✍️ ചന്ദ്രപ്രകാശ്.എസ്.എസ്
അദ്ധ്യാപകനും,പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, നിരൂപകനും, നാടകകൃത്തും, പുരോഗമനവാദിയും ആയിട്ടും തിരുവനന്തപുരം പാറ്റൂർ പള്ളിയിലെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യാൻ വിധിക്കപ്പെട്ട എം.പി പോളിന്റെ മകളും, മലയാളനാടകത്തെ തിരുത്തിയെഴുതി പുതിയൊരു പാതയിലെത്തിച്ച സി.ജെ.തോമസ് എന്ന വലിയ പ്രതിഭയുടെ ഭാര്യയുമാണ് റോസി തോമസ്.
പിതാവിൻ്റേയും ഭർത്താവിൻ്റേയും മേൽവിലാസങ്ങളുണ്ടായിരുന്നിട്ടും അവ രണ്ടും മാറ്റിവെച്ച് തന്റേതായ പേര് സുവർണ ശോഭയോടെ മലയാള സാഹിത്യത്തിൽ റോസി തോമസ് പതിപ്പിച്ചു.
‘ഇവൻ എന്റെ പ്രിയ സി.ജെ’ എന്ന സർവകാല റെക്കോഡ് നേടിയ പുസ്തകത്തിലൂടെ എഴുത്തിലേക്കുള്ള വരവറിയിച്ച റോസി തോമസ് രണ്ട് നോവലുകളും അനവധി ലേഖനങ്ങളും പിന്നീട് എഴുതി. എം.പി. പോളിന്റെ ഒമ്പത് മക്കളിൽ മൂത്തയാളായ റോസി തോമസ് എം പി പോളിൻ്റെ ടൂട്ടോറിയലിൽ അദ്ധ്യാപകനായെത്തിയ സി ജെയുമായി പ്രണയത്തിലാവുകയും എതിർപ്പുകളെ മറികടന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ആകെ 9 വർഷത്തെ ദാമ്പത്യ ജീവിതം. മുപ്പത്തിയൊന്നര വയസിൽ റോസി വിധവയാകുമ്പോൾ 3 മക്കളുടെ അമ്മയായിരുന്നു.
ഭർത്താവായ സി.ജെ തോമസിന്റെ ഓർമ്മയ്ക്കായി എഴുതിയ പുസ്തകമാണ് ഇവൻ എന്റെ പ്രിയ സി.ജെ. ‘ജീവിച്ചിരിക്കുന്ന ഭാര്യ മൺമറഞ്ഞുപോയ ഭർത്താവിനു നൽകുന്ന പ്രേമോപഹാരം’ എന്ന് ഗ്രന്ഥകാരി വിശേഷിപ്പിച്ചിരിക്കുന്ന ഈ കൃതി മലയാളത്തിലെ മികച്ച ഓർമ്മപുസ്തകങ്ങളിലൊന്നായി കരുതപ്പെടുന്നു.
സി.ജെ.യുടെ “ഇവനെന്റെ പ്രിയപുത്രൻ” എന്ന നാടകത്തിന്റെ പേരു പിന്തുടരുന്നതാണ് “ഇവൻ എന്റെ പ്രിയ സി.ജെ.” എന്ന ഗ്രന്ഥനാമം. ഇത് ചലച്ചിത്രമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ കെ.ജി. ജോർജ്ജ് പ്രസ്താവിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഇത് ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

‘ഇവന്‍ എന്‍റെ പ്രിയ സി ജെ’യിലൂടെ, മണ്‍മറഞ്ഞു പോയ തന്‍റെ പ്രിയ ഭര്‍ത്താവിനെ മലയാളിയുടെ മനസ്സിന്‍റെ അകത്തളങ്ങളില്‍ എത്തിച്ച റോസി തോമസ് ഇനി ഒരു ജന്മമുണ്ടെങ്കില്‍ സി ജെയെ ഭര്‍ത്താവായി വേണ്ട എന്നുകൂടി ഉച്ചത്തില്‍ വിളിച്ചു പറയാനും തന്‍റേടം കാട്ടി മലയാളിയുടെ കാപട്യത്തെ പൊളിച്ചു.
“ഈ പുസ്തകം ഒരു വിലാപകൃതിയാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം അത്തരം സെന്‍റിമെന്‍റലിസത്തെ ഞാന്‍ വെറുക്കുന്നു”വെന്നാണ് സി ജെ യെക്കുറിച്ചെഴുതിയ പുസ്‌തകത്തെ പരാമര്‍ശിച്ച് റോസി തോമസ് പറഞ്ഞത്.
