Sun. Nov 22nd, 2026

ന്യൂഡൽഹി: എസ് എൻ സി ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ചു. ബെഞ്ചിലെ മലയാളി ജഡ്ജി സി.ടി.രവികുമാര്‍ പിന്മാറിയതിനെ തുടർന്നാണ് ഇത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ ഇതേ കേസിലെ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് സി ടി രവികുമാർ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് പിന്മാറി. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ചതിനുശേഷമായിരുന്നു നടപടി. ജസ്റ്റിസുമാരായ എം ആർ ഷാ, മലയാളിയായ സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്‌ലിൻ കേസ് ഇന്നുവീണ്ടും പരിഗണിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും ഏറെ നിർണായകമായേക്കാവുന്ന കേസാണ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിച്ചതിനുശേഷം മാറ്റിവച്ചത്. ഇരുപത്തിയൊന്നാം കേസായി ലിസ്‌റ്റ് ചെയ്‌തിരുന്ന കേസ് മുപ്പത്തിമൂന്നാമത്തെ തവണയാണ് കോടതി പരിഗണിക്കുന്നത്. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിച്ചത്. ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് എം.ആർ.ഷാ മേയ് 15ന് വിരമിക്കും.


പനിബാധിതനാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റണമെന്നും ആവശ്യപ്പെട്ട് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകനും കത്ത് നൽകിയിരുന്നു. സി ബി ഐയുടെ സൗകര്യക്കുറവ് കാരണവും പലതവണ വാദം കേൾക്കൽ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി ബി ഐ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. 2018 ജനുവരി 11നാണ് കേസിൽ സുപ്രീംകോടതി നോട്ടീസയച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 32 തവണ കേസ് മാറ്റി‌വച്ചു.