ന്യൂഡൽഹി: വിമാനത്തിനുള്ളിൽ അതിക്രമം നടത്തുന്ന യാത്രക്കാരുടെ വാർത്തകൾ തുർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നിന്ന് പാട്നയിലേയ്ക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു.
മദ്യപിച്ചെത്തിയ മൂന്ന് യാത്രക്കാർ വിമാനത്തിലെ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയായിരുന്നു. ഇൻഡിഗോ 6ഇ-6383 വിമാനത്തിലാണ് അതിക്രമം നടന്നത്. രണ്ട് യാത്രക്കാരുടെ പക്കൽ മദ്യമുള്ളതായി എയർ ട്രാഫിക് കൺട്രോളർമാരെ ഇൻഡിഗോ അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലെ ജീവനക്കാർ ഇവരെ പിടിച്ചുവയ്ക്കുകയും പൊലീസെത്തി മദ്യപിച്ച നിലയിലായിരുന്ന രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇൻഡിഗോ മാനേജറിന്റെ പരാതിയിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിമാനത്തിനുള്ളിൽ അതിക്രമം കാട്ടിയ രണ്ടുപേരെ മാത്രമാണ് ജീവനക്കാർ കൈമാറിയതെന്നും ഒപ്പമുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടിരിക്കാമെന്നും പൊലീസ് അറിയിച്ചു. പരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
എയർ ഇന്ത്യ വിമാനത്തിനുള്ളിൽ സഹയാത്രികൻ വയോധികയുടെമേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂത്രമൊഴിച്ച കേസിൽ അറസ്റ്റിലായ ശങ്കർ മിശ്രയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അമിത മദ്യലഹരിയിലായിരുന്നു ഇയാൾ. കുഴഞ്ഞ മട്ടിൽ പെരുമാറിയിരുന്ന ഇയാൾ ഉച്ചഭക്ഷണ സമയത്ത് നാല് തവണ വിസ്കി കഴിച്ചിരുന്നു. അതിന് മുൻപും മിശ്ര മദ്യപിച്ചിരിക്കാമെന്നും സഹയാത്രികർ പറയുന്നു. കുശലാന്വേഷണമായി ഒരേ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. വിമാനത്തിലെ ലൈറ്റണച്ചപ്പോഴാണ് മിശ്ര യാത്രക്കാരിയ്ക്ക് മേൽ മൂത്രമൊഴിച്ചതും നഗ്നതാപ്രദർശനം നടത്തിയതും.


