Thu. Nov 19th, 2026

ലക്നൗ: ആഗ്രഹങ്ങൾ സഫലമാകുന്നതിനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവതിയുടെ ക്രൂരത. യുവതിയുടെ ആഗ്രഹങ്ങൾ നടക്കണമെങ്കിൽ സ്വന്തം കുഞ്ഞിനെ ബലി നൽകണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ധനൗദിഹ് ഗ്രാമത്തിലാണ് സംഭവം. ഇയാളുമായി യുവതിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. 35കാരിയായ മഞ്ജു ദേവിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കുഞ്ഞിനെ ബലി നൽകുന്നതോടെ ഇവർ ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്നാണ് മന്ത്രവാദി പറഞ്ഞിരുന്നത്. ഇക്കാര്യം യുവതിയും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഗ്രാമത്തിലെ അമ്പലത്തിലെ വിഗ്രഹത്തിന് മുന്നിൽ കുഞ്ഞിനെ കിടത്തി തൂമ്പാ കൊണ്ട് വെട്ടിയാണ് യുവതി ക്രൂരകൃത്യം ചെയ്തത്. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഞായറാഴ്ച മഞ്ജു ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തൂമ്പയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,​ . കുട്ടിയെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയ മന്ത്രവാദിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.