കോഴിക്കോട്: പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കർണാടക ബന്ധമുള്ള ക്വട്ടേഷൻ സംഘമെന്ന് വ്യക്തമാക്കി പൊലീസ്. അറസ്റ്റിലായ നാലുപേർക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഷാഫിയെ ക്വട്ടേഷൻ സംഘം മൈസുരുവിൽ വച്ചാണ് വിട്ടയച്ചത്. അന്വേഷണം ശരിയായ ദിശയിലായപ്പോഴാണ് ഷാഫിയെ വിട്ടയച്ചത്. സ്വർണക്കടത്ത് ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കണ്ണൂർ റേഞ്ച് ഡി.ഐ.ജി വിമലാദിത്യ പറഞ്ഞു.
ഇന്ന് രാവിലെയാണ് ഷാഫി മൈസുരുവിൽ ഉള്ളതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ മൈസുരുവിലേക്കുള്ള ബസിൽ കയറ്റിവിടുകയായിരുന്നു, മൈസുരുവിലെത്തിയ കുടുംബാംഗങ്ങൾ ഷാഫിയെ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു. താമരശേരിയിൽ എത്തിച്ച ഷാഫിയെ കൊയിലാണ്ടിയിൽ വച്ച് അന്വേഷണസംഘം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് വടകര എസ്.പി ഓഫീസിൽ എത്തിച്ചു.
രണ്ടര മണിക്കൂർ നീണ്ട വിശദമായ മൊഴിയെടുപ്പിന് ശേഷം ഷാഫിയുമായി അന്വേഷണ സംഘം തിരികെ താമരശ്ശേരിയിലേക്ക് തിരിച്ചു. ഷാഫിയുടെ കുടുംബം നൽകിയ മാൻ മിസ്സിംഗ് കേസ് നിലനിൽക്കുന്നതിനാൽ ഷാഫിയെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കോടതി നടപടികൾക്ക് ശേഷം ആകും ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിക്കുക. ഈ മാസം ഏഴാം തീയതിയാണ് ഒരു സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്.


