Thu. Mar 28th, 2024

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേരിന് മാറ്റം. ‘അമൃത് ഉദ്യാൻ’ എന്നാണ് പുതിയ പേര്. സ്വാതന്ത്യ്രത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ഉദ്യാനത്തിന് രാഷ്ട്രപതി പുതിയ പേര് നൽകിയതായി ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അറിയിച്ചത്.

കേന്ദ്ര സർക്കാരിന്റെ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പരിപാടിയുടെ പേരുമായി ചേരുന്നതിനാലാണ് ഉദ്യാനത്തിന് അമൃത് ഉദ്യാൻ എന്ന പേര് നൽകിയത്. അതേസമയം, രാഷ്ട്രപതി ഭവനിന്റെ വെബ്‌സൈറ്റിൽ രണ്ട് പേരുകളും പരാമർശിക്കുന്നുണ്ട്.


മുഗൾ, പേ‌ർഷ്യൻ പൂന്തോട്ടങ്ങളെ മാതൃകയാക്കി മൂന്ന് പൂന്തോട്ടങ്ങളാണ് രാഷ്ട്രപതി ഭവനിലുള്ളത്. ശ്രീനഗറിലുള്ള ഉദ്യാനവുമായി സാമ്യമുള്ള പുന്തോട്ടത്തെ ആളുകൾ പിന്നീട് മുഗൾ ഗാർഡൻ എന്ന പേര് നൽകുകയായിരുന്നു. എന്നാൽ ഉദ്യോനത്തിന് ഔദ്യോഗികമായി പേര് നൽകിയിരുന്നില്ല.

ജമ്മു കാശ്മീരിലെ മുഗൾ പൂന്തോട്ടങ്ങളുമായും താജ് മഹലിന് ചുറ്റുമുള്ള പൂന്തോട്ടങ്ങളുമായും അമൃത് ഉദ്യാന് സാമ്യമുണ്ട്. 15 ഏക്കറിൽ പരന്നുകിടക്കുന്ന അമൃത് ഉദ്യാനത്തെ രാഷ്ട്രപതി ഭവനിന്റെ ആത്മാവായാണ് വെബ്‌സൈറ്റിൽ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് മുതൽ മാർച്ച് വരെ ഉദ്യാനം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് വെബ്‌സൈറ്റിൽ പറയുന്നു.