Fri. Mar 29th, 2024

✍️  ഭഗത് സിങ് 

ഭഗത് സിംഗ് തൂക്കിലേറ്റപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് തടവറയിൽവെച്ച് എഴുതിയ ലേഖനമാണ് WHY I AM AN ATHEIST(ഞാൻ എന്തുകൊണ്ട് നാസ്തികനാണ് ?)

തൻ്റെ വധശിക്ഷ നടപ്പിലാക്കുന്ന ദിവസങ്ങളെണ്ണി ഭഗത് സിംഗ് ലാഹോർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെടേണ്ടവർക്കുള്ള പ്രത്യേക തടവറയിൽ കഴിഞ്ഞിരുന്ന സമയത്ത് അതേ ജയിലിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായ ബാബാ രൺദീർ സിംഗ് ഒരു ദിവസം ഭഗത് സിംഗിനെ കാണാൻ വന്നു.

ഭഗത് സിംഗിൻ്റെ നിരീശ്വരവാദ നിലപാടിനെ തിരുത്താൻ രൺധീർ സിംഗ് ആവുന്നത്ര ശ്രമിച്ചു. മരണമടുത്തുവരുന്ന സമയത്ത് ദൈവത്തോട് പ്രാർത്ഥിക്കാൻ അദ്ദേഹം ഭഗതിനെ ഉപദേശിച്ചു. എന്നാൽ ദൈവത്തിൻ്റെ അസ്തിത്വം ഭഗതിനെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. കോപാകുലനായ രൺധീർ സിംഗ് ഭഗതിനെ ശകാരിച്ചു.പ്രശസ്തി കൊണ്ടുണ്ടായ പൊങ്ങച്ചവും സ്വാർഥതയുമാണ് ഭഗതിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


തടവിൽ കൊടിയ യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും, ദൈവത്തെ വാഴ്ത്തുന്ന രൺധീർ സിംഗിൻ്റെ ആക്രോശങ്ങളാണ് “ഞാൻ എന്തുകൊണ്ട് നാസ്തികനാണ് ” എന്ന രചനയ്ക്ക് ഭഗത് സിംഗിന് പ്രചോദനമേകിയത്. മനുഷ്യൻ്റെ ജീവിത സാഹചര്യങ്ങളിലെ ഓരോ അവസരങ്ങളിലും ദൈവത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു കൊണ്ടു തൻ്റെ നിലപാട് വ്യക്തമാക്കുകയാണ് ഭഗത് സിംഗ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.

മത സുഹൃത്തുക്കൾക്കുള്ള മറുപടിയായിരുന്നു ലേഖനം. ഭഗത് സിംഗിൻ്റെ മരണശേഷം ലാലാ ലജ്പത് റായിയുടെ ഇംഗ്ലീഷ് വാരികയായ ദ പീപ്പിളിൽ 1931 സെപ്തം. 27 ന് ആദ്യമായി പ്രസിദ്ധീകരിച്ചു. പെരിയോറിൻ്റെ അഭ്യർത്ഥന പ്രകാരം പി. ജീവാനന്ദം ലേഖനം തമിഴ് ഭാഷയിലേക്ക് വിവർത്തനം ചെയ്തു. കുടി അരശുവിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചില വിദേശഭാഷകളിലും ലേഖനം വായിക്കാൻ കഴിയും.

എന്റെ വിധിയെ നേരിടാൻ എനിക്ക് ലഹരി ഒന്നുമാവശ്യമില്ല. ഞാനൊരു യുക്തിവാദിയാണ്. ഞാനെന്റെ ഉള്ളിലെ സാമൂഹ്യവാസനയെ കാര്യകാരണബുദ്ധികൊണ്ട് അതിജീവിക്കുകയാണ്. മുമ്പ് ഞാനിത്ര വിജയിച്ചിരുന്നില്ല. മനുഷ്യന്റെ കർത്തവ്യം എന്ന് പറയുന്നത് വിജയിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനെയാണല്ലോ, വിജയം എപ്പോഴും സാദ്ധ്യതയ്ക്കും പരിതസ്ഥിതിക്കും അനുസരിച്ചിരിക്കും.

നമ്മുടെ മുൻഗാമികൾക്ക് ലോകത്തിന്റെ നിഗൂഢത പരിഹരിക്കാൻ സമയമുണ്ടായിരുന്നപ്പോൾ, അത് എന്തുകൊണ്ടെന്ന് കണ്ടെത്താനുള്ള നേരിട്ടുള്ള തെളിവുകൾ അവർക്ക് കിട്ടിയിരുന്നില്ല. എല്ലാവരും അവരവരുടേതായ വിധത്തിൽ പ്രശ്നം പരിഹരിക്കാൻ തുടങ്ങി. അതുകൊണ്ടാണ് നമ്മൾ വിവിധ തരത്തിലുള്ള മതവിശ്വാസം കാണുന്നതും, അവ തമ്മിൽ പലപ്പോഴും പരസ്പരവിരുദ്ധമായി ഇരിക്കുന്നതും.

