Mon. Nov 23rd, 2026

മാന്നാർ: ചെന്നിത്തല ചെറുകോലിൽ നിന്ന് കാണാതായ പെൺകുട്ടിയെ അന്വേഷിച്ചെത്തിയ പിതാവിനും സഹോദരനും സഹോദരീ ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിൽ കാമുകനടക്കം മൂന്നുയുവാക്കളെ മാന്നാർ പൊലീസ് അറസ്റ്റ്‌ചെയ്തു. മർദ്ദനവിവരം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ(19), ഇടശ്ശേരിയത്ത് വൈഷ്ണവ് (20), ഗ്രാമം ചിറയിൽ തെക്കേതിൽ ഉണ്ണി (ഷാനറ്റ്25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.


പെൺകുട്ടിയും ഗോകുലും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ഗോകുലിന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോൾ ഗോകുലും സംഘവും ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിരാം, അഡീഷണൽ എസ്.ഐമാരായ മധുസൂദനൻ, മോഹൻദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ്, സാജിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.