Tuesday, May 24, 2022

Latest Posts

രാജ്യം 73-ാം റിപ്പബ്ലിക് ദിനാഘോഷം പൊടിപൊടിക്കുമ്പോൾ

✍️  ലിബി. സി എസ്

രാഷ്ട്രീയ അധികാരങ്ങൾ ലഭിക്കാതെ പിന്നാക്ക വിഭാഗത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന ഡോ ബാബാ സാഹിബ് അംബേദ്കറുടെ അഭിപ്രായങ്ങൾക്ക് പ്രസക്തിയേറുന്ന സന്ദർഭത്തിലാണ് ഈ റിപ്പബ്ലിക് ദിനാഘോഷം കടന്നുപോകുന്നത്.

തീഷ്ണമായ ഭാഷയിലും, പ്രവചന സ്വഭാവത്തോടെയും, ദീർഘവീക്ഷണത്തോടെയും അദ്ദേഹം കുറിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്: അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾ എപ്പോഴൊക്കെ സമത്വവും നീതിയും നിയമവും നടപ്പിലാക്കണമെന്നും നിയമനിർമ്മാണ സഭകളിലും ഉദ്യോഗ മേഖലകളിലും പങ്കാളിത്തമാവശ്യപ്പെട്ടും രംഗത്തെത്തുന്നുവോ അപ്പോഴെല്ലാം ഭരണ വർഗത്തിന്റെയും അവരുടെ പിണിയാളുകളുടെയും ഭാഗത്തുനിന്ന്‌ ദേശീയത അപകടത്തിലാണെന്നോ, ഭാരത്‌ മാതാ കീ ഗോമാതാവെന്നോ, ബ്രഹ്മചര്യം ഊർന്നുപോകുമെന്നോ ഒക്കെയുള്ള വൃത്തികെട്ട നിലവിളികൾ ഉയർത്തുമെന്ന സൂചനകൾ അക്കാലത്തു തന്നെ അദ്ദേഹം നൽകിയിരുന്നു.

വർഗപരമായ സിദ്ധാന്തങ്ങളും വിഭജനങ്ങളും പ്രശ്നങ്ങളും വർഗ വൈരുദ്ധ്യങ്ങളും തങ്ങളുടെ ഭരണത്തിന്‌ അപകടമാണെന്നും വ്യക്തമായി ധാരണയുള്ളതുകൊണ്ടാണ്‌ ഭരണ വർഗങ്ങൾ ദേശീയതയുടെയും ദേശീയ ഐക്യത്തിന്റെയും പേരിൽ വൈകാരികത ഉയർത്തിവിടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൃത്യമായി ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ തന്നെ അംബേദ്കർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ സമകാലിക ഇന്ത്യയിൽ കൂടുതൽ പ്രസക്തമായി തീരുകയാണ്‌.
രാഷ്ട്രം എന്ന തന്‍റെ ആശയം വിശദീകരിക്കാന്‍ ഫ്രഞ്ച് തത്വചിന്തകന്‍ ഏണസ്റ്റ് റെനാന്‍റെ ആശയങ്ങളെ ഡോ. അംബേദ്കര്‍ കൂട്ടുപിടിച്ചിരുന്നു. ”ഒരു രാജ്യം ജീവിക്കുന്ന ഒരു ആത്മാവും, ആത്മീയതത്വവുമാണ്. രണ്ടു കാര്യങ്ങള്‍ സത്യത്തില്‍ ഈ ആത്മാവിന്‍റെയും ആത്മീയതത്വത്തിന്‍റെയും ഭാഗമാണ്. ഒന്ന് ഭൂതകാലവും മറ്റേത് വര്‍ത്തമാനകാലവുമാണ്. എല്ലാവരുടേതുമായ സമ്പന്നമായ സ്മരണകളുടെ പാരമ്പര്യമാണ് ഒന്ന്. മറ്റേത് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹവും, അനന്തര തലമുറയിലേക്ക് പകര്‍ന്നു കിട്ടിയ അവിച്ഛിന്നമായ പാരമ്പര്യം സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയുമത്രെ. ഒരു വ്യക്തിയെപ്പോലെ തന്നെ രാഷ്ട്രം എന്നത് കഴിഞ്ഞകാല പരിശ്രമങ്ങളും ത്യാഗങ്ങളും സമര്‍പ്പണവുമാണ്……. ഐതിഹാസികമായ ഭൂതകാലം, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, പ്രതാപം എന്നിവ ചേര്‍ന്ന സാമൂഹ്യ മൂലധനമാണ് രാഷ്ട്രമെന്ന സങ്കല്പത്തിന്‍റെ അടിസ്ഥാനം’’ എന്നാണ്ഏണസ്റ്റ് റെനാന്‍ പറഞ്ഞിട്ടുള്ളത്.