പാശ്ചാത്യവും പൗരസ്ത്യവുമായ വിശ്വാസങ്ങൾ മാത്രമല്ല വ്യത്യസ്തമായിരിക്കുന്നത്. ഓരോരോ പ്രദേശത്തെ വിശ്വാസങ്ങളും ചിന്താധാരകൾ പോലും വ്യത്യാസപ്പെട്ടിരിക്കുന്നു. മുസ്‌ലീം വിശ്വാസം ഹൈന്ദവവിശ്വാസവുമായി ചേർന്നുപോകുന്നില്ല. ഇന്ത്യയിലെ കാര്യം എടുത്തുനോക്കുകയാണെങ്കിൽ ബുദ്ധിസവും ജൈനിസവും ബ്രാഹ്മണിസത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, ബ്രാഹ്മണിസത്തിൽ ആര്യസമാജവും സനാതൻ ധർമ്മയും പരസ്പരവിരുദ്ധമാണ്.


പുരാതനകാലത്തെ ഒരു സ്വതന്ത്ര ചിന്തകനായിരുന്നു ചർവ്വാകൻ എന്ന് പറയാം. അദ്ദേഹം പഴയകാലത്ത് തന്നെ ദൈവത്തിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്തു. ഈ വിശ്വാസങ്ങളെല്ലാം പരസ്പരവിരുദ്ധമാണെന്ന് മാത്രമല്ല, എല്ലാവരും അവനവനാണ് ശരിയെന്ന് കരുതുകയും ചെയ്യുന്നു. അവിടെയാണ് അപകടം. പുരാതന പണ്ഡിതന്മാരുടെ നിഗമനങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിച്ച് നിഗൂഢപ്രശ്നത്തിന്റെ കുരുക്കഴിക്കാൻ നോക്കുന്നതിന് പകരം – വെറും ഉദാസീനരായി – അവർ പകർന്ന് തന്ന വിശ്വാസത്തിൽ ഒരു മാറ്റവും വരുത്താതിരിക്കാൻ മുറവിളി കൂട്ടുകയും, അങ്ങനെ മനുഷ്യന്റെ പുരോഗതി തന്നെ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

പര്യാലോചനയാണ് ഒരാളുടെ ജീവിതത്തെ നയിക്കുന്നതെങ്കിൽ അയാൾ തെറ്റുതിരുത്താൻ ബാദ്ധ്യസ്ഥനാണ്. വെറും വിശ്വാസവും അന്ധമായ വിശ്വാസവും ഒരേപോലെ അപകടകരമാണ്. അത് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും, മനുഷ്യനെ പിന്തിരിപ്പൻ ആക്കുകയും ചെയ്യുന്നു.ഞങ്ങൾ ‘വിശ്വാസികളോട്’ ചില ചോദ്യങ്ങൾ ചോദിക്കട്ടെ.താങ്കൾ വിശ്വസിക്കുന്ന പ്രകാരം, ഒരു മഹാനും, സർവ്വവ്യാപിയും, സർവ്വജ്ഞനും, സർവ്വശക്തനുമായ ദൈവമാണ് ലോകം സൃഷ്ടിച്ചതെങ്കിൽ, എന്തിനാണ് ഇത് സൃഷ്ടിച്ചത്?

ഈ ക്ലേശത്തിന്റെയും കഷ്ടപ്പാടിന്റെയും ലോകത്ത് എണ്ണമില്ലാത്ത ദുരന്തങ്ങളുടെ ഒരു ശൃംഖലയാണുള്ളത്. ഒരൊറ്റ ആത്മാവ് പോലും സംതൃപ്തരല്ല. ഇതാണവന്റെ നിയമം എന്നും അതുകൊണ്ട് പ്രാർത്ഥിക്കാനും പറയരുത്. എന്തെങ്കിലും നിയമം അനുസരിക്കാനാണ് ദൈവം പറയുന്നതെങ്കിൽ അവൻ സർവ്വശക്തനല്ല. നമ്മളെ പോലെ മറ്റൊരു അടിമ മാത്രം. ഇത് അവന്റെ ആഹ്ലാദത്തിനാണെന്ന് പറയരുത്. നീറോ ഒരു റോം മാത്രമേ കത്തിച്ചിട്ടുള്ളു. അയാൾ കുറച്ച് പേരെ മാത്രമാണ് കൊന്നൊടുക്കിയത്. അയാൾ അയാളുടെ സന്തോഷത്തിനായി ഏതാനം ദുരന്തങ്ങൾ മാത്രമേ സൃഷ്ടിച്ചിട്ടുള്ളു. ചരിത്രത്തിലയാളുടെ സ്ഥാനം എന്താണ്? എന്തുപേരുപയോഗിച്ചാണ് ചരിത്രകാരന്മാർ അയാളെ വിളിക്കുന്നത്?


