിട്ടുണ്ടോ? അതുതന്നെ ഇക്കാര്യത്തിലും. അതിൻ്റെ ഫലമാണ് കരിയും കരിമരുന്നും ഉണ്ടാക്കുന്ന സമീപകാല ദുരന്തങ്ങൾ.

രണ്ടുദിവസമായി കേരളത്തിൽ അരിക്കൊമ്പൻ എന്ന ആനയെ മയക്കുവെടി വച്ച് തളച്ച് നാടുകടത്തിയ ഓപ്പറേഷനാണ് ചർച്ച. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി എന്നാണ് ഇപ്പോൾ അറിയുന്നത്. അതേ സമയം, ചരിത്രത്തിലുടനീളം മനുഷ്യരുടെ ഭാഗത്തുനിന്ന് ഒരുവശത്ത് സ്നേഹവും, മറുവശത്ത് വലിയ ക്രൂരതകളും അനുഭവിക്കേണ്ടി വന്നിട്ടുള്ള മിണ്ടാപ്രാണികളായ ജീവികളാണ് ആനകൾ. ചിലയിടങ്ങളിൽ ആനകളെ ആളുകൾ ആരാധനയ്ക്കും ഘോഷയാത്രകൾക്കും,മനുഷ്യന് അസാദ്ധ്യമായ ജോലികൾ ചെയ്യിച്ചും ഉപയോഗിച്ച് കണ്ടപ്പോൾ മറുവശത്ത് സർക്കസ് കൂടാരങ്ങളിൽ ദുരിതമനുഭവിച്ച നിരവധി ആനകളുമുണ്ട്. അത്തരത്തിൽ സർക്കസ് ചരിത്രത്തിൽ നോവായി മാറിയ ആനയാണ് ബിഗ് മേരി.


സംഗീതോപകരണങ്ങൾ വായിച്ചും, പന്ത് തട്ടിക്കളിച്ചും, വലയിലാക്കിയും, ഇടക്കിടെ തല കുലുക്കിയും, ബേസ്ബോൾ കളിച്ചും, മറ്റ് രസകരമായ വിനോദങ്ങളിൽ ഏർപ്പെട്ടും അവൾ കാണികളെ രസിപ്പിച്ചു. കമ്പനിയുടെ ഏറ്റവും വലിയ ആകർഷണമായിരുന്നു വർഷങ്ങളോളം മേരി എന്ന ബിഗ് മേരി. അമേരിക്കയിലെ സർക്കസ് കമ്പനിയായ സ്പാർക്സ് വേൾഡ് ഫേമസിന്റെ ഷോകളിലെ പ്രധാന താരമായിരുന്നു അവൾ. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിച്ച് പലവിധ പ്രകടനങ്ങൾ കാഴ്ച വച്ച് അവൾ കാണികളെ രസിപ്പിച്ചു.

1916 സെപ്തംബർ 12- ഈ ദിവസം മേരിയുടെ വിധി മറ്റൊന്നായി. ചാർലി സ്പാർക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്പാർക്ക്സ് വേൾഡ് ഫേമസ് ഷോകളിൽ എട്ടാം വയസ്സുമുതൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ തുടങ്ങിയതാണ് മേരി. നാലു വയസ്സുള്ളപ്പോഴാണ് സ്പാർക്കിന്റെ പിതാവ് ചാർലി മേരിയെ വിലയ്ക്ക് വാങ്ങിയത്. ചാർലിയും ഭാര്യ ആഡി മിച്ചലും സ്വന്തം കുട്ടിയെപ്പോലെയാണ് അവളെ വളർത്തിയത്. അവരാണ് അവൾക്ക് ബിഗ് മേരി എന്ന് പേരിട്ടത്. അഞ്ച് ടൺ ഭാരമുണ്ടായിരുന്ന ഏഷ്യൻ ആനയായ മേരിയ്ക്ക്,സർക്കസിൽ അവരുടെ എതിരാളിയായ ബാർനം ആൻ്റ് ബെയ്‌ലിയുടെ സർക്കസ് ആനയേക്കാൾ മൂന്ന് ഇഞ്ച് ഉയരം കൂടുതലുണ്ടായിരുന്നു. ‘ആനപ്രേമി’ കളുടെ ഭാഷയിൽ പറഞ്ഞാൽ ലക്ഷണമൊത്ത നല്ല ‘ആനച്ചന്ത’മുള്ള പിടിആന.

കമ്പനിയുടെ ഏറ്റവും വലിയ ആകർഷണവും, കണ്ണിലുണ്ണിയുമായിരുന്നു മേരി. വർഷങ്ങൾ നീണ്ട പ്രകടനത്തിനിടയിൽ അവൾ നിരവധി കാണികളെ സ്പാർക്കിന്റെ ഷോകളിലേക്ക് ആകർഷിച്ചു. മേരിയെ കാണാൻ വേണ്ടി മാത്രം ഷോയ്ക്ക് വരുന്ന നിരവധി ഫാൻസുകളെ സൃഷ്ടിച്ചെടുക്കാൻ അവൾക്കായി.
ഒരു സ്ഥലത്തെ സർക്കസ് അവസാനിച്ചപ്പോൾ സംഘം വിർജീനിയയിലേക്ക് യാത്രയായി. അതോടെയാണ് മേരിയ്ക്ക് തീർത്തും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായത്.


