Sat. Nov 21st, 2026

✍️  ചന്ദ്രപ്രകാശ്.എസ്.എസ്

മലയാളത്തിൽ വിരുന്നുവന്ന അന്യഭാഷ സംഗീത സംവിധായകരിൽ പ്രഥമഗണനീയനാണ് എം ബി എസ്. നമ്മുടെ ഭാഷയുടെ ആത്മാവ് ഉൾക്കൊണ്ട് നിരവധി അനശ്വരഗാനങ്ങൾ അദ്ദേഹം അണിയിച്ചൊരുക്കി.

മാർക്സിയൻ ചിന്തകൻ, എ ഐ എസ് എഫ് നേതാവ്, സ:എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറി, ഗാനഗന്ധർവനെ ആദ്യമായി സിനിമയിൽ പാടിച്ച മലയാളികളുടെ പ്രീയപ്പെട്ട സംഗീത സംവിധായകൻ, നടൻ, ഗാനരചയിതാവ്, കാശ്മീരി മുസ്ലീം സഹീദ കിച്ച്ലുവിൻ്റെ ഭർത്താവ്, അങ്ങനെ എന്തൊക്കെയായിരുന്നു എംബിഎസ് എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം ബി ശ്രീനിവാസൻ എന്ന ജീനിയസ്.

ആന്ധ്രപ്രദേശിൽ ചിറ്റൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1925 സെപ്റ്റംബർ 19 നാണ് അദ്ദേഹം ജനിച്ചത്. മുഴുവൻ പേര് മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ. പി.എസ്. ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിന് ചേർന്നു. കലാലയ കാലത്ത് മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. മദ്രാസ് സ്റ്റുഡന്റ്സ് ഓർഗനൈസേഷനിലും അംഗമായിരുന്നു. തീവ്രമായ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നടന്നിരുന്ന അക്കാലത്ത് എം.ബി.എസ് കൊളോണിയൽ അധിപത്യത്തിനെതിരെ പല പ്രക്ഷോഭങ്ങളും നയിച്ചു.

സി.പി.എം. നേതാവായ എം.ആർ. വെങ്കിട്ടരാമൻ മുഖേന ഡൽഹിൽ എത്തിയ എംബിഎസ്, എ കെ ജിയുമായി കൂടുതൽ അടുക്കുകയും എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. ഡൽഹിയിലായിരുന്ന അക്കാലത്ത് ഇന്ത്യൻ പീപ്പിൾസ് അസോസിയേഷനിൽ അംഗമായ അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രാദേശിക സംഗീതവുമായി അടുത്ത് പരിചയപ്പെടാൻ അവസരം ലഭിച്ചു. ആയിടെയാണ് കാശ്മീരി മുസ്ലീം കുടുംബാംഗമായ സഹീദ കിച്ച്ലുവും എം.ബി.എസും പ്രണയബദ്ധരായത്. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി സൈഫുദ്ദീൻ കിച്ച്ലുവിന്റെ മകളായിരുന്നു സഹീദ കിച്ച്ലു. ജവഹർലാൽ നെഹ്രുവിന്റെ ആശീർവാദത്തോടെയാണ് അവർ വിവാഹിതരായത്.

കർണ്ണാടക സംഗീതത്തിലും, ഹിന്ദുസ്ഥാനിയിലും, പാശ്ചാത്യ സംഗീതത്തിലും അറിവ് സമ്പാദിച്ച എംബിഎസ് 1959 ഓടെ സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചു. തമിഴ് സിനിമയിലായിരുന്നു തുടക്കമെങ്കിലും മലയാള സിനിമാഗാനലോകത്താണ് എം.ബി.എസിന്റെ പ്രശസ്തങ്ങളായ സൃഷ്ടികൾ ഉണ്ടായത്. മലയാളി അല്ലാതിരുന്നിട്ടും വരികൾ എഴുതിയ ശേഷമാണ് അദ്ദേഹം സംഗീതം ചെയ്തിരുന്നത്. വരികളുടെ പ്രാധാന്യം നഷ്ടപ്പെടാതെ അർത്ഥത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടുള്ള ലളിതമായ സംഗീത ശൈലിയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഗാനങ്ങളും. എം.ബി.എസിന്റെ സംഗീതത്തിൽ കവിത തുളുമ്പുന്ന ഒട്ടേറെ ഗാനങ്ങൾ അക്കാലത്ത് മലയാളചലച്ചിത്രങ്ങളിൽ ഉണ്ടായി.

എം.ബി.എസിന്റെ പ്രശസ്തങ്ങളായ മിക്ക ഗാനങ്ങളും ഒ.എൻ.വി. യുമായുള്ള കൂട്ടുകെട്ടിൽ പിറന്നവയാണ്. ഗാനങ്ങൾക്ക് പുറമേ പശ്ചാത്തലസംഗീത രംഗത്തും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. സ്വയംവരത്തിലെ പശ്ചാത്തല സംഗീതം എടുത്തുപറയേണ്ടതാണ്. അനാവശ്യമായി സംഗീതം ഉപയോഗിക്കാതെ രംഗങ്ങൾക്കനുസരിച്ചുള്ള ലളിതമായ വാദ്യോപകരണങ്ങൾ മാത്രം ഉപയോഗിച്ചുള്ള ശൈലിയായിരുന്നു എം.ബി.എസിന്റേത്.

