Fri. Nov 20th, 2026

ന്യൂഡൽഹി: വധശ്രമക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് ലോക്‌സഭാ സെക്രട്ടറി ജനറൽ പുറത്തിറക്കി. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അയോഗ്യനാക്കിയതായി ഉത്തരവിൽ പറയുന്നു. ക്രിമിനൽ കേസിൽ എം.പിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്.

വധശ്രമക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിറുത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ചൊവ്വാഴ്ച വിശദമായ വാദം ഹൈക്കോടതി കേൾക്കും. മുഹമ്മദ് ഫൈസൽ,​ സഹോദരൻമാരായ അമീർ,​ പഠിപ്പുരക്കൽ ഹുസൈൻ എന്നിവരടക്കമുള്ളവരാണ് അപ്പീൽ നൽകിയത്.

2009ൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.