കണ്ണൂർ: സ്വർണണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ അമല രംഗത്ത്. ഗാർഹിക പീഡനം അടക്കം സഹിക്കേണ്ടി വന്നതായും ആത്മഹത്യ ചെയ്താൽ അതിന് കാരണക്കാർ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ അമല വെളിപ്പെടുത്തി.
വിവാഹത്തിന് മുൻപ് നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചതായും മാനസികവും ശാരീരികവുമായി അർജുനും കുടുംബവും തന്നെ പീഡിപ്പിച്ചിരുന്നതായും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. മൂന്നു വർഷത്തോളം ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിച്ചു. നിറത്തിന്റെ പേരിൽ അർജുൻ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത നിറം ലഭിക്കാനായി ചികിത്സ വരെ തേടിയതായും അമല വീഡിയോയിൽ പറയുന്നു. കുഴൽപ്പണ ഇടപാടിനെക്കുറിച്ചും വീഡിയോയിൽ അമല സംസാരിക്കുന്നുണ്ട്. വളപട്ടണം പൊലീസിനെ സമീപിച്ചതായും എന്നാൽ അർജുൻ ആയങ്കിയ്ക്കെതിരെ പരാതി നൽകിയിട്ടില്ല എന്നും ഫേസ്ബുക്കിൽ ലൈവിൽ വ്യക്തമാക്കുന്നുണ്ട്.


