✍️ ചന്ദ്രപ്രകാശ്.എസ്.എസ്
വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികം കെങ്കേമമായി ആഘോഷിക്കുകയാണ് പ്രബുദ്ധ/നവോത്ഥാന കേരളം. സത്യാഗ്രഹം വിജയം കൊണ്ട് നൂറുവർഷത്തിനുശേഷമുള്ള വൈക്കത്തെ ഒരു കാഴ്ച കണ്ടാൽ ജാതി കൂടുതൽ സജീവമായി തിരിച്ചുവരുന്നതും വിശ്വാസികള്‍ ജാതി തിരിഞ്ഞ് വൈക്കത്തെ പൊതു റോഡുകള്‍ കൈയടക്കുന്നതുമാണ്. അതൊരു താലപ്പൊലിയുടെ രൂപത്തിലാണെന്ന് മാത്രം. ജാതി താലപ്പൊലി/ജാതിത്താലം എന്നൊക്കെ പേരുകളിലാണ് വിവിധ ജാതികളുടെ തിരിച്ചുവരവ്.
വൈക്കം മഹാദേവർ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവകാലത്ത് വൈക്കം പട്ടണത്തിന്റെ പൊതുനിരത്തുകളിൽ സ്ത്രീകളും പെൺകുട്ടികളും പുരുഷന്മാരുടെ നേതൃത്വത്തിൽ ജാതിതിരിഞ്ഞ് താലമേന്തും. ഓരോ ജാതിയില്‍പെട്ട സ്ത്രീകളും അവരുടെ സമുദായം നിര്‍ദേശിക്കുന്ന പ്രത്യേക നിറത്തിലുള്ള ഡ്രസ്സ് കോഡുകളിലാണ് പൊതുനിരത്തിൽ അരങ്ങേറുന്നത്. വസ്ത്രത്തിന്റെ നിറം നോക്കി ഏതു ജാതിയുടെ താലപ്പൊലിയാണെന്ന് നിസംശയം തിരിച്ചറിയാം. ബ്ലൗസിൻ്റെ നിറം മാത്രം നോക്കിയാൽ മതി.ഞങ്ങൾ നായരാണ്, ഈഴവരാണ്, ധീവരരാണ്, പുലയരാണ് എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ച രീതിയിൽ നടക്കുന്ന ജാതിത്താലങ്ങൾ. ഈ ഒരു അവസ്ഥയിലേക്ക് ഗാന്ധിജിയുടേയും, പെരിയോരുടേയും കാലടിപ്പാടുകൾ പതിഞ്ഞ വൈക്കം ഇന്ന് മാറിക്കഴിഞ്ഞു.
വൈക്കത്ത് ജാതി തോറ്റോ?
തോറ്റില്ല എന്ന് മാത്രമല്ല, പൂർവാധികം ശക്തിയോടെ ജയിച്ചുകയറുകയാണ്. അതും വിശ്വാസത്തിൻ്റെയും, ആചാരങ്ങളുടെയും പേരിൽ. വൈക്കത്തെ നടവഴികളെ കാലം ജാതീയമായി വേലിയും മതിലും കെട്ടി വേർതിരിച്ചു കഴിഞ്ഞു. നായർ താലപ്പൊലി ഈഴവ താലപ്പൊലി, ധീവര താലപ്പൊലി, പുലയ താലപ്പൊലി എന്നിങ്ങനെയാണ് ജാതിത്താലങ്ങൾ.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയിലാണല്ലോ ഇന്ന് വൈക്കം. സർക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും ഒറ്റക്കും കൂട്ടായും സത്യഗ്രഹത്തിന്റെ ഓര്മ പുതുക്കി നൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിലാണ് ഇവിടെ ജാതി തിരിച്ചുവരുന്നതും വിശ്വാസികള്‍ ജാതിതിരിഞ്ഞ് പൊതുനിരത്തുകള്‍ കൈയടക്കുന്നതും, പൊതുനിരത്തുകളിൽ ജാതിതിരിഞ്ഞ് താലമേന്തുന്നതും.
വൈക്കം മഹാദേവർ ക്ഷേത്രത്തിൽ കൊല്ലംതോറും വൃശ്ചികമാസത്തില്‍ 12 ദിവസമാണ് അഷ്ടമി ഉത്സവം. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ താലമെടുക്കുന്ന പതിവുണ്ട്. ക്ഷേത്രാനുഷ്ഠാനങ്ങളില്‍ താലപ്പൊലി ഈവിധം ജാതിരൂപത്തിൽ കയറിപ്പറ്റിയത് എപ്പോഴെന്ന് കൃത്യമായ സൂചനയില്ല എങ്കിലും കാൽ നൂറ്റാണ്ടങ്കിലും പഴക്കമുണ്ട് ജാതി താലപ്പൊലിയ്ക്ക്.