സകല വിഷലിപ്ത പദങ്ങളും നീറോയുടെ മേൽ കോരിച്ചൊരിയപ്പെട്ടു. സ്വേച്ഛാധിപതിയും, ഹൃദയശൂന്യനും, അധാർമ്മികനുമായ നീറോയെ അവഹേളിക്കുന്ന അധിക്ഷേപങ്ങൾ കൊണ്ട് താളുകൾ തന്നെ കറുത്തുപോയി. ഒരു ചെങ്കിസ്‌ഖാൻ ആകട്ടെ ഏതാനം ആയിരമാൾക്കാരെ മാത്രമേ സംതൃപ്തിക്കായി കൊന്നിട്ടുള്ളു, എന്നിട്ടും നാം ആ പേര് വെറുക്കുന്നു. പിന്നെങ്ങനെയാണ് നിങ്ങൾ, ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിറ്റും എണ്ണമില്ലാത്ത ദുരന്തങ്ങൾക്ക് കാരണമാകുന്ന, നിങ്ങളുടെ സർവ്വശക്തനായ സനാതന നീറോയെ ന്യായീകരിക്കുന്നത്?

തികച്ചും നരകവും, എപ്പോഴും അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കുന്നതുമായ ഈ ലോകം എന്തിനാണ് അയാൾ സൃഷ്ടിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് സർവ്വശക്തനായ ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്? എന്താണിതിനെല്ലാം ഉള്ള ന്യായീകരണം?

കഷ്ടതകൾ അനുഭവിക്കുന്ന നിഷ്കളങ്കർ പിന്നീട് സമ്മാനിതരാകുമെന്നും തെറ്റ് ചെയ്യുന്നവർ പിന്നീട് ശിക്ഷിക്കപ്പെടുമെന്നുമാണോ നിങ്ങൾ പറയാൻ പോകുന്നത്?


എന്നാൽ, ഒരാൾ നിങ്ങളെ നിരന്തരം കത്തിയുപയോഗിച്ച് നിങ്ങളുടെ ശരീരമാസകലം കുത്തി മുറിക്കുകയും പിന്നീട് തൈലം പുരട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണോ നിങ്ങളുടെ ന്യായം?ഗ്ലാഡിയേറ്റർ പയറ്റിൽ മനുഷ്യരെ വിശന്ന് വലഞ്ഞിരിക്കുന്ന ശൗര്യമേറിയ സിംഹങ്ങളുടെ കൂട്ടിൽ ഇട്ട ശേഷം അവർ അതിജീവിക്കുകയാണെങ്കിൽ അവരെ നന്നായി പരിപാലിക്കുകയും നോക്കുകയും ചെയ്യുന്നത് എത്രമാത്രം ന്യായീകരിക്കാൻ നിങ്ങൾക്കാകും?അതാണ് ഞാൻ ചോദിക്കുന്നത്, “എന്തിനാണ് ഈ പരംപൊരുൾ ലോകം സൃഷ്ടിക്കുകയും മനുഷ്യനെ അതിലുൾപ്പെടുത്തുകയും ചെയ്തത്?സന്തോഷത്തിന് വേണ്ടിയോ? അങ്ങനെയെങ്കിൽ ദൈവവും നീറോയും തമ്മിലുള്ള വ്യത്യാസമെന്ത്?”

അല്ലയോ മുഹമ്മദീയരേ ക്രൈസ്തവരേ, ഹൈന്ദവ തത്ത്വചിന്തയ്ക്ക് പിന്നെയും കച്ചിത്തുരുമ്പുകളിൽ കടിച്ചു തൂങ്ങാം. മുകളിൽ ചോദിച്ചിരിക്കുന്ന ചോദ്യത്തിന് നിങ്ങളുടെ ഉത്തരമെന്താണ്?നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ വിശ്വസിക്കുന്നില്ല. കഷ്ടതകൾ അനുഭവിക്കുന്ന നിഷ്കളങ്കർ അവരുടെ കഴിഞ്ഞ ജന്മത്തിലെ കർമ്മഫലമാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് വാദിക്കാനാവില്ല. എന്തുകൊണ്ടാണ് സർവ്വശക്തൻ വചനത്തിലൂടെ ലോകം സൃഷ്ടിക്കാനും ഒടുവിൽ “എല്ലാം ശരിയായെ”ന്ന് പറയാനും ആറു ദിവസമെടുത്തതെന്ന് കൂട്ടത്തിൽ ചോദിച്ചോട്ടെ. അവനെ ഇന്ന് തന്നെ വിളിക്കുക. ചരിത്രം കാണിച്ചുകൊടുക്കക. ലോകത്തിന്റെ നിലവിലെ അവസ്ഥ പഠിക്കാനാവശ്യപ്പെടുക “എല്ലാം ശരിയായി” എന്ന് പറയാൻ ധൈര്യപ്പെടുമോ എന്ന് നമുക്ക് കാണാം.

