Sat. Nov 21st, 2026

തിരുവനന്തപുരം: പത്തനംതിട്ട കോട്ടയിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നും വനിത ശിശുവികസന വകുപ്പിന് കൈമാറിയെന്നും മന്ത്രി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിനന്ദനമറിയിക്കുകയും ചെയ്തു.


പോസ്റ്റിന്റെ പൂർണരൂപം:

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും… പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആരോഗ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കും.

കുഞ്ഞിന്റെ പരിചരണത്തിനായി കെയര്‍ ഗിവറുടെ സേവനം നേരത്തെ ലഭ്യമാക്കിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചാണ് വിദഗ്ദ്ധ ചികിത്സ നല്‍കിയത്. കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിനന്ദനമറിയിക്കുന്നു.

കോട്ട സ്വദേശിനിയാണ് ഏപ്രിൽ നാലിന് വീട്ടിൽ പ്രസവശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഇട്ടത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു യുവതി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്തമകൻ വെളിപ്പെടുത്തുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധനയ്ക്കിടെ കുളിമുറിയിൽ നിന്ന് ശിശുവിന്റെ കരച്ചിൽ കേട്ടു. തുടർന്ന് ഒരു നിമിഷം പോലും പാഴാക്കാതെ എസ്ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി ഓടുകയും പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നൽകി നടപടിക്രമം പൂർത്തികരിച്ച ശേഷം നവജാതശിശുവിനെ പൊലീസ് കൂട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. നവജാത ശിശുവിന്റെ ജീവൻ തിരിച്ചുപിടിക്കുവാൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. ഓമല്ലൂർ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രമായ തണലിലെ രണ്ടു വനിതകളാണ് കുട്ടിയെ പരിചരിച്ചത്‌.