അഹമ്മദാബാദ്: നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ കുറ്റക്കാരാനാണെന്ന് വിധിച്ച കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹരജി സൂറത്തിലെ സെഷൻസ് കോടതി തള്ളി. കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചതിനാൽ രാഹുലിന്റെ എം പി സ്ഥാനത്തുള്ള അയോഗ്യത നിലനിൽക്കും. കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലിൽ ഈ മാസം 13ന് വാദം കേട്ട അഡീഷനൽ സെഷൻസ് ജഡ്ജി ആർ പി മൊഗേര ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി മാർച്ച് 23നാണ് രാഹുലിനെ മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. പിറ്റേന്ന് തന്നെ ലോക്സഭാ സെക്രട്ടേറിയറ്റ് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉത്തരവിറക്കി. പിന്നാലെ വസതി ഒഴിയാനുള്ള നോട്ടീസും നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 (അപകീർത്തിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരമുളള പരമാവധി ശിക്ഷയാണ് കീഴ്ക്കോടതി രാഹുലിനെതിരെ വിധിച്ചത്.
കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ഈ മാസം മൂന്നിനാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ശിക്ഷ സ്റ്റേ ചെയ്യുന്നതിനും കുറ്റം റദ്ദാക്കുന്നതിനും വെവ്വേറെ ഹരജികൾ അന്ന് രാഹുലിന് വേണ്ടി അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത കോടതി, കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന ഹരജിയിൽ പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാറിനും നോട്ടീസ് അയച്ചു. കഴിഞ്ഞയാഴ്ച ഇരു കക്ഷികളെയും കേട്ട ശേഷമാണ് ഉത്തരവ് പറയാനായി ഇന്നേക്ക് മാറ്റിയത്.
“എല്ലാ കള്ളന്മാർക്കും മോദി എന്ന പൊതുനാമം എങ്ങനെ വന്നു?’ എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയെ ഉന്നംവെച്ച് രാഹുൽ ഈ പ്രസംഗം നടത്തിയത്.


