കൊല്ലം: അഞ്ചുദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും കണ്ടെത്തി. കാണാതായ കേരളാപുരം സ്വദേശി ഉമാ പ്രസന്നന്റെ(32) മൃതദേഹമാണ് അഴുകിയ നിലയിൽ ചെമ്മാമുക്കിലെ കാടുകയറിയ കെട്ടിടത്തിൽ നിന്നും ഇന്ന് കണ്ടെടുത്തത്. കെട്ടിടത്തിൽ നിന്നും ദുർഗന്ധം വന്നതോടെ പരിസരവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം നഗ്നമായ നിലയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമയെ കാണാതായത്. തുടർന്ന് കുടുംബം കുണ്ടറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഉമ കൊല്ലം ബീച്ചിലെത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. മൃതദേഹത്തിൽ കഴുത്തിന് പിന്നിലായി മുറിവേറ്റ പാടുണ്ട്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ കെട്ടിടം സാമൂഹിക വിരുദ്ധർ എത്തുന്നിടമാണെന്ന് പരിസരവാസികൾ പറയുന്നു. ലോട്ടറി വിറ്റാണ് ഉമ ജീവിച്ചിരുന്നത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ് ബിജു 3 വർഷം മുൻപ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള 2 പെൺമക്കളുണ്ട്. മൃതദേഹം സംസ്കരിച്ചു.