സമാന്തര സിനിമയുടെ വക്താക്കളിൽ പെട്ട അടൂർ, കെ.ജി.ജോർജ് എന്നിവരെ കൂടാതെ എം ടി, ലെനിൻ രാജേന്ദ്രൻ, മോഹൻ, ഹരിഹരൻ തുടങ്ങിയ സംവിധായകരുടേയും പ്രിയ സംഗീതസംവിധായകൻ ആയിരുന്നു എം ബി എസ്. അവരുടെയൊക്കെ സിനിമകളിൽ എം.ബി.എസിന്റെ സംഗീതം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

പ്രശസ്ത ഗായകൻ കെ.ജെ. യേശുദാസിനെ പിന്നണിഗാനരംഗത്ത് അവതരിപ്പിച്ചത് എം.ബി.എസ് ആണ്. കാൽപ്പാടുകൾ എന്ന ചിത്രത്തിലെ എം.ബി.എസിന്റെ സംഗീതത്തിലുള്ള “ജാതിഭേദം മതദ്വേഷം” എന്നു തുടങ്ങുന്ന ശ്രീനാരായണഗുരുവിൻ്റെ നാലുവരി കവിതയാണ് യേശുദാസിന്റെ ആദ്യ ഗാനം.

ജോൺ എബ്രഹാമിന്റെ “അഗ്രഹാരത്തിൽ കഴുതൈ” എന്ന ചിത്രത്തിലൂടെ അഭിനയത്തിലും കൈവച്ചു. ആ സിനിമയിൽ നായകവേഷം കൈകാര്യം ചെയ്തത് എം ബി എസ് ആയിരുന്നു.കേന്ദ്രകഥാപാത്രമായ പ്രൊ.നാരായണസ്വാമി എന്ന കഥാപാത്രത്തെ വളരെ അനായാസമായാണ് എം ബി എസ് അവതരിപ്പിച്ചത്. ദേശീയപുരസ്ക്കാരം നേടിയ അഗ്രഹാരത്തിൽ കഴുതൈയുടെ സംഗീതസംവിധാനം നിർവഹിച്ചതും എം ബി എസ് ആണ്. കന്യാകുമാരി എന്ന ചിത്രത്തിലെ “അയാം ഇൻ ലവ്” എന്ന ഇംഗ്ലീഷ്ഗാനത്തിൻ്റെ വരികൾ എംബിഎസിൻ്റേതാണ്.

എംബിഎസ്സിൻ്റെ ഭാര്യ സഹീദയുടെ സഹോദരൻ പാക്കിസ്ഥാൻ പൗരനായിരുന്നു. സഹോദരിയെ എം ബി എസ്സിൽ നിന്നും അടർത്തി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം പലപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ എംബിഎസ്സിനെ വിട്ടൊരു ജീവിതമില്ലന്ന നിലപാടിലായിരുന്നു സഹീദ കിച്ച്ലു.

അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോയ ഏകമകൻ കബീർ മദ്യത്തിൻ്റേയും മയക്കുമരുന്നിൻ്റേയും അടിമയായി മാറിയത് എംബിഎസ് ദമ്പതികൾക്കേറ്റ വലിയ ദു:ഖമായിരുന്നു. എംബിഎസിനെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച സംഭവമായിരുന്നു മകൻ്റെ ലഹരിജീവിതം. എംബിഎസ്സിനെ പോലെ സംഗീതത്തിലും ഇംഗ്ലീഷ് കവിതാ രചനയിലും മിടുക്കനായിരുന്ന കബീർ സ്കിസോഫ്രീനിയ രോഗത്തിന് പൂർണ്ണമായും അടിമപ്പെട്ടു. എംബിഎസ്സും ഭാര്യയും പിന്നീട് ജീവിതം ഉഴിഞ്ഞുവച്ച് പ്രത്യേകം ശ്രദ്ധചെലുത്തി മകനെ ചികിൽസിച്ചെങ്കിലും എല്ലാം വിഫലമായി. മകൻ ഒരിക്കലും രോഗത്തിൽ നിന്ന് മോചനം നേടിയില്ല.

ഹൃദയസ്തംഭനത്തെ തുടർന്ന് 1988 മാർച്ച് 9നാണ് ലക്ഷദ്വീപിൽവെച്ച് എം.ബി. ശ്രീനിവാസൻ അന്തരിച്ചത്. എംബിഎസ് തുടങ്ങിവച്ച മദ്രാസ് മ്യൂസിക് ക്വയറിന്റെ ഒരു പരിപാടിയുടെ പരിശീലനം നടത്തുന്നതിനിടയിൽ കുഴഞ്ഞുവീണ എംബിഎസിനെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു. മൃതദേഹം ചെന്നൈയിലെത്തിച്ച് അവിടെ സംസ്കരിച്ചു. നാല് വർഷം കഴിഞ്ഞ് ഭാര്യയും മരണപ്പെട്ടു. ഏഴ് വർഷം കഴിഞ്ഞ് ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ട് അനാഥനായ മകൻ കബീറും മരണത്തിന് കീഴടങ്ങി.

ഇന്ത്യയിലിന്ന് നിരവധി സിനിമാ സംഘടനകളുണ്ട്. അവയ്ക്കെല്ലാം മുൻപ് ആദ്യമായി തെക്കേയിന്ത്യയിൽ സിനിമാക്കാർക്കു വേണ്ടി തൊഴിൽ സംഘടന രൂപീകരിച്ചത് എംബിഎസ്സാണ്. സിനി ടെക്നീഷ്യൻസ് യൂണിയൻ, സിനി മ്യുസിഷ്യൻസ് യൂണിയൻ എന്നീ പേരുകളിൽ ആ സംഘടനകൾ അറിയപ്പെട്ടു.
എം ബി എസ്സിൻ്റെ ദീപ്തമായ സ്മരണ എന്നെന്നും നിലനിൽക്കും.