കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി കലക്ടറോട് ആരാഞ്ഞു. അങ്ങനെയുള്ള റിപ്പോര്‍ട്ടാണ് ഫയര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയതെന്ന് കലക്ടര്‍ വിശദീകരിച്ചു. എന്നാല്‍ ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി മുന്നറിയിപ്പും നല്‍കി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കലക്ടര്‍ കോടതിയില്‍ പറഞ്ഞു. ചൂട് കൂടുന്നതിനാല്‍ ജാഗ്രതവേണമെന്ന നിര്‍ദേശം കോര്‍പറേഷന് നല്‍കിയിരുന്നും കലക്ടര്‍ വ്യക്തമാക്കി.
ജില്ലാ കലക്ടര്‍ രേണുരാജ് നേരിട്ടും അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഓണ്‍ലൈനായുമാണ് കോടതിയില്‍ ഹാജരായത്. പൊതുജന സംരക്ഷകര്‍ എന്ന നിലയിലാണ് സ്വമേധയാ കേസെടുത്തത്. മാലിന്യമില്ലാത്ത അന്തരീക്ഷം പൗരന്‍മാരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട കലക്ടറെയും അഡീ. ചീഫ് സെക്രട്ടറിയെും വിളിച്ചു വരുത്തിയത്. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


