Thu. Apr 25th, 2024

കണ്ണൂർ: റബറിന് വില വർധിപ്പിച്ചാൽ കേരളത്തിൽ എം പിമാരില്ലായെന്ന കുറവ് മലയോര കർഷകർ പരിഹരിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ആഹ്വാനത്തിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതിൻ്റെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആർച്ച് ബിഷപ് പാംപ്ലാനിയും ബി ജെ പി നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ചയാണ് പാംപ്ലാനി ആഹ്വാനം നടത്തിയത്.


ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ്, ജനറൽ സെക്രട്ടറി ജോസ് എ വൺ, ലൂയിസ് എന്നിവരാണ് തലശ്ശേരി ബിഷപ് ഹൌസിൽ വെച്ച് അദ്ദേഹത്തെ സന്ദർശിച്ചത്. കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം അറിയിക്കുകയും കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാറിനെയും തങ്ങൾ പിന്തുണക്കുമെന്നും അതിൽ രാഷ്ട്രീയം നോക്കാതെ നിലകൊള്ളുമെന്നും പാംപ്ലാനി അറിയിച്ചതായി ബി ജെ പി നേതാക്കൾ പറഞ്ഞു.

ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ ന്യൂനപക്ഷ മോർച്ചയുടെ ഇടപെടൽ പ്രശംസനീയം ആണെന്ന് പാംപ്ലാനി അഭിപ്രായപ്പെട്ടു. റബറിന് 300 രൂപ ആക്കണമെന്ന പിതാവിന്റെ ആവശ്യം കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കർഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസും ന്യുനപക്ഷ മോർച്ച ജില്ല പ്രസിഡന്റ്‌ അരുൺ തോമസും അറിയിച്ചു. തലശ്ശേരി ആർച്ച് ബിഷപ് ആയി ചുമതലയേറ്റ് അധികം വൈകാതെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് വിവാദത്തിലായിരുന്നു അദ്ദേഹം.