Sun. Aug 9th, 2026

ലക്നൗ: ഉത്തർപ്രദേശിൽ അതീഖ് അഹമ്മദിനെയും സഹോദരനെയും വധിച്ച കേസിലെ മുഖ്യപ്രതിയായ ലവ്‌ലേഷ് തിവാരിക്ക് റിപ്പോർട്ടിംഗിൽ പരിശീലനം നൽകിയ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ബാംദയിൽ നിന്നാണ് ഇവർ പിടിയിലായത്. മൂവരും ഒരു പ്രാദേശിക വെബ്‌സൈറ്റിനുവേണ്ടി ജോലിചെയ്യുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. ഒരു വാർത്ത എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നും ദൃശ്യങ്ങൾ പകർത്തേണ്ടതെങ്ങനെയെന്നും പ്രതികൾ ലവ്‌ലേഷിനെ പഠിപ്പിച്ചിരുന്നു. കൂടാതെ ക്യാമറ വാങ്ങാനും ഇവർ സഹായം ചെയ്തിരുന്നു. അറസ്റ്റിലായവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇത് പൂർത്തിയായാലേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച പ്രയാഗ്രാജിലെ ആശുപത്രിക്ക് മുന്നിൽ വച്ചാണ് മാദ്ധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ അതീഖിനെയും സഹോദരനെയും വധിച്ചത്. മെഡിക്കൽപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ അക്രമികൾ ഇരുവരോടും ചോദ്യങ്ങൾ ചോദിക്കുകയും തൊട്ടടുത്തുനിന്ന് വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ ഇരുവരും തൽക്ഷണം മരിച്ചു. മൂന്നുപ്രതികളെയും പൊലീസ് ഉടൻതന്നെ പിടികൂടുകയും ചെയ്തു. ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി സിംഗ് എന്നിവരാണ് പിടിയിലായത്.


പ്രശസ്തിക്കുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കുപ്രസിദ്ധ ഗുണ്ടയായ ലോറന്‍സ് ബിഷ്‌ണോയിയുടെ വീഡിയോകളാണ് കൊലപാതകങ്ങൾക്ക് പ്രേരകമായതെന്നും ഇവർ പറഞ്ഞു. എന്നാൽ ഇരുവരെയും കൊന്നത് അധികൃതരുടെ അറിവോടെയാണെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തൽ യഥാർത്ഥ വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. രണ്ടുപേരെ കൊലപ്പെടുത്തിയിട്ടും അക്രമികൾക്കുനേരെ പൊലീസ് വെടിയുതിർക്കാത്തതും രാത്രി മെഡിക്കൽപരിശോധനയ്ക്ക് കൊണ്ടുപോയതുമാണ് ഏറെ വിമർശനത്തിന് ഇടയാക്കുന്നത്. പ്രതികളെ വാഹനത്തിൽ ആശുപത്രിയ്ക്കുള്ളിലേക്ക് എത്തിക്കാമെന്നിരിക്കെ പുറത്തിറക്കി നടത്തിച്ചത് എന്തിനാണെന്നും വിമർശകൾ ചോദിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിൽ അതീഖ് അഹമ്മദിന്റെ മകൻ അസദ് അടുത്തിടെ കൊല്ലപ്പെട്ടിരുന്നു..

അതിനിടെ, അതീഖ് അഹമ്മദിന്റെ ഭാര്യ ഷെയ്‌സ്ത പര്‍വീണിനെ കണ്ടെത്താനാകാത്തത് പൊലീസിന് പുതിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഉമേഷ് പാല്‍ കൊലക്കേസില്‍ പ്രതിയായ ഷെയ്‌സ്ത ദിവസങ്ങളായി ഒളിവിലാണ്. ഇവർ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡ്രോൺ അടക്കം ഉപയോഗിച്ചായിരുന്നു തിരച്ചിൽ.