Sun. Nov 22nd, 2026

തൊടുപുഴ: ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന മൂന്നംഗ സംഘം കരിമണ്ണൂർ പൊലീസിന്റെ പിടിയിലായി. എറണാകുളം പുല്ലുവഴി സ്വദേശി തണ്ണിക്കോട്ടുകൂടി അഭിഷേക് സന്തോഷ്, ഇടുക്കി ചെറുതോണി സ്വദേശികളായ ചപ്രയിൽ നിതിൻ ജയകുമാർ, ചെറുവിള പുത്തൻവീട് നന്ദു സുരേഷ് എന്നിവരാണ് പിടിയിലായത്. ചീനിക്കുഴി സ്വദേശിയായ യുവാവിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

ഉടുമ്പന്നൂർ ടൗണിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പ്രതികൾ മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഒന്നാം പ്രതി അഭിഷേകിനെ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്‌പ്പോഴാണ് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിഥിനെയും നന്ദുവിനെയും ചെറുതോണിയിൽ നിന്ന് പിടികൂടി. മൂവരും ചേർന്ന് ബൈക്ക് മോഷ്ടിച്ച് ഇടുക്കിയിൽ എത്തിച്ച ശേഷം പൊളിച്ച് തടിയമ്പാട് ആക്രിക്കടയിൽ വിൽപ്പന നടത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.


സി.ഐ സുമേഷ് സുധാകരൻ, എസ്.ഐമാരായ ഹാഷിം കെ.എച്ച്, ദിനേശ് പി.എൻ, രാജേഷ് പി.ജി, എസ്.സി.പി.ഒ അനീഷ് എം.ആർ, ബിനു എൻ.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.