Mon. Nov 23rd, 2026

തിരുവനന്തപുരം: 2018 മാർച്ച് 1 ന് മുസ്ലീം സമുദായത്തിനിടയില്‍ അനുഷ്ടിച്ചു വരുന്ന ചേലാ കര്‍മ്മത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥിൻറെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് അന്ന് പരാതി നല്‍കിയിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈനിന് വേണ്ടി എന്‍ അനില്‍ കുമാര്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍, പരാതിക്കാരന് രസീതും നല്‍കിയിരുന്നു. 2018 മാർച്ച് 1 ഉച്ചയ്ക്ക് 1.18 നാണ് പരാതി സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ ബാലാവകാശ കമ്മീഷൻറെ ഭാഗത്തുനിന്നും 4 വർഷമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെങ്കിലും മുസ്ലിം കുട്ടികളുടെ ബാലാവകാശത്തെക്കുറിച്ച് വേവലാതിയുള്ള ഹിന്ദുത്വവാദികൾ പ്രസ്തുത ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഒരു ഹർജി ഫയൽ ചെയ്യാൻ മുസ്ലിം നാമധാരികളെ അന്വേഷിച്ചു പലരെയും സമീപിച്ചിരുന്നു. ഇതിൻറെ ഫോളോ അപ്പ് എന്നോണം ഈയിടെ ഇത്തരത്തിൽ ഒരു ഹർജി കേരളഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടതായി മനസിലാക്കാൻ കഴിഞ്ഞു.


‘ചെറുപ്രായത്തില്‍ കുട്ടികളുടെ അനുമതിയില്ലാതെയാണ് ചേലാ കര്‍മ്മം നടത്തുന്ന്. അസഹനീയമായ വേദനയും, ഭാവിയില്‍ ചേലാകര്‍മ്മത്തിന് വിധേയനാകുന്ന വ്യക്തിയുടെ ലൈംഗീക ജീവിതത്തില്‍ നിരവധിയായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിനും ചേലാ കര്‍മ്മം കാരണമാവുമെന്നും, തികച്ചും പ്രാകൃതമായ രീതിയിലാണ്, ഇത് നടപ്പാക്കി വരുന്നതെന്നും പരാതിയില്‍ പറയുന്നു.സുന്നത്തിൻറെ പേരിൽ നടക്കുന്ന ബാല പീഡനം കണ്ടില്ലെന്ന് നടിക്കുന്നത് വിവേചന പരവും വര്‍ഗ്ഗീയപരവുമായ നിലപാടാണ് എന്നും അതിനാല്‍, സുന്നത്ത് കര്‍മ്മത്തിനെതിരെ തങ്ങള്‍ നല്‍കുന്ന പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, മറ്റ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബാദ്ധ്യസ്ഥരാകുമെന്നും’ ഹിന്ദു ഹെൽപ്പ് ലൈൻ പ്രസ്തുത പരാതിയില്‍ തന്നെ പറഞ്ഞിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തിലും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും നടക്കുന്ന ബാലാവകാശ ലംഘനങ്ങൾക്ക് എതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെടുന്നതിനെ ചേലാകർമ്മത്തിന്റെ പേരില്‍ പ്രതിരോധിക്കുകയായിരുന്നു അവർ ഉദ്ദേശിച്ചിരുന്നത്.ആറ്റുകാലിലെ കുത്തിയോട്ടത്തിനെതിരെ ശ്രീരേഖ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്ന സമയമായിരുന്നു അത്.


ഹിന്ദുത്വവാദികളുടെ ഈ അജണ്ട ഏറ്റെടുത്തുകൊണ്ട് ഇതെന്തോ വലിയ യുക്തിവാദി പ്രവർത്തനമായി കൊട്ടിഘോഷിച്ചുകൊണ്ട് ഇപ്പോൾ ചില യുക്തിവാദികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിവരുന്നുണ്ട്. മുസ്ലിം സമുദായത്തിൽ നിന്നും യുക്തിവാദികളായവർക്ക് അവരുടെ കുട്ടികളെ ചേലാകർമ്മം ചെയ്യിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ നിലവിലുണ്ട്. അങ്ങിനെ തങ്ങളുടെ കുട്ടികളെ ചേലാകർമ്മം ചെയ്യിക്കാത്ത നിരവധി യുക്തിവാദികൾ കേരളത്തിൽ ഉണ്ട്. എന്നാൽ ഹിന്ദുത്വവാദികളുടെ ചട്ടുകമായി നിന്നുകൊണ്ട് അവർ കൊടുത്ത കേസിൻറെ ഫോളോ അപ്പ് നടത്തുന്നതിനെ യുക്തിവാദ പ്രവർത്തനമായി വ്യാഖ്യാനിക്കുന്നവരും ഇതിൻറെ പേരിൽ യുക്തിവാദികളെ ഒന്നടങ്കം തെറിവിളിക്കുന്നവരും സത്യാവസ്ഥ തിരിച്ചറിയേണ്ടതുണ്ട്.