ജയിലുകളിലെ ഇരുട്ടറകളിൽ നിന്നും, ചേരികളിലേയും കുടിലുകളിലേയും ദശലക്ഷക്കണക്കിന് പട്ടിണിബാധിതരായ മനുഷ്യജന്മങ്ങളിൽ നിന്നും, ചൂഷിതരായ തൊഴിലാളികളിൽ നിന്നും, രക്തമൂറ്റിക്കുടിക്കുന്ന മുതലാളിത്ത രക്തരക്ഷസ്സുകളുടെ പ്രവർത്തനങ്ങളും, മനുഷ്യരുടെ ഊർജ്ജം ചോർത്തിക്കളയുന്ന പ്രവർത്തികളും, അധിക ഉത്പാദനം ആവശ്യമുള്ളവർക്ക് വിതരണം ചെയ്യാതെ കടലിൽ എറിയുന്ന രീതിയും മുതൽ രാജാക്കന്മാരുടെ കൊട്ടാരങ്ങളുടെ അടിത്തറ മനുഷ്യന്റെ അസ്ഥികളിൽ കെട്ടിയുയർത്തുന്നതും, കാണിച്ച് കൊടുത്തിട്ട് അവനോട് ചോദിക്കൂ “എല്ലാം ശരിയാണോ” എന്ന്.


എന്തുകൊണ്ട്? എന്താണ് കാരണം? അതാണെന്റെ ചോദ്യം. നിങ്ങൾക്ക് മിണ്ടാട്ടമില്ല. സാരമില്ല, ഞാൻ തുടരാം. അല്ലയോ ഹിന്ദുക്കളേ, നിങ്ങൾ പറയുന്നു ഇപ്പോൾ ദുരിതം അനുഭവിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ പാപികളായിരുന്നു എന്ന് നിങ്ങൾ പറയുന്നു. കൊള്ളാം. ഇപ്പോഴത്തെ മർദ്ദകർ പഴയ ജന്മത്തിൽ വിശുദ്ധരായിരുന്നെന്നും, അതുകൊണ്ടാണവർക്ക് അധികാരമുണ്ടായതെന്നും നിങ്ങൾ പറയുന്നു. നിങ്ങളുടെ പൂർവ്വികർ അസാമ്മാന്യ കുശാഗ്രബുദ്ധിക്കാരായിരുന്നു എന്ന് ഞാൻ സമ്മതിക്കട്ടെ, എല്ലാ തരത്തിലുള്ള കാര്യകാരണചിന്തയേയും അവിശ്വാസത്തേയും തകർക്കാനുള്ള സിദ്ധാന്തങ്ങൾ അവരുണ്ടാക്കിയിട്ടുണ്ട്. ഈ വാദം എത്രത്തോളം നിലനിൽക്കുമെന്ന് നമുക്ക് നോക്കാം.

ഏറ്റവും നിപുണരായ നിയമജ്ഞരുടെ ദൃഷ്ടിയിൽ പോലും തെറ്റുകാർക്കുള്ള ശിക്ഷ മൂന്നോ നാലോ വിധത്തിൽ മാത്രമേ ന്യായീകരിക്കാനാകൂ. പ്രതിവിധി, പരിഷ്കരണം, നിരുത്സാഹപ്പെടുത്തൽ തുടങ്ങിയവയാണവ. എല്ലാ നവീന ചിന്തകരും കണ്ണിന് കണ്ണ് വിധത്തിലുള്ള പ്രതിവിധി സിദ്ധാന്തത്തെ ഇന്ന് അപലപിക്കുന്നു. നിരുത്സാഹപ്പെടുത്തൽ സിദ്ധാന്തവും അതേ നിയതിയാണ് നേരിടുന്നത്. പരിഷ്കരണസിദ്ധാന്തമാണ് ആവശ്യവും മനുഷ്യകുലത്തിന്റെ പരിണാമത്തിന് ഒഴിച്ചുകൂടാനാവാത്തതും. കുറ്റം ചെയ്തയാളെ സമൂഹത്തിലേക്ക് സർവ്വപര്യാപ്തനായും സമാധാനകാംക്ഷിയായും തിരിച്ചു കൊണ്ടുവരാൻ അത് ലക്ഷ്യമിടുന്നു. കുറ്റവാളികളാണെങ്കിൽ പോലും ദൈവം മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്ന ശിക്ഷയുടെ സ്വഭാവം എന്താണ്.

കാക്കയും പശുവും മരവും പുല്ലുമൊക്കെയായി അവരെ അവൻ പുനർജനിപ്പിക്കുന്നുവെന്ന് നിങ്ങൾ പറയുന്നു. അതായത് ഈ 84 ലക്ഷം ദരിദ്രരെ. അവരിലതുണ്ടാക്കുന്ന പരിഷ്കരണ പ്രഭാവം എന്താണ്? തെറ്റ് ചെയ്തതിന്റെ ശിക്ഷയായി കഴിഞ്ഞ ജന്മത്തിൽ കഴുതയായിരുന്നു എന്ന് പറയുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരാളുമില്ല. വേണ്ട, പുരാണങ്ങളിലെ കഥകൾ വിളമ്പണ്ട. അവയിൽ വീഴാൻ ഞാനുദ്ദേശിക്കുന്നില്ല.