ഉൽസവകാലത്ത് കുലവാഴപുറപ്പാട് എന്നൊരു ചടങ്ങുണ്ട്. ഓരോ ദേശത്തുമുള്ള വിശ്വാസികളായ സ്ത്രീകളാണ് ആദ്യകാലങ്ങളിൽ ഇതിൽ പങ്കെടുത്തിരുന്നത്. കുലവാഴപുറപ്പാട് നായര്‍ സമുദായം കൈയാളിയതിന് ശേഷമാണ് ജാതിത്താലങ്ങൾ രൂപം കൊണ്ടത്. നായര്‍ സമുദായത്തിലേക്ക് മാത്രം കുലവാഴപ്പുറപ്പാട് എങ്ങനെയാണ് വന്നുചേര്‍ന്നതെന്ന് കൃത്യമായി അറിയില്ല.
കുലവാഴപ്പുറപ്പാട് ജാതി കുത്തകയാക്കി ഒരു മാറ്റമില്ലാതെ തുടരുന്നതിനെ മറ്റു സമുദായങ്ങള്‍ ചോദ്യം ചെയ്തു. കുലവാഴപുറപ്പാടിന് തങ്ങൾക്കും അവകാശം വേണമെന്ന് ഈഴവ, ധീവര,പുലയ സമുദായങ്ങള്‍ ആവശ്യപ്പെട്ടു. അക്കാലത്തെ ഉത്സവം നടത്തിപ്പുകാരും സമുദായ നേതാക്കളും ചേര്‍ന്ന് താല്‍ക്കാലികമായി ഇതിനൊരു പരിഹാരമുണ്ടാക്കി. അങ്ങനെയാണ് പകരം സംവിധാനം എന്ന നിലയില്‍ താലപ്പൊലി ഓരോ ദിവസവും ഓരോ ജാതിക്കായി വീതിച്ചുനല്‍കിയത്. അതേസമയം കുലവാഴപുറപ്പാട് ഇന്നും നായര്‍ സമുദായത്തിന്റെ അവകാശവും,കുത്തകയുമായി തന്നെ നിലനില്ക്കുന്നു.

ദേശ താലപ്പൊലികളായിരുന്നു, ജാതി താലപ്പൊലികൾ രൂപം കൊള്ളുന്നതുവരെ ഉണ്ടായിരുന്നത്. നാനാജാതിയില്‍പെട്ട ദേശക്കാര്‍ അണിനിരക്കുന്ന താലപ്പൊലികൾ. പിൽക്കാലത്താണ് ദേശ താലപ്പൊലികൾ ജാതി താലപ്പൊലികളായി മാറിയത്. ഓരോ സമുദായവും അവരുടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും അണിനിരത്തിയുള്ള ജാതി ശക്തിപ്രകടനങ്ങളായി ജാതി താലപ്പൊലികള്‍ മാറി.
ജാതിക്കും, സാമുദായിക വിലക്കുകള്‍ക്കും, അയിത്തത്തിനുമെതിരായി വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി അയിത്തം കല്പിച്ച് മാറ്റിനിർത്തപ്പെട്ട ജനങ്ങൾ വിജയശ്രീലാളിതരായി അണിനിരന്ന വൈക്കത്തെ പൊതുവഴികള്‍ ഇന്ന് ജാതിതിരിഞ്ഞ് വിശ്വാസികള്‍ അണിനിരക്കുന്ന ജാതിവഴികളായി. ജാതീയ താലങ്ങളേന്തി ജാതി മടങ്ങിയെത്തുകയാണ് വൈക്കത്തെ നടവഴികളിൽ. ഇത് നവോത്ഥാന കേരളത്തിന് നാണക്കേടാണ്. ഇതിനെ ആചാരമെന്ന് ഇനിയും വിളിക്കണോ?ഹിന്ദുക്കൾ നാം ഒന്നാണെന്നും, നായാടി മുതൽ നമ്പൂതിരിവരെ ഒരു ചരടിൽ കോർത്ത മാലയാണന്നുമൊക്കെ ഓരിയിടുന്നവർ ഇതൊന്നും അറിയുന്നില്ല. അല്ലെങ്കിൽ അറിഞ്ഞിട്ട് എന്ത് കാര്യം ?
നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളത്തിനും ഇന്ത്യയ്ക്കും മാതൃകയായ ഒരു ഭൂമികയിലാണ് ഇപ്പോൾ ഈ പ്രാകൃത അനാചാരം നടമാടുന്നത്. നാം കൈവരിച്ച നേട്ടങ്ങളെ നേരെ പുറകോട്ട് വലിക്കുന്ന ഏറ്റവും ഹീനമായ ഒരു സംസ്ക്കാരം. നവോത്ഥാന പോരാട്ടങ്ങളുടെ ഈറ്റില്ലത്ത് നടമാടുന്ന ജാതി താലപ്പൊലികൾ നവോത്ഥാന കേരളത്തിന് നാണക്കേടാണ്. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ജാതിവേലികള്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ഇടം തന്നെയാണ് വൈക്കം. ഇവരൊക്കെ ഇനി എന്നാണ് ഒരേ ഡ്രസ്സ് കോഡിൽ അണിനിരന്ന് വൈക്കത്തെ നടവഴികളിൽ താലമേന്തുന്നത് ?


