തിരുവല്ല: പ്രവാസിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ നേതാവും തിരുവല്ല ബാറിലെ അഭിഭാഷകയുമായ വിബിതാ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. വിബിതാ ബാബു കടമായി വാങ്ങിയ 14 ലക്ഷം രൂപ തിരിച്ചുനല്‍കിയില്ലെന്ന് കാട്ടി കടുത്തുരുത്തി പൂഴിക്കര ജീസസ് ഭവനില്‍ മാത്യു കെ സെബാസ്റ്റ്യനാണ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്.
ആലുവ ചൂണ്ടിയിലുള്ള ഒരു വസ്തു ഇടപാടിന്റെ പേരിലാണ് അമേരിക്കന്‍ മലയാളിയായ മാത്യു തന്നെ സമീപിച്ചതെന്ന് വിബിതാ ബാബു പറഞ്ഞു. അദേഹത്തിന്റെ ലിവിങ് ടുഗതര്‍ പങ്കാളിയുമായുള്ള വസ്തു പ്രശനം പരിഹരിക്കുന്നതിനാണ് സമീപിച്ചത്. ഒരു കോടിയില്‍ അധികം തുകയുള്ള വസ്തുവിന്‍മേലുള്ള കേസ് ആയതിനാല്‍ ഫീസായി നല്ലൊരു തുക ഘട്ടംഘട്ടമായി കൈമാറി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദേഹം തുക കൈമാറിയിരുന്നു. 75 വയസിലധികം പ്രായംവരുന്ന അദേഹത്തിന്റെ തന്നോടുള്ള സമീപനത്തില്‍ പിന്നീട് മാറ്റം വന്നുവെന്നും അമേരിക്കയിലേക്ക് വിസ എടുത്ത് തരാമെന്നും അമേരിക്കയിലേക്ക് കൊണ്ടുവരാമെന്നും അദേഹം പറഞ്ഞു. ശല്ല്യമായി തുടങ്ങിയതോടെ അദേഹത്തിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും വിബിതാ ബാബു ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞു.
തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതിയില്‍ തന്റെ സഹപ്രവര്‍ത്തകനും പങ്കുണ്ടെന്ന് വിബിതാ ബാബു പറഞ്ഞു. ഇയാളുടെ ഗൂഢനീക്കത്തിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ പ്രവാസിയെ നാട്ടിലേക്ക് വിളിച്ച് വരുത്തിതത് ഇദേഹമാണെന്നും വിബിതാ ആരോപിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ ഓഫീസിലെത്തി തന്നെ അപമാനിച്ചു. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും വിബിതാ പറഞ്ഞു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഇവര്‍ അറിയിച്ചു..പണത്തിന്റെ ഒരുഭാഗം നിയമോപദേശത്തിനു തനിക്കു ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന്‍ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിതയുടെ പരാതിയില്‍ പറയുന്നു.


