തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന്റെ പേരില്‍ നിയമ നടപടി. തിരുവനന്തപുരത്ത് 40 പേര്‍ക്കും കോഴിക്കോട് 300 പേര്‍ക്കുമെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമടക്കം കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തത്.
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചതിനാണു കേസെടുത്തത്. പത്ത് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയുമാണ് കേസ്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡി സി സി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ അടക്കം മുന്നൂറ് പേര്‍ക്കെതിരെയാണ് കേസ്. റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നു പ്രിതപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. തുടര്‍ സമരങ്ങള്‍ യു ഡി എഫ് തീരുമാനിക്കും. 27 ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ചും നടക്കും.