ഈ ലോകത്തിലെ ഏറ്റവും വലിയ പാപം ദ്രരിദ്രനായി പോവുകയാണെന്ന് നിങ്ങൾക്കറിയാമോ. ദാരിദ്ര്യം ഒരേ സമയം പാപവും ശിക്ഷയുമാണ്.

ആത്യന്തികമായി മനുഷ്യനെ കൂടുതൽ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരം ആ ശിക്ഷകളെ പിന്തുണയ്ക്കുന്ന ഒരു കുറ്റശാസ്ത്ര വിദഗ്ദ്ധനെ, നിയമജ്ഞനെ, അല്ലെങ്കിൽ നിയമസഭാംഗത്തെ താങ്കൾക്ക് എത്രമാത്രം പിന്തുണയ്ക്കാനാവും?

നിങ്ങളുടെ ദൈവം ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നത് പോട്ടെ, കഷ്ടതകൾ അനുഭവിക്കുന്ന മനുഷ്യജന്മങ്ങളുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടും കൂടി ഇല്ലേ? ചെരുപ്പുകുത്തിയുടേയോ തൂപ്പുകാരന്റെയോ പോലുള്ള ദരിദ്രവും അക്ഷരാഭ്യാസം ഇല്ലാത്തതുമായ കുടുംബങ്ങളിൽ ജനിക്കുന്നതാണോ വിധി. അവൻ ദരിദ്രനാണ്, അതുകൊണ്ടവന് പഠിക്കാനാകുന്നില്ല. ഉയർന്ന ജാതിക്കാരാണെന്ന് സ്വയം കരുതുന്നവർ അവനെക്കാളും വലിയവരാണെന്ന് കരുതുകയും അവനെ വെറുക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്നു. അവനോടുള്ള അവഗണനയും, അവന്റെ ദാരിദ്ര്യവും സമൂഹത്തിന് അവന്റെ നേർക്കുള്ള സമീപനവും അവന്റെ ഹൃദയത്തെ കടുത്തതാക്കുന്നു.

അവനെന്തെങ്കിലും തെറ്റ് ചെയ്തെന്നിരിക്കട്ടെ. ആരായിരിക്കണം ശിക്ഷ അനുഭവിക്കേണ്ടത്? ദൈവമാണോ? അവനാണോ? അതോ സമൂഹത്തിലെ പഠിപ്പും വിവരവും ഉള്ളവരോ? ഉദ്ധതരും ഗർവ്വിഷ്ഠരുമായ ബ്രാഹ്മണർ മനഃപൂർവ്വം അവഗണിക്കപ്പെട്ടവരാക്കിയവർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ശിക്ഷയെ കുറിച്ച് എന്താണ് അഭിപ്രായം?അതുപോലെ തന്നെ നിങ്ങളുടെ വിശുദ്ധപുസ്തകങ്ങളിലെ ഏതാനം വാക്യങ്ങൾ കേട്ടതിനോ, വേദങ്ങൾ പഠിച്ചതിനോ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കപ്പെട്ടതിനും ആരാണ് ശിക്ഷയനുഭവിക്കുന്നത്. അവർ തെറ്റ് ചെയ്ത് പോയാൽ ആരാണ് ഉത്തരവാദി, ആരാണ് ശിക്ഷ വാങ്ങേണ്ടത്?


പ്രിയ സുഹൃത്തുക്കളേ, ഇത്തരം കപട സിദ്ധാന്തങ്ങൾ സമൂഹത്തിൽ ഉന്നതരായിട്ടുള്ളവരുടെ സൃഷ്ടിയാണ്. അവർക്ക് അവരനുഭവിച്ചുകൊണ്ടിരിക്കുന്ന അധികാരവും സമ്പത്തും മേൽക്കോയ്മയും ഇത്തരം സിദ്ധാന്തങ്ങൾ വെച്ച് ന്യായീകരിക്കേണ്ടതുണ്ട്. മനുഷ്യനെ അമരത്വത്തിന്റെ വിശ്വാസി ആക്കിയാൽ അവന്റെ എല്ലാ സമ്പത്തും കൊള്ളയടിക്കാം എന്ന് എഴുതിയത് അപ്‌ടൺ സിൻക്ലയർ ആണെന്ന് തോന്നുന്നു. ഒരു മടിയുമില്ലാതെ അവർ നിങ്ങളെ വിശ്വാസിയാക്കിത്തരും. മതോപദേശകരും അധികാരം കൈയാളുന്നവരും തമ്മിലുള്ള കൂട്ട് ജയിലിനുള്ളിലും, തൂക്കുമരത്തിന്റെ ചുവട്ടിലും, ചാട്ടവാറിലും ഇത്തരം സിദ്ധാന്തങ്ങളിലും കാണാവുന്നതാണ്.

