പത്തനംതിട്ട: കറ്റാനത്തുള്ള ഒരു സ്‌കൂളില്‍ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനല്‍കി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചുതാലയം വീട്ടില്‍ ദിനേശ് കുമാര്‍ (49) ആണ് അറസ്റ്റിലായത്. 2020 മാര്‍ച്ച് 21 നാണ് കേസിന് ആസ്പദമായ സംഭവം.
അടൂര്‍ പെരിങ്ങനാട് പഴകുളം കിഴക്ക് ചാല സുനില്‍ ഭവനം വീട്ടില്‍ മനോജ് ആനന്ദന്റെ ഭാര്യ അര്‍ച്ചന വിജയന്റെ പരാതിയില്‍ 2021 ജനുവരി 26 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയുടെ വീട്ടില്‍ വച്ച് രണ്ട് ചെക്കുകള്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന്, കറ്റാനത്തെ എസ് ബി ഐ ശാഖയിലെ ഇയാളുടെ അക്കൗണ്ട് വഴി തുക മാറിയെടുക്കുകയാണുണ്ടായത്. ജോലി സംഘടിപ്പിച്ചുനല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. അര്‍ച്ചനയുടെ മൊഴിപ്രകാരം അന്നത്തെ എസ് ഐ സജി വി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിനേശ് ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രതിക്കായുള്ള അന്വേഷണം തുടര്‍ന്ന പോലീസ് സംഘം ഇന്നലെ രാവിലെ 10.30 ന് കട്ടച്ചിറയില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് രണ്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് റ്റി ഡി, സബ് ഇന്‍സ്‌പെക്ടര്‍ മനീഷ് എം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍ കുറുപ്പ്, നിസ്സാര്‍ എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


