Fri. Nov 20th, 2026

തൃശ്ശൂർ: സിഐടിയു ഓഫീസിനുള്ളിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്‌ലാല്‍ എന്ന ലാലപ്പനെയാണ് അന്തിക്കാട്ടെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം പാർട്ടി ഓഫീസിലെത്തിയ സതീഷ് ലാൽ പാർട്ടി പ്രവർത്തകരുമായി സമയം ചെലവിടുകയും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്കിരുന്നു. പിന്നീട് ഓഫീസിലെ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. സമയം പിന്നിട്ടിട്ടും സതീഷ് ലാലിനെ പുറത്ത് കാണാതെ വന്നതോടെ ജനാല തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. ജോലി ഇല്ലാത്തതിനാൽ സതീഷ് ലാൽ മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു. കൂടാതെ കഴിഞ്ഞ ആഴ്ച ഉറക്കഗുളിക കഴിക്കുന്ന സംഭവവുമുണ്ടായതായാണ് വിവരം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമാർട്ടത്തിനായി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.