ന്യൂഡൽഹി: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്തും നടനുമായ അനുപം ഖേര്‍ ട്വിറ്ററില്‍ അറിയിച്ചു. ഡല്‍ഹിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കൗശിക്.
പുലര്‍ച്ചെ ഒരു മണിയോടെ ശാരീരിക അസ്വസ്ഥത തന്റെ ഡ്രൈവറോട് കൗശിക് പറയുകയും കാറില്‍ ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. യാത്രാമധ്യേയാണ് ഹൃദയാഘാതമുണ്ടായത്.
ഏറെ വേദനയോടെയാണ് അനുപം ഖേർ ട്വിറ്ററിൽ കുറിച്ചത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് തന്റെ സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. 45 വർഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേർ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
1956 ഏപ്രിൽ 13ന് ജനിച്ച സതീഷ് കൗശിക് നിർമാതാവും തിരക്കഥാകൃത്തും കൊമേഡിയനുമെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. 45 വർഷമായി സുഹൃത്തുക്കളാണ് കൌശികും അനുപം ഖേറും.
ശേഖർ കപൂറിന്റെ മിസ്റ്റർ ഇന്ത്യയിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിക്കൊടുത്തു. രൂപ് കി റാണി, ചാരോൺ കാ രാജ, ഹം ആപ്‌കെ ദിൽ മെയ്ൻ രഹ്‌തെ ഹേ, തേരെ നാം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. രാകുൽ പ്രീത് സിങ്ങിനൊപ്പമുള്ള ഛത്രിവാലിയിലാണ് അവസാനം അഭിനയിച്ചത്. കങ്കണയുടെ എമർജൻസിയാണ് പുതിയ ചിത്രം.
നടി കങ്കണ റണാവത്തും സതീഷ് കൗശിക്കിന് ആദരാജ്ഞലി അർപ്പിച്ചു. രണ്ടു ദിവസം മുൻപാണ് സംവിധായകൻ ജാവേദ് അക്ബറിന്റെ വീട്ടിൽ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് സിനിമാലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. സതീഷ് കൗശിക്കിന് ഭാര്യയും ഒരു മകളുമുണ്ട്.