നിങ്ങളുടെ സർവ്വശക്തനായ ദൈവം എന്തുകൊണ്ടാണ് പാപം അല്ലെങ്കിൽ കുറ്റം ചെയ്യാൻ പോകുന്ന ആളെ തടയാത്തത്? ദൈവത്തിനത് എളുപ്പത്തിൽ ചെയ്യാവുന്നതല്ലേ. യുദ്ധപ്രഭുക്കന്മാരെയോ അവരിലെ യുദ്ധക്കൊതിയേയോ നശിപ്പിക്കാനും അങ്ങനെ മഹായുദ്ധങ്ങളിൽ മനുഷ്യജന്മങ്ങൾ തകർന്നടിയുന്നത് തടയാനും ദൈവം നോക്കാത്തത് എന്തുകൊണ്ടാണ്?ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള ചിന്ത ബ്രിട്ടീഷുകാരുടെ ഉള്ളിൽ സൃഷ്ടിക്കാത്തത്?എന്തുകൊണ്ടാണ് ദൈവം എല്ലാ മുതലാളിമാരുടേയും മനസ്സിൽ തങ്ങളുടെ സ്വകാര്യസമ്പാദ്യങ്ങൾക്കുള്ള ആഗ്രഹം ഒഴിവാക്കാനും അങ്ങനെ തൊഴിലാളി സമൂഹത്തിന് ആകമാനം ഉന്നതിയുണ്ടാവുകയും ചെയ്യുന്ന പരോപകാര ഉത്സാഹം നിറയ്ക്കാത്തത് – അല്ലെങ്കിൽ എന്തുകൊണ്ടാണ് മനുഷ്യകുലത്തെ തന്നെ മുതലാളിത്തത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കാത്തത്. സോഷ്യലിസ്റ്റ് സിദ്ധാന്തം എങ്ങനെ നടപ്പിൽ വരുത്തുമെന്നാണോ നിങ്ങൾ പറയാൻ പോകുന്നത്, അതെന്തുകൊണ്ട് ദൈവത്തിന് വിട്ടുകൂട!

പൊതുജനക്ഷേമം മുൻനിർത്തി ജനങ്ങൾ സോഷ്യലിസത്തെ അംഗീകരിക്കും. എന്നാൽ നടപ്പിൽ വരുത്താൻ ബുദ്ധിമുട്ടുള്ളതാണെന്ന് മുട്ടുന്യായം പറഞ്ഞതിനെ എതിർക്കുകയും ചെയ്യും. പണ്ടത്തെ പോലെ ദൈവത്തിന് ഇടപെട്ട് സോഷ്യലിസം ശരിയാക്കിക്കൂടെ. തർക്കിക്കാൻ വരട്ടെ. ഞാൻ പറയാം, ദൈവത്തിന്റെ ആഗ്രഹം കൊണ്ടല്ല ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്നത്, അവർ ശക്തരായതുകൊണ്ടും, നമ്മൾ എതിർക്കാൻ ധൈര്യപ്പെടാത്തതുകൊണ്ടുമാണ്. ദൈവത്തിന്റെ സഹായം കൊണ്ടൊന്നുമല്ല അവർ നമ്മളെ വിധേയരാക്കി നിർത്തിയിരിക്കുന്നത്, മറിച്ച് തോക്കും, റൈഫിളും, ബുള്ളറ്റും, പോലീസും സേനാബലവും ഒക്കെ ഉപയോഗിച്ചാണ്, കൂടാതെ ഒരു സമൂഹം മറ്റൊരു സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകത്തോട് – ഒരു രാജ്യം മറ്റൊരു രാജ്യത്തെ ചൂഷണം ചെയ്യുന്നതിനോട് നമുക്കുള്ള നിർവ്വികാരത കൊണ്ടുമാണ്.


ദൈവമെവിടെ? അദ്ദേഹമെന്താണ് ചെയ്യുന്നത്? അയാൾ മനുഷ്യവംശത്തിന്റെ ഈ കഷ്ടതകൾ എല്ലാം ആസ്വദിക്കുകയാണോ? നീറോ, ചെങ്കിസ് ഖാൻ പോയിത്തുലയട്ടെ. ഈ ലോകവും മനുഷ്യരും എങ്ങനെയാണുണ്ടായതെന്ന് എന്നോട് ചോദിക്കൂ, ഞാൻ പറയാം. ഈ വിഷയത്തിൽ ചാൾസ് ഡാർവിൻ വെളിച്ചം വീശിയിട്ടുണ്ട്. അദ്ദേഹത്തെ പഠിക്കൂ. സോഹം സ്വാമിയുടെ “കോമൺസെൻസ്” വായിക്കൂ. അത് നിങ്ങളുടെ ചോദത്തിനുള്ള ഉത്തരം ഒരു പരിധി വരെ തരും.

