Wed. Apr 17th, 2024

✍️  സുരേഷ് സി ആർ

മലയാളത്തിന്റെ, കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലകളിൽ ഏറെ സംഭാവനകൾ നൽകിയ ഒരു വൈദേശിക പുരോഹിതനാണ് അർണോസ് പാതിരി (1681 – 1732). യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നാണ് ശരിയായ പേര്. ലത്തീൻ, സുറിയാനി, പോർട്ടുഗീസ്‌, സംസ്കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ ബഹുഭാഷാപണ്ഡിതനായ അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ മലയാള ഭാഷയുടെ നവീകരണത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ഭാഷാസ്നേഹിയാണ്.

മലയാള ഭാഷാ വ്യാകരണത്തിനും നിഘണ്ടു നിർമ്മാണത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ ഇന്നും തിളങ്ങി നിൽക്കുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യഭാഷ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. അവയെ ലളിതമായ ഭാഷയിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ പ്രയത്നിച്ച ഒരാളാണ് അർണ്ണോസ്സ്പാതിരി.

ജർമനിയിലെ ഒസ്നാബ്രൂക് പട്ടണത്തിൽ ജനിച്ചതായി കരുതുന്നു. യഥാർത്ഥത്തിൽ ഹംഗറിക്കാരനാണെന്നും അഭിപ്രായമുണ്ട്. ഈശോ സഭയിൽചേർന്ന് തത്വശാസ്ത്രവും ദൈവ ശാസ്ത്രവും പഠിച്ച ശേഷം 1699 ഒക്ടോബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു, 1700 ഡിസംബർ 3-ന് ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ എത്തി. അവിടെനിന്ന് ഗോവയിലും തുടർന്ന് കൊച്ചി രാജ്യത്തിലുള്ള സാമ്പാളൂർ എത്തുകയും (ഇന്ന് മാള ഗ്രാമപഞ്ചായത്തിൽ​) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു.


ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിൽ എത്തി. കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേർന്ന ‘പുത്തൻ പാന’ എന്ന കാവ്യമാണ് ശ്രദ്ധേയമായ സംഭാവന.

ചതുരാന്ത്യം, മരണപർവം, വിധിപർവം, നരകപർവം, മോക്ഷപർവം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം എന്നിവയാണ്‌ പാതിരിയുടെ മറ്റു കാവ്യഗ്രന്ഥങ്ങൾ. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം – സംസ്കൃതനിഘണ്ടു, ലാറ്റിൻ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്‌. വാസിഷ്ഠസാരം, വേദാന്തസാരം, അഷ്ടാവക്രഗീത, യുധിഷ്ടിര വിജയം എന്നിവയാണ് സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ.