കൊച്ചി: ചില കോടതികളില്‍ നിന്ന് അന്യായ വിധികള്‍ ഉണ്ടാകുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിനെപ്പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര് ശ്രമിക്കുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്വന്തം കേസിൽ തിരിച്ചടി നേരിട്ട മാറാലഞ്ചരി ഇന്ന് ദുഃഖവെള്ളി സന്ദേശത്തിലാണ് കോടതികൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്.
പീലാത്തോസിന് വിധികള്‍ എഴുതി നല്‍കിയത് ജനങ്ങളോ സീസറോ ആകാം. ഇതുപോലെ ഇന്നത്തെ ന്യായാധിപന്മാര്ക്ക് വിധികള്‍ എഴുതി നല്‍കുന്നുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ ആകാം അന്യായ വിധികള്‍. അല്ലെങ്കില്‍ ജുഡീഷ്യല്‍ ആക്ടിവിസമാകാമെന്നും കര്‍ദിനാള്‍ പറഞ്ഞു.
മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ, അല്ലെങ്കില്‍ ഈ ലോകത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടിയോ ആകാം ഇന്ന് ന്യായാധിപന്മാര് അന്യായവിധികള്‍ എഴുതുന്നത്. ജുഡീഷ്യല്‍ ആക്ടിവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. അന്യായവിധികളും പൂര്‍ണമായ നീതി കൊടുക്കാത്ത വിധികളും എഴുതുന്നവരുണ്ടെന്നും കര്‍ദിനാള്‍ വിമര്‍ശിച്ചു.

