കൊല്ലം: ഉറങ്ങിക്കിടന്ന 11 വയസുകാരനെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ പിടിയിൽ. ചിതറ കുറക്കോട് സ്വദേശിയായ രാജേഷ് ആണ് അറസ്‌റ്റിലായത്. രാജേഷ് നിരന്തരം മകനെ തല്ലാറുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളും പരാതി നൽകിയിട്ടുണ്ട്. രാജേഷിന്റെ നിരന്തര ഉപദ്രവം സഹിക്കാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പൊലീസ് അറിയിച്ചു.
രാവിലെ ഉറക്കത്തിലായിരുന്ന മകനോട് എഴുന്നേറ്റ് ‘ജോലിക്ക് പോടാ’ എന്നലറിക്കൊണ്ടാണ് രാജേഷ് മുഖത്തടിച്ചത്. അടിയേറ്റ് നിലത്തുവീണ പതിനൊന്നു വയസുകാരനെ രാജേഷിന്റെ മാതാപിതാക്കൾ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതിയും നൽകി. കുട്ടിയുടെ കണ്ണിനും ചുണ്ടിനുമാണ് പരിക്ക്.
രാജേഷിനെ ഭയന്നാണ് വീട്ടിൽ കഴിയുന്നതെന്നും, ഏതു നിമിഷവും മകൻ തങ്ങളെ കൊല്ലാമെന്ന് ഇയാളുടെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വർക്ക്‌ഷോപ്പ് ജീവനക്കാരനായ രാജേഷിന്റെ നിരന്തരമായ ഉപദ്രവത്തെ തുടർന്നാണ് ഭാര്യ ഉപേക്ഷിച്ചത്. തുടർന്ന് കുട്ടിയെ രാജേഷിന്റെ മാതാപിതാക്കളാണ് നോക്കിവന്നത്.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജുവനൈൽ ജസ്‌റ്റിസ് ആക്‌ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