ഇതൊരു പ്രകൃതി പ്രതിഭാസമാണ്. വിവിധ വസ്തുക്കളുടെ യാദൃശ്ചികമായ മിശ്രണം ഒരു നീഹാരികയാവുകയും അത് ഈ ഭൂമി ഉണ്ടാകുന്നതിൽ കലാശിക്കുകയും ചെയ്തു. എപ്പോൾ? ചരിത്രം നോക്കൂ. ഇതേ പോലെ തന്നെ ജീവികളും പിന്നീട് മനുഷ്യരുമുണ്ടായി. ഡാർവിന്റെ “ഒറിജിൻ ഓഫ് സ്പീഷീസ്” വായിക്കൂ. മനുഷ്യരുടെ പുരോഗതി അത്രയും പ്രകൃതിയുമായുള്ള അവന്റെ സംഘടനങ്ങളും അതിനെ അതിജീവിക്കാനുള്ള അവന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ പ്രതിഭാസത്തിന് നൽകാൻ കഴിയുന്ന ഏറ്റവും ചെറിയ വിശദീകരണമാണ് ഇത്.

അവന്റെ കഴിഞ്ഞ ജന്മത്തിലെ കർമ്മഫലമായിട്ടല്ലെങ്കിൽ എന്തുകൊണ്ട് ഒരു കുട്ടി ജന്മനാ അന്ധനായോ മുടന്തനായോ ജനിക്കുന്നു എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഇത് ജീവശാസ്ത്രജ്ഞർ ഒരു ജീവശാസ്ത്ര പ്രക്രിയയുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർ പറയുന്നത്, ഇത്തരം പ്രശ്നങ്ങളുണ്ടാകാൻ കാരണം മിക്കവാറും മാതാപിതാക്കളുടെ ആണ് അല്ലാതെ കുട്ടികളുടേത് അല്ല എന്നാണ്.


തികച്ചും ബാലിശമാണെങ്കിൽ പോലും സ്വാഭാവികമായും നിങ്ങൾ മറ്റൊരു ചോദ്യം ചോദിക്കാതിരിക്കില്ല. ദൈവമില്ലെങ്കിൽ ആൾക്കാർ എങ്ങനെയാണ് ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയത്?എന്റെ ഉത്തരം സ്പഷ്ടവും ചെറുതുമാണ്. പ്രേതങ്ങളിലും ദുഷ്ടശക്തികളിലും അവർ വിശ്വസിക്കുന്നതെങ്ങനെയാണോ അങ്ങനെ തന്നെ, ഒരൊറ്റ വ്യത്യാസം ദൈവത്തിന്റെ കാര്യത്തിൽ തത്ത്വചിന്ത താരതമ്യേന വികസിതമാണെന്ന് മാത്രം. മറ്റ് ചില പരിഷ്കരണ വാദികളെ പോലെ, ദൈവത്തിന്റെ നിലനിൽപ്പ് വിളംബരം ചെയ്ത് ആൾക്കാരെ വിധേയരാക്കിയും അവരുടെ അധികാരി ചമഞ്ഞും പ്രബലരായിരിക്കാൻ ചിലർ സൃഷ്ടിച്ചതാണ് ദൈവത്തെ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും എല്ലാ വിശ്വാസങ്ങളും, മതങ്ങളും, മതധർമ്മങ്ങളും, അതുപോലുള്ള മറ്റ് വ്യവസ്ഥകളും പിന്നീട് സ്വേച്ഛാധിപത്യപരവും ചൂഷകാത്മകവുമായ വ്യവസ്ഥകളുടേയും വർഗ്ഗവ്യത്യാസത്തിന്റെയും വെറും ഏറാന്മൂളികളായി എന്ന കാര്യത്തിൽ എനിക്ക് തർക്കമൊന്നുമില്ല. ഏതൊരു മതവിശ്വാസത്തിലും രാജാവിനെതിരെ ഉള്ള കലഹം എപ്പോഴും പാപമാണ്.

