Sat. Sep 19th, 2026

✍️ സുരേഷ്. സി ആർ

കേരള കമ്യൂണിസ്റ്റ്‌ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമാണ്‌ സുശീല ഗോപാലൻ (1929 – 2001). സ്‌കൂൾ കാലം മുതൽ തന്നെ ‌കമ്യൂണിസ്റ്റ് പ്രവർത്തകയായിരുന്നു. തൊഴിലാളി അവകാശങ്ങൾക്കുവേണ്ടിയും സ്‌ത്രീ പ്രശ്‌നങ്ങൾക്കെതിരെയും നിരന്തരമായി പോരാടിയിരുന്ന അവർ മൂന്നു തവണ പാർലമെന്റ്‌ അംഗമായിരുന്നു.

സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തൊഴിലാളി-മഹിള രംഗങ്ങളിൽ ശ്രദ്ധചെലുത്തിയ അവർ 1971-ൽ കയർ വർക്കേഴ്സ് സെന്റർ രൂപീകരിച്ചതുമുതൽ മരണംവരെ പ്രസിഡന്റായിരുന്നു.

സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാരാളായ സുശീല ഗോപാലൻ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തുകയും നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയാവുകയും ചെയ്തു. കേരള മന്ത്രിസഭയിൽ അംഗമാകുന്ന നാലാമത്തെ വനിതയാണ് സുശീല.

രാജ്യത്തുടനീളം ജാതി, ഭാഷ വിവേചനങ്ങൾക്കെതിരെ തൊഴിലാളികളെ സംഘടിപ്പിയ്ക്കുന്നതിൽ മികച്ച സംഘടനാ ശേഷി പുലർത്തിയിരുന്ന സുശീല ഒരു മികച്ച ട്രേഡ് യൂണിയൻ നേതാവ്, ഫെമിനിസ്റ്റ്, പ്രഭാഷക, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ആൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അവർ.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കുടുംബകോടതി, ദേശീയ വനിതാ കമ്മീഷൻ എന്നിവ സ്ഥാപിക്കുന്നതിലും സുശീല ഗോപാലൻ വഹിച്ച പങ്ക്‌ എടുത്തു പറയേണ്ടതാണ്‌.

1952 സെപ്‌തംബർ 10ന്‌ പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുമായി വിവാഹിതയായി. 1996-ൽ നായനാർ നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.