ബാബാസാഹേബ് തന്‍റെ ജീവിതത്തിലുടനീളം, ഈ രാഷ്ട്ര സങ്കല്പത്തെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്‍റെ ആ ദശാസന്ധിയില്‍ ഇന്ത്യ ഒരു രാഷ്ട്രമായി രൂപപ്പെട്ടു വരികയായിരുന്നല്ലോ. ഇക്കാര്യത്തില്‍ മഹാത്മാഗാന്ധിയുമായി അദ്ദേഹം നിരന്തരം വാദപ്രതിവാദങ്ങൾ തന്നെ നടത്തിയിരുന്നു.

ഭരണഘടനാ നിര്‍മാണ കരട് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കേ, ഭരണഘടനാ അസംബ്ളിയിലെ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് ബാബാസാഹേബ് ഇങ്ങനെ പറഞ്ഞു : “1950 ജനുവരി 26 ന് നമ്മള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞൊരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയ രംഗത്ത് നമുക്ക് തുല്യ അവസരമുണ്ട്. എന്നാല്‍ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ അസമത്വം നിലനില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ ഒരു മനുഷ്യന് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്വം തിരിച്ചറിയുന്നു. നമ്മുടെ സാമൂഹിക സാമ്പത്തിക ജീവിത്തില്‍ നമ്മുടെ സാമൂഹ്യ സാമ്പത്തിക ഘടനയുടെ ഫലമായി ഒരു മനുഷ്യന്‍ ഒരു മൂല്യം എന്ന തത്വത്തെ തുടര്‍ച്ചയായി നിഷേധിക്കാന്‍ കഴിയും. എത്രനാള്‍ നമുക്കിതു പോലെയുള്ള വൈരുദ്ധ്യങ്ങളുമായി ജീവിക്കാന്‍ സാധിക്കും? എത്രകാലം നമ്മുടെ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ സമത്വത്തെ നിഷേധിക്കാനാകും?എത്രയും പെട്ടെന്ന് തന്നെ ഈ വൈരുദ്ധ്യത്തെ നാം ഇല്ലാതാക്കണം. അല്ലാത്തപക്ഷം അസമത്വംകൊണ്ട് കഷ്ടപ്പാടനുഭവിക്കുന്നവര്‍ ഭരണഘടനാ നിയമനിര്‍മാണ സഭ കഷ്ടപ്പെട്ട് വളര്‍ത്തിയുണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യഘടനയെ തകര്‍ക്കും.”

അദ്ദേഹം തുടര്‍ന്നു- ”സ്ത്രീകള്‍ക്കുണ്ടാകുന്ന നേട്ടത്തിലൂടെ മാത്രമേ ഒരു സമുദായത്തിന്‍റെ വളര്‍ച്ചയുടെ തോത് നിര്‍ണയിക്കാനാകൂ’’ എന്ന്. ഒരു രാജ്യം അതിന്‍റെ ഭൂതകാലത്തിലെ മോശപ്പെട്ട ഓര്‍മകളെ തീര്‍ച്ചയായും മറക്കണമെന്നും, ഭരണഘടനാ നിര്‍മാണസഭ ലക്ഷ്യം വെക്കുന്ന സാമൂഹിക സമത്വവും, സാഹോദര്യവും എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കണമെന്നും ഏണസ്റ്റ് റെനാന്‍ പറഞ്ഞത് ശരിയാണ്. ആ പൈതൃകത്തിലാണ്, ഇന്ത്യയുടെ എക്കാലത്തേയും അഭിമാന താരകവും അനശ്വരപുത്രനുമായ ബാബാസാഹേബ് ഡോ. ഭീംറാവു അംബേദ്കറെയാണ്, ഈ റിപ്പബ്ലിക് ദിനത്തിൽ നാം സ്മരിക്കേണ്ടത്.

നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളെ തിരിച്ചറിയുകയും അവയെ എങ്ങനെ പ്രായോഗികമായി പരിഹരിക്കാനാകുമെന്ന് അന്വേഷിക്കുകയും ചെയ്തതാണ് ഡോ. അംബേദ്കറുടെ പ്രസക്തി. വളരെ ഉത്പതിഷ്ണുക്കളും പുരോഗമന ചിന്താഗതിക്കാരും അതേസമയംതന്നെ പാരമ്പര്യവാദികളും ഉള്‍പ്പെടുന്ന ഭരണഘടനാ നിര്‍മാണസഭയില്‍ അതിന്റെ കരട് തയ്യാറാക്കുന്നതിനുള്ള ഉപസമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് സാമൂഹിക നീതിക്കായുള്ള നിരവധി വകുപ്പുകള്‍ ഭരണഘടനയില്‍ ഇടംപിടിച്ചത്.

അദ്ദേഹം എപ്പോഴും മാനുഷികമൂല്യങ്ങള്‍ക്കും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനുമാണ് പ്രാധാന്യം നല്‍കിയത്. സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യവും ജനാധിപത്യമില്ലാത്ത സ്വാതന്ത്ര്യവും സാഹോദര്യമില്ലാത്ത ജനാധിപത്യവും ആത്യന്തികമായി രാജ്യത്തെ തകര്‍ക്കും എന്ന ദീര്‍ഘദൃഷ്ടി അദ്ദേഹത്തിനുണ്ടായിരുന്നു. സാമൂഹിക, സാമ്പത്തിക ജനാധിപത്യത്തിന്റെ കണികപോലും ദര്‍ശിക്കാനാകാത്ത ഗോത്രമേഖലകളില്‍ മാവോവാദവും അസ്വസ്ഥതകളും ഉടലെടുത്തിരിക്കുന്നത് ഇവിടെ കൂട്ടിവായിക്കാവുന്നതാണ്. നിന്ദിതന്റെയും പീഡിതന്റെയും മാറ്റിനിര്‍ത്തപ്പെടുന്നവന്റെയും അനുഭവതീക്ഷ്ണത സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിയുകയും സഹസ്രാബ്ദങ്ങളുടെ അടിച്ചമര്‍ത്തലും അപമാനവും സഹിക്കേണ്ടിവന്ന ഒരു സമൂഹത്തെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നു എപ്പോഴും ഡോ. അംബേദ്കറുടെ കര്‍മപഥത്തില്‍ ഉണ്ടായിരുന്നത്.

ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍, ഭരണഘടനയിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ഭരണസംവിധാനത്തിന് ഊടും പാവും നല്‍കി. ഇന്ത്യന്‍ ഭരണഘടന, അയിത്താചരണം ശിക്ഷാര്‍ഹമാണെന്ന് കല്‍പ്പിക്കുന്നതുവരെ അധഃസ്ഥിതര്‍ക്ക് പലതരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുടിവെള്ളത്തിനുള്ള പൊതുകിണറുകളും ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളും വിദ്യാഭ്യാസത്തിനുള്ള സ്‌കൂളുകളും യാത്രയ്ക്കുള്ള പൊതുനിരത്തുകളും നാണം മറയ്ക്കുന്നതിനുള്ള വസ്ത്രങ്ങളും അവര്‍ക്ക് വിലക്കപ്പെട്ടു. അവരുടെ ദര്‍ശനവും സ്​പര്‍ശനവും ശബ്ദവും മാത്രമല്ല നിഴല്‍പോലും സമൂഹത്തില്‍ അശുദ്ധിയുണ്ടാക്കിയതായി കരുതിപ്പോന്നു.

അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ഡോ. ധനഞ്ജയ് കീര്‍ രേഖപ്പെടുത്തിയിട്ടുള്ള വാക്കുകള്‍ ഈ കാലഘട്ടത്തിലും ശ്രദ്ധേയമാണ്: “വണ്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു അയിത്തജാതിക്കാരന്‍, ജാതിഹിന്ദുക്കളാല്‍ ആട്ടിയോടിക്കപ്പെട്ടവന്‍, പ്രൊഫസറെന്ന നിലയില്‍ അപമാനിക്കപ്പെട്ടവന്‍, ഹോട്ടലുകളില്‍നിന്നും സലൂണുകളില്‍നിന്നും അമ്പലങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവന്‍, ബ്രിട്ടീഷുകാരുടെ ശിങ്കിടിയെന്ന് ശപിക്കപ്പെട്ടവന്‍, ഹൃദയശൂന്യനായ രാഷ്ട്രീയക്കാരനെന്നും ചെകുത്താനെന്നും മുദ്രകുത്തി വെറുക്കപ്പെട്ടവന്‍, മഹാത്മാവിനെ നിന്ദിച്ചവന്‍..” എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഇന്നാട്ടുകാര്‍ ഡോ. അംബേദ്കറുടെ മേല്‍ ചൊരിയുമ്പോഴാണ് അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ നിയമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.’