റോസി വാക്കുകളില്‍ പുലര്‍ത്തിയ ഈ ധീരതയും ധിക്കാരവും ഒരുപക്ഷേ എംപി പോള്‍ എന്ന ധീരനും ധിക്കാരിയുമായ അച്‌ഛനില്‍ നിന്നായിരിക്കണം അവര്‍ക്ക് ലഭിച്ചത്. കലാപകാരിയായി ജീവിച്ച ഭര്‍ത്താവ് തന്‍റെ ജീവിതത്തെ എങ്ങനെ സ്വധീനിച്ചു എന്നതിന്‍റെ സാക്‌ഷ്യമായിരുന്നു റോസിയുടെ ‘ഇവന്‍ എന്‍റെ പ്രിയ സിജെ’. വിചിത്രമായി തോന്നാവുന്ന സ്വഭാവ വിശേഷങ്ങള്‍ ഉണ്ടായിരുന്ന സിജെയെ പച്ചയായി വായനക്കാര്‍ക്ക് മുന്നിലെത്തിച്ചപ്പോള്‍ മലയാള സാഹിത്യത്തിനു ലഭിച്ചത് അപൂര്‍വ ഭാഗ്യമായിരുന്നു.
ആദ്യമായി സി ജെയെ കണ്ടതിനെക്കുറിച്ച് പുസ്‌തകത്തില്‍ റോസി വിശദീകരിക്കുന്നതിങ്ങനെ – “അസാധാരണമായി മെലിഞ്ഞ ദേഹപ്രകൃതി.സാധാരണ പൊക്കമുണ്ടെങ്കിലും ചെമ്മീന്‍റെ ആകൃതിയില്‍ത്തന്നെ ഇരിക്കണമെന്നു നിര്‍ബന്ധമുള്ളതു പോലെ തോന്നും നടപ്പിലും ഇരിപ്പിലുമൊക്കെ. അന്നത്തെ അദ്ധ്യാപകന്‍റെ സ്റ്റൈലില്‍ ഒരു ഷാള്‍ കഴുത്തില്‍ വളച്ചിട്ടിരുന്നു…” ഭാഷയിലെ ഈ ലാളിത്യം പുസ്‌തകത്തിന്‍റെ ആദ്യാവസാനം വരെ റോസി കാത്തു സൂക്ഷിച്ചു.
‘ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്ത പുസ്‌തകം’ എന്നാണ് എം ടി ‘ഇവൻ എൻ്റെ പ്രിയ സി ജെ’ എന്ന പുസ്തകത്തെ വിശേഷിപ്പിച്ചത്. ജീവിച്ചിരുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിച്ച പ്രേമോപഹാരം മലയാളിയുടെ കൈയിലെത്തിയപ്പോള്‍ വായനയുടെ ഉത്സവത്തിനായിരുന്നു തുടക്കമിട്ടത്.
‘ആനി’യാണ് റോസി തോമസിന്‍റെ മറ്റൊരു കൃതി. പശ്ചിമകേരളത്തിലെ സുറിയാനി ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലുള്ള നോവലായിരുന്നു ഇത്. ശരീരത്തില്‍നിന്ന് മനസ്സിന്‍റെ വിശുദ്ധിയിലേക്ക് ഒഴുകിയെത്തുന്ന സ്‌നേഹത്തിന്‍റെ സ്‌പര്‍ശാനുഭൂതിയായിരുന്നു ആനി പകര്‍ന്നുതന്നത്. ഭാര്യയുടെ കെട്ടുപാടുള്‍ക്കിടയിലും തനിക്ക് സാന്ത്വനമായി ലഭിച്ച സ്‌നേഹബന്ധത്തിന്‍റെ ഇടയില്‍പെട്ട ഒരു പെണ്‍കുട്ടിയുടെ തീവ്രമായ അനുഭവങ്ങളായിരുന്നു ‘ആനി’യിലൂടെ റോസി പറഞ്ഞത്.
സമൂഹത്തോടു കലഹിച്ചു നിന്ന സിജെയുടെയും റോസിയുടെയും കഥ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ നോവലാക്കിയിരുന്നു. ‘ഒരു കീറ് ആകാശം’ എന്നായിരുന്നു ഈ കൃതിയുടെ പേര്.
കൃതികളുടെ എണ്ണം കൊണ്ടല്ല മലയാളിയുടെ മനസ്സില്‍ റോസി സ്ഥാനം നേടിയത്. പുസ്‌തകങ്ങളുടെ എണ്ണത്തില്‍ അറിയപ്പെടണമെന്ന നിര്‍ബന്ധവും അവര്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. വെറുതെ എന്തെങ്കിലും എഴുതാനും റോസി തയ്യാറായിരുന്നില്ല.
‘എഴുതാന്‍ തുടങ്ങുമ്പോള്‍ അക്ഷരങ്ങള്‍ എന്‍റെ കണ്ണുനീരില്‍ കുതിരാത്ത കാലത്തു മാത്രമേ ഞാന്‍ അതിനു മുതിരുകയുള്ളൂ’ എന്നായിരുന്നു എഴുത്തിനെക്കുറിച്ച് റോസി പറഞ്ഞിരുന്നത്. ഒരു ചരിത്രം മുഴുവന്‍ ഓര്‍മ്മയാക്കി അനിവാര്യമായ മരണത്തിലേക്ക് റോസി യാത്രയായത് 2009 ഡിസംബർ 16ന് ആയിരുന്നു.


