കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ഐഎ പ്രത്യേക കോടതി തള്ളി. അലന്‍ ഷുഹൈബ്, താഹ ഫസല്‍, സി പി ഉസ്മാന്‍, വിജിത്ത് വിജയന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നാല് പേര്‍ക്കും വിചാരണ കോടതി ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍ ഇതിന് ശേഷം പാലയാട് സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലന്റെ പേരില്‍ ധര്‍മ്മടം പൊലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് മാവോവാദി കേസില്‍ ജാമ്യം അനുവദിച്ചതെന്നും കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ അലന്‍ ഷുഹൈബ് പോസ്റ്റുചെയ്യുന്നതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എന്‍ ഐ എ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അലന്‍ എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയില്‍ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.
കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍ ഐ എ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2019 നവംബറിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു എ പി എയും ചുമത്തി. പിന്നീട് കേസ് എന്‍ ഐ എ ഏറ്റെടുത്തു. എന്നാല്‍ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ ഐ എ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി. ഇതില്‍ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിച്ചു. പിന്നീട് ത്വാഹക്കും മേല്‍കോടതി ജാമ്യം അനുവദിച്ചിരുന്നു.