ഭരണഘടനാശില്പി, സാമൂഹിക പരിഷ്‌കര്‍ത്താവ്, നിയമജ്ഞന്‍ എന്നിങ്ങനെ വിവിധനിലകളില്‍ അടിമത്തവും അനീതിയും ഇല്ലാതാക്കുന്നതിനായി ഇന്ത്യാചരിത്രത്തില്‍ ജ്വലിക്കുന്ന വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ. ബി.ആര്‍. അംബേദ്കര്‍. ജാതിവ്യവസ്ഥയുടെ ആശയ അടിത്തറ തകര്‍ക്കാന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ആരായിരുന്നു ശൂദ്രര്‍’. ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കെതിരെ നിശിതമായ വിമര്‍ശം ഇതില്‍ ഉന്നയിക്കുകയുണ്ടായി. ന്യൂനപക്ഷ പ്രശ്നങ്ങളും അദ്ദേഹം അവതരിപ്പിച്ചു. 1947 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘സ്റ്റേറ്റ് ആന്‍ഡ് മൈനോറിറ്റീസ്’ എന്ന പുസ്തകം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മൌലികാവകാശങ്ങള്‍, അധഃസ്ഥിതരുടെ സുരക്ഷയുടെ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനങ്ങളാണ്.

1949 നവംബറില്‍ നാം അംഗീകരിച്ച ഭരണഘടനയെപ്പറ്റി അദ്ദേഹത്തിന് ഏറെ അഭിമാനമായിരുന്നു. ഭരണഘടനയെപ്പറ്റി അദ്ദേഹം സംക്ഷിപ്തമായി ഇങ്ങനെ പറഞ്ഞു ‘’ഭരണഘടനാസമിതി തയ്യാറാക്കിയ കരട് ഭരണഘടന ഈ രാജ്യത്തിന് സ്വതന്ത്രപ്രയാണമാരംഭിക്കാന്‍ മതിയായ ഒന്നാണ്. സമാധാനകാലത്തും യുദ്ധകാലത്തും ഈ രാജ്യത്തെ യോജിപ്പിച്ച് നിര്‍ത്താവുന്ന തരത്തില്‍ പ്രവര്‍ത്തനോന്മുഖവും അതേസമയം, അയവുള്ളതുമാണ് ഇതിന്റെ ഘടന എന്ന് ഞാന്‍ കരുതുന്നു. എന്നിരിക്കിലും ഞാനിതുകൂടി പറയുന്നു, കാര്യങ്ങള്‍ നല്ലരീതിയില്‍ പോകുന്നില്ലെങ്കില്‍ അത് നമ്മുടെ ഭരണഘടനയുടെ കുഴപ്പംകൊണ്ടല്ല. മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പങ്ങള്‍കൊണ്ടായിരിക്കും.’’ അതുകൊണ്ട് ഇനിയുള്ള മുന്നേറ്റം ഭരണഘടന വിഭാവനംചെയ്തിട്ടുള്ള പൂര്‍ണ ജനാധിപത്യ സാക്ഷാത്കാരത്തിന് വേണ്ടിയാകട്ടെ..!
അദ്ദേഹത്തിൻറെ തന്നെ രാജ്യസഭാ പ്രസംഗത്തിലെ ‘ജനാധിപത്യത്തിന്റെ ശ്രീകോവിൽ ചെകുത്താന്മാർ കയ്യടക്കിയപ്പോൾ’ എന്ന പ്രയോഗം അന്വർത്ഥമാക്കിക്കൊണ്ട് ഫാസിസം ഭരണഘടനയെയും ജനാധിപത്യത്തെയും നിയമ വ്യവസ്ഥയെയും പാർലമെൻറിലും തെരുവിലും വെല്ലുവിളിക്കുന്ന ഈ കെട്ടകാലത്ത് ഭരണഘടന വിഭാവനംചെയ്തിട്ടുള്ള പൂര്‍ണ ജനാധിപത്യ സാക്ഷാത്കാരത്തിന് വേണ്ടിയാകും ഇനിയുള്ള മുന്നേറ്റം എന്ന് പ്രതിജ്ഞ ചെയ്യുകയാണ് മരണത്തിന് കീഴടങ്ങുന്ന അവസാന നിമിഷങ്ങളിൽപോലും തൻറെ ജനതയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ട ഡോ. ബാബാ സാഹിബ് അംബേദ്കർക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി.

 Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.