മനുഷ്യന്റെ പരിമിതികളെക്കുറിച്ചും, അവന്റെ ബലഹീനതകളെക്കുറിച്ചും, ന്യൂനതകളെക്കുറിച്ചും ബോദ്ധ്യപ്പെട്ടപ്പോൾ, പരീക്ഷണഘട്ടങ്ങൾ ധീരതയോടെ നേരിടുന്നതിന് പ്രോത്സാഹനമായും അപകടങ്ങളെ ഭയപ്പാടില്ലാതെ അഭിമുഖീകരിക്കാനും സമ്പത്തിലും ഐശ്വര്യത്തിലും ഉണ്ടായേക്കാവുന്ന വികാരവിക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിനുമായി സങ്കല്പിച്ച് ഉണ്ടാക്കിയെടുത്തതാണ് ദൈവത്തിനെ എന്നാണ് എനിക്ക് തോന്നുന്നത്.ദൈവത്തെ ദൈവം തന്നെ സൃഷ്ടിച്ച നിയമസംഹിതയായും പിതൃസമാനമായ സ്നേഹമായും വിശദമായി തന്നെ സങ്കല്പിക്കുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യൻ അവൻ ജീവിക്കുന്ന സമൂഹത്തിന് അപകടം ആകാതിരിക്കാൻ, ദൈവത്തെ കോപിഷ്ഠത കൊണ്ടും കർക്കശനിയമങ്ങൾ കൊണ്ടും ഒരു നിരുത്സാഹപ്പെടുത്തൽ ഘടകം ആക്കി മാറ്റിയിട്ടുണ്ട്. പിതൃഗുണങ്ങൾ പരിശോധിക്കുകയാണെങ്കിൽ പിതാവും മാതാവും സഹോദരിയും സഹോദരനും സുഹൃത്തും സഹായിയും ഒക്കെ ആയി ദൈവം പ്രവർത്തിച്ചിട്ടുണ്ട്. വലിയൊരു കഷ്ടതയിൽ പെട്ട് എല്ലാവരാലും ഒഴിവാക്കപ്പെട്ട് നിൽക്കുന്ന ഒരാൾക്ക് എന്തും ചെയ്യാൻ കഴിവുള്ള തന്റെ യഥാർത്ഥ സുഹൃത്ത് സഹായത്തിനായി ഉണ്ടെന്നുള്ള വിശ്വാസത്തിൽ ആശ്വാസം കണ്ടെത്താൻ കഴിയുന്നതാണ്. ആദിമസമൂഹങ്ങളിൽ ഇത് വളരെ സഹായകരമായിരുന്നു. ദുരിതത്തിൽ പെട്ട മനുഷ്യന് ദൈവം എന്ന ആശയം സഹായകരമാണ്.


വിഗ്രഹാരാധനയും മതവിശ്വാസം പടരുന്നതും തടയുന്ന പോലെ, സമൂഹം ഈ വിശ്വാസത്തിൽ നിന്നും പോരാടി പുറത്ത് കടക്കേണ്ടതാണ്. അതുപോലെ തന്നെ, മനുഷ്യൻ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുമ്പോൾ, അവൻ തന്റെ വിശ്വാസങ്ങൾ അരികിലേക്ക് മാറ്റിവെച്ച്, ഒരു യാഥാർത്ഥ്യവാദി ആകുന്നതാണ്, സാഹചര്യങ്ങൾ തന്റെ നേർക്ക് തൊടുക്കുന്ന കഷ്ടപ്പാടുകളും കുഴപ്പങ്ങളുമെല്ലാം അവൻ ധീരതയോടെ നേരിടുന്നതാണ്. ഇതാണ് എന്റെ കാര്യത്തിൽ സംഭവിച്ചത്.

കൂട്ടുകാരെ, അതെന്റെ പൊങ്ങച്ചമല്ല. എന്റെ ചിന്താരീതിയാണ് എന്നെ നിരീശ്വരവാദിയാക്കിയത്. ദൈവത്തിൽ വിശ്വസിക്കുന്നതും ഒരാളുടെ ഏറ്റവും സ്വർത്ഥപരവും ദുഷിച്ചതുമായ പ്രവർത്തിയായ പ്രാർത്ഥന ദിവസവും ചെയ്യുന്നതും എന്റെ കാര്യത്തിൽ സഹായമാവുമോ അതോ അവസ്ഥ മോശമാകുവാൻ കാരണമാകുമോ എന്നെനിക്കറിയില്ല. എല്ലാ വൈഷമ്യങ്ങളും നിരീശ്വരവാദികൾ ധീരതയോടെ നേരിട്ടിട്ടുണ്ട് എന്ന് ഞാൻ വായിച്ചിട്ടുണ്ട്, അവസാനം വരെ, അത് കഴുമരത്തിലേക്കാണെങ്കിലും തലയുയർത്തി ആണായി നിൽക്കാൻ ഞാനാഗ്രഹിക്കുന്നു.

ഞാനെങ്ങനെയാണ് കടന്ന് പോകുന്നതെന്ന് നോക്കൂ: ഒരു സുഹൃത്ത് എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. എന്റെ യുക്തിവാദത്തെപ്പറ്റി പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു, “നിന്റെ അവസാന നാളുകളിൽ നീ വിശ്വസിക്കാൻ തുടങ്ങും”. ഞാൻ പറഞ്ഞു, ഇല്ല സർ, അങ്ങനെയല്ല. അതെന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഒരു അധഃപതനമായും സദാചാരഭ്രംശമായും ആണ് ഞാൻ കാണുന്നത്. എന്റെ സ്വാർത്ഥതാത്പര്യങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കാൻ പോകുന്നില്ല.

പ്രിയ വായനക്കാരേ, കൂട്ടുകാരേ,

“ഇത് പൊങ്ങച്ചമാണോ?”
ആണെങ്കിൽ, ഞാനതിനായി നിലകൊള്ളുന്നു.
അഭിവാദ്യങ്ങൾ….
കടപ്പാട്: ചന്ദ്രപ്രകാശ്.എസ്.എസ്