സ്പാർക്ക് കമ്പനിയുടെ വിർജീനിയയിലേക്കുള്ള വരവിനെ തുടർന്ന് വാൾട്ടർ എൽ‌ഡ്രിഡ്ജ് എന്ന് പേരുള്ള ഒരു ഹോട്ടൽ ജീവനക്കാരൻ കമ്പനിയിൽ ആനകളെ നോക്കുന്ന ഒരു ജോലിക്കായി അപേക്ഷിച്ചു. അതു വരെ ഹോട്ടൽ ജോലി ചെയ്തിരുന്ന അയാൾക്ക് ആനപരിപാലനത്തിൽ പരിചയക്കുറവ് ഉണ്ടായിരുന്നിട്ടും, സർക്കസ് കമ്പനി എൽഡ്രിഡ്ജിനെ ഒരു അസിസ്റ്റൻ്റ് ആന കീപ്പറായി നിയമിച്ചു. ആനയ്ക്ക് തീറ്റയും വെള്ളവും എത്തിച്ചു കൊടുക്കുക, അവയെ കുളിപ്പിക്കുക, മാറ്റിക്കെട്ടുക എന്നിവയൊക്കെയായിരുന്നു അയാളുടെ ജോലി. ക്രമേണ, മൃഗങ്ങളെ കൈകാര്യം ചെയ്യാൻ സർക്കസിലെ പരിചയസമ്പന്നരായ ജീവനക്കാർ എൽ‌ഡ്രിഡ്ജിന് ട്രെയിനിംഗ് കൊടുത്തു. ടെന്നസിയിലെ കിംഗ്സ്‌ പോർട്ടിൽ ഒരു ഷോയ്‌ക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് മേരിയുടെ ജീവിതം മാറ്റിമറിച്ച് മരണത്തിലേക്ക് അടുപ്പിച്ച ഈ സംഭവം ഉണ്ടാകുന്നത്.

വെള്ളം കൊടുക്കാനായി കൊണ്ടുപോകാൻ എൽ‌ഡ്രിഡ്ജ് മേരിയുടെ മുകളിൽ ഇരുപ്പുറപ്പിച്ചു. അവളെ നടത്തിച്ചു പോകുന്നതിനിടയിൽ ഒരു തണ്ണിമത്തൻ മേരിയുടെ ശ്രദ്ധയിൽ പെട്ടു. അവളത് തുമ്പികൈ കൊണ്ട് എടുക്കാൻ ശ്രമിച്ചു. ആ പ്രവൃത്തി എൽഡ്രിഡ്ജിന് ഇഷ്ടപ്പെട്ടില്ല. മേരിയെ ഉപദ്രവിക്കാൻ പാടില്ലെന്ന ഉത്തരവുകൾ ലംഘിച്ച് അയാൾ അവളെ തോട്ടി കൊണ്ട് ചെവിയിൽ കൊളുത്തി വലിച്ചു. കൊളുത്ത് അവളുടെ മാംസത്തിൽ ആഴത്തിൽ തുളച്ചു കയറി. വേദനകൊണ്ട് പുളഞ്ഞ മേരിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു. ശരീരം വേദനിച്ചാൽ പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതക്കാരാണല്ലോ ആനകൾ. മേരി, എൽഡ്രിഡ്ജിനെ കുടഞ്ഞ് താഴെയിട്ട്, തുമ്പിക്കൈകൊണ്ട് അയാളെ തൂക്കിയെടുത്ത് വായുവിലേക്ക് ഉയർത്തി വലിച്ചെറിഞ്ഞ് നൊടിയിടകൊണ്ട് അയാളുടെ തല ചവിട്ടിച്ചതച്ചു. തൽക്ഷണം അയാൾ മരണത്തിന് കീഴടങ്ങി.

അതോടെ ജനം ഇളകിമറിഞ്ഞു. കിംഗ്സ്‌പോർട്ട് പട്ടണം ഒന്നാകെ എൽ‌ഡ്രിഡ്ജിന്റെ മരണത്തിന് നീതിയാവശ്യപ്പെട്ടു. ഒരു കാഴ്ചക്കാരൻ വെടിവയ്ച്ച് മേരിയെ കീഴടക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ, ആൾക്കൂട്ടം കൂടുതൽ പ്രകോപിതരായി. ഒടുവിൽ “മേരിയെ കൊല്ലണം”എന്ന് ജനക്കൂട്ടം ആർത്തുവിളിച്ചു. കമ്പനി മേരിയെ ചങ്ങലയ്ക്കിട്ടു. അത് കാണാൻ കൂടുതൽ കാഴ്ചക്കാർകൂടി. അവരെല്ലാം ഒറ്റ സ്വരത്തിൽ അലറിവിളിച്ചു.”മേരി കൊല നടത്തി” “കൊലപാതകി മേരി.” അതോടെ ബിഗ് മേരി മർഡർ മേരിയായി. വാർത്ത കാട്ടുതീപോലെ അതിവേഗം പ്രചരിച്ചു.


