Fri. Nov 20th, 2026

കോഴിക്കോട്: മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഏപ്രിൽ 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എ്നാൽ തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്‌ടമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില അൽപം മുമ്പ് വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം.


1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയ ജനിച്ചത്. വിദ്യാർത്ഥിയ ആയിരിക്കുമ്പോൾ തന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു. തുടർന്ന് നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തി. അന്യരുടെ ഭൂമി ആയിരുന്നു ആദ്യ സിനിമ. 1979ൽ സിബി മലയിൽ സംവിധാനം ചെയ‌്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. മോഹൻലാൽ നായകനായ ഈ ചിത്രത്തിലെ അറബിക് മുൻഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടർന്നങ്ങോട്ട് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ.

250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യനായിരുന്നു മാമുക്കോയ. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്.