കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 61ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ 151 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മത്സര ഇനങ്ങള്‍ സമയ ബന്ധിതമായി ആരംഭിക്കുവാനും പൂര്‍ത്തിയാക്കുവാനും സാധിച്ചിട്ടുണ്ട്. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെള്ളവും വൈദ്യസഹായവും ഭക്ഷണ പന്തല്‍ ഉള്‍പ്പെടെയുള്ള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രിമാർ പറഞ്ഞു.
കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ 2,309 കുട്ടികളാണ് വിവിധ ഇനങ്ങളിലായി പങ്കെടുത്തത്. രണ്ടാം ദിനം 2,590, മൂന്നാം ദിനം 2,849 എന്നിങ്ങനെയാണ് പങ്കാളിത്തത്തിന്റെ എണ്ണം. നാലാം ദിന 2,161 ഉം അഞ്ചാം ദിനത്തില്‍ 499 ഉം കുട്ടികള്‍ പങ്കെടുക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 301 ലോവര്‍ അപ്പീലുകളാണ് ഇതുവരെ ലഭിച്ചത്. ഡി ഡി ഇ- 222, ഹൈക്കോടതി 7, ജില്ലാ കോടതി- 23, മുന്‍സിഫ് കോടതികള്‍- 48, ലോകായുക്ത- 1 എന്നിങ്ങനെയാണ് അപ്പീല്‍ ലഭിച്ചത്. ഹയര്‍ അപ്പീലില്‍ 93 അപേക്ഷകളാണ് ലഭിച്ചു. ഇതില്‍ 63 എണ്ണത്തിന്റെ ഹിയറിങ് കഴിഞ്ഞിട്ടുണ്ട്.
വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നത്. മൂന്നു നേരങ്ങളിലായി ആദ്യദിനം 30,000 ആളുകള്‍ക്കും രണ്ടാം ദിനം 40,000 ആളുകള്‍ക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകള്‍ക്കും ഭക്ഷണം നല്‍കാന്‍ സാധിച്ചു. കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കാനാണിത്. കലോത്സവം ഇനി രണ്ട് ദിവസം കൂടിയാണുള്ളത്. അടുത്ത വർഷം കലോത്സവത്തിൽ അടിമുടി മാറ്റങ്ങൾ ആലോചിക്കുന്നുണ്ട്. ഒരു ഭക്ഷണത്തിനും എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ മൂന്നു മുതല്‍ ആറാം തീയതി വരെ നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ആറാം തീയതി വരെയുളള സാംസ്‌ക്കാരിക സായാഹ്നത്തില്‍ കൈതപ്രം ദാമോതരന്‍ നമ്പൂതിരി, സുനില്‍ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.
കലാമത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി അഭൂതപൂര്‍വമായ തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെടുന്നത്. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുളളത്. കോഴിക്കോടിന്റെ മുഴുവന്‍ സ്‌നേഹവും, ആതിഥ്യവും മേളയില്‍ പ്രകടമാണ്. കോഴിക്കോടിന്റെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ മേളയാണ് 61 ാമത് സ്‌ക്കൂള്‍ കലോത്സവമെന്നും മന്ത്രിമാര്‍ പറഞ്ഞു.