അന്ന് വൈകുന്നേരം തൊട്ടടുത്തുള്ള പട്ടണമായ എർവിനിൽ സ്പാർക്സിന് ഒരു ഷോ ഉണ്ടായിരുന്നു. മേരിയെ കൊല്ലാതെ സർക്കസ് കമ്പനിയെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജനക്കൂട്ടം ഒന്നടങ്കം പറഞ്ഞു. അവസാനം തങ്ങളുടെ പ്രിയപ്പെട്ട മേരിയെ കൊല്ലാൻ കമ്പനിയ്ക്ക് മനസ്സില്ലാമനസ്സോടെ തീരുമാനമെടുക്കേണ്ടി വന്നു. വർഷങ്ങളായി മേരിയുമായുണ്ടായിരുന്ന അതിവൈകാരിക ബന്ധം അവസാനിപ്പിക്കാൻ കമ്പനി ഉടമ നിർബന്ധിതനായി. കമ്പനിയുടെ തുടർന്നുള്ള നിലനിൽപ്പിനായി അദ്ദേഹത്തിന് അത് ചെയ്യേണ്ടിവന്നു. പരസ്യമായി വധശിക്ഷ നടപ്പാക്കാൻ കമ്പനി ഉടമ തീർച്ചപ്പെടുത്തി.

അതേസമയം ഇത്ര വലിയ തൂക്കമുള്ള ആനയെ എങ്ങനെ വധിക്കും എന്നത് അവരെ കുഴപ്പിച്ചു. വെടിയുണ്ട മുതൽ ട്രെയിനുപയോഗിച്ചുള്ള കൊലവരെ പലരും നിർദ്ദേശിച്ചു. അങ്ങനെ പലവിധ കൊലപാതക പദ്ധതികളും ചർച്ച ചെയ്യപ്പെട്ടു. ഒടുവിൽ മേരിയെ തൂക്കിലേറ്റാൻ തീരുമാനിച്ചു. ഇതോടെ അവളുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നവർക്ക് തൃപ്തിയായി.

അടുത്ത ദിവസത്തേക്ക് തൂക്കിക്കൊല മാറ്റിവച്ചു. റെയിൽ‌വേ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ക്രെയിനിൽ അവളെ കെട്ടിത്തൂക്കാൻ തീരുമാനമായി. തൂക്കുമരത്തിലേക്ക് മേരിയെ ആനയിച്ചു. സർക്കസ് ഷോകളിൽ അതൊരു പുതിയ ഐറ്റമാണെന്ന് ആ പാവം ചിന്തിച്ചിരിക്കാം. അവൾ പതിവുരീതിയിൽ കാണികളെ അഭിവാദ്യം ചെയ്ത് സലാം വച്ചു. കമ്പനി മുതലാളി സലാം മടക്കി. ജീവനക്കാർ അവളുടെ കഴുത്തിൽ ഒരു ചങ്ങല ഘടിപ്പിച്ചു. ചങ്ങളുടെ മറ്റേഭാഗം ക്രെയിനിലും ബന്ധിച്ചു. ചങ്ങല അവളെ വായുവിലേക്ക് ഉയർത്തി.


എന്നാൽ, അഞ്ചടി ഉയർന്നപ്പോഴേക്കും ചങ്ങല പൊട്ടി ആന നിലംപതിച്ചു. വലിയ ശബ്ദത്തോടെ അവളുടെ ഇടുപ്പെല്ല് തകർന്നു. വേദന കൊണ്ട് അവൾ പുളഞ്ഞ് കിടക്കുമ്പോൾ ജോലിക്കാർ അവളുടെ കഴുത്തിൽ രണ്ടാമതും പുതിയ ചങ്ങല കെട്ടി. എന്നിട്ടവളെ ഒരിക്കൽ കൂടി വായുവിൽ ഉയർത്തി. ആ ശരീരം അനക്കമറ്റു.

‘കൊലപാതക’ മേരിയുടെ സങ്കടകരമായ ഈ ദുരന്തകഥ ലോകത്ത് ഒറ്റപ്പെട്ട ഒന്നല്ല. തൂക്കിലേറ്റിയില്ലെങ്കിലും ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ വർഷാവർഷം ലോകത്തിൻ്റെ പല കോണുകളിലും ആനകൾ പരിതാപകരമായ സാഹചര്യത്തിൽ കഷ്ടപ്പെട്ട് ചെരിയുന്നു. മേരിയുടെ കൊല മൃഗങ്ങളുടെ അവകാശങ്ങൾക്കും, ക്ഷേമത്തിനും വേണ്ടി നടന്നുകൊണ്ടിരിക്കുന്ന മൃഗസ്നേഹികളുടെ പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.
(ഫോട്ടോ – പ്രതികാത്മകം)