അഗർത്തല: അടുത്ത മാസം 16ന് ത്രിപുരയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്ന സി പി എമ്മും കോൺഗ്രസ്സും തമ്മിൽ സീറ്റ് ധാരണയായി. സി.പി.എം 43 സീറ്റിൽ മത്സരിക്കും . കോൺഗ്രസ് 13 സീറ്റിലും,. മൂന്ന് സീറ്റുകളിൽ സി.പി.ഐ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ പാർട്ടികൾ മത്സരിക്കും. ഒരിടത്ത് ഇടത് സ്വതന്ത്രനെ നിറുത്താനാണ് തീരുമാനം.
മുൻ മുഖ്യമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ ഉൾപ്പെടെയുള്ള പലരും ഇത്തവണ മത്സരിക്കുന്നില്ല. സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്, മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചാന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2018ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 57 സീറ്റിൽ സി പി എമ്മിന് 16 ഇടത്ത് വിജയം നേടാൻ സാധിച്ചിരുന്നു. എന്നാൽ, 59 ഇടത്ത് മത്സരിച്ച കോൺഗ്രസ്സിന് ഒരിടത്തു പോലും ജയിക്കാനായിരുന്നില്ല. 36 സീറ്റ് നേടിയ ബി ജെ പി അധികാരം നേടിയെങ്കിലും മിക്ക മണ്ഡലങ്ങളിലും സി പി എമ്മായിരുന്നു രണ്ടാമത്ത്.
സീറ്റുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഒരുപാട് വോട്ടുകൾ നേടാൻ കഴിഞ്ഞ കോൺഗ്രസ്സു കൂടെച്ചേരുമ്പോൾ വലിയ മുന്നേറ്റം സാധ്യമാകുമെന്നാണ് സി പി എം വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.


