✍️ ചന്ദ്രപ്രകാശ്.എസ്.എസ്
1954 ലാണ് പത്മ പുരസ്ക്കാരങ്ങൾ നിലവിൽ വന്നത്. നാളിതുവരെ അൻപതിലധികം വ്യക്തികൾ പുരസ്ക്കാരം നിഷേധിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായി കിട്ടിയ പുരസ്ക്കാരം ചില കുടുംബങ്ങൾ തിരസ്ക്കരിച്ചിട്ടുണ്ട്. ചിലർ പുരസ്ക്കാരം വാങ്ങിയ ശേഷം എന്തെങ്കിലും പ്രത്യേക കാരണങ്ങളാൽ എപ്പോഴെങ്കിലും തിരികെ നൽകിയിട്ടുണ്ട്.
ഒരിക്കൽ നിഷേധിച്ചവർ പിന്നീട് വാങ്ങിയിട്ടുണ്ട്. നിഷേധിച്ച പലരും ഇന്നും ഔദ്യോഗിക പുരസ്ക്കാരപ്പട്ടിക അലങ്കരിക്കുന്നുമുണ്ട്.
ഈ പുരസ്ക്കാരങ്ങൾ നൽകുന്നത് രാഷ്ട്രപതിയാണ്. ഒരു വ്യക്തിയ്ക്ക് നൽകിയ പുരസ്ക്കാരം പിൻവലിക്കാനും രാഷ്ട്രപതിയ്ക്ക് അധികാരമുണ്ട്. പുരസ്ക്കാരം ലഭിച്ച വ്യക്തി ക്രിമിനൽ കേസ്സിൽ പെട്ടാലും, പുരസ്ക്കാരം ദുർവിനിയോഗം ചെയ്തതായി ബോദ്ധ്യപ്പെട്ടാലും നൽകിയ പുരസ്ക്കാരം പിൻവലിക്കാനുള്ള അധികാരം രാഷ്ട്രപതിയ്ക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പ്രാവർത്തികമാകാറില്ല.
എന്തെങ്കിലും പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ചല്ല പത്മ പുരസ്ക്കാരങ്ങൾ നൽകുന്നതെന്ന് ഏവർക്കും അറിയുമല്ലോ? പുരസ്ക്കാരം നിഷേധിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. ചിലർ അത് പറയാറുണ്ട്. ചിലർ
നിഷേധിക്കുന്നു എന്ന് ഒറ്റവാക്കിൽ പറഞ്ഞ് കാരണം വെളിപ്പെടുത്താറില്ല.
1954 മുതൽ 2022 വരെയുള്ള 68 വർഷ കാലയളവിൽ 4900 പേർക്ക് പത്മ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാരതരത്നം – 48
പത്മവിഭൂഷൺ – 325
പത്മഭൂഷൺ – 1287
പത്മശ്രീ – 3240
നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ കുടുംബം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി നൽകിയ ഭാരതരത്നം 1992 ൽ നിഷേധിച്ച ചരിത്രമുണ്ട്.
രണ്ടാമത്തെ വലിയ ബഹുമതിയായ പത്മവിഭൂഷൺ നിരസിച്ചവരും നിരവധിപേരാണ്.
1973 ൽ പി.എൻ.ഹക്സർ പത്മവിഭൂഷൺ നിഷേധിച്ച വ്യക്തിയാണ്. ഇന്ത്യോ – സോവിയറ്റ് സൗഹൃദത്തിൻ്റേയും ഷിംല കരാറിൻ്റേയും മധ്യസ്ഥനും,ശില്പിയും എന്ന നിലയിലാണ് ഹക്സറെ അന്ന് പരിഗണിച്ചത്. എന്നാൽ ചെയ്ത പ്രവൃത്തിയ്ക്ക് പുരസ്ക്കാരം വേണ്ട എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാനന്ദ 2000 ൽ പത്മവിഭൂഷൺ നിരസിച്ച വ്യക്തിയാണ്. സ്ഥാപനത്തിൻ്റെ പേരിലല്ല, തീരുമാനം വ്യക്തിപരമാണെന്നാണ് അന്ന് അദ്ദേഹം വിശദമാക്കിയത്.
പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയും 2015ലെ പത്മവിഭൂഷൺ ജേതാവുമായ പ്രകാശ് സിംഗ് ബാദൽ കേന്ദ്ര സർക്കാർ കാർഷിക നിയമം കൊണ്ടുവന്നപ്പോൾ പ്രതിഷേധ സൂചകമായി പത്മവിഭൂഷൺ തിരികെ നൽകി. 2011 ൽ ലക്ഷ്മി ചന്ദ് ജയിനിൻ്റെ കുടുംബം മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ നിഷേധിച്ചിട്ടുണ്ട്.
പത്മഭൂഷൺ നിഷേധിച്ചവരും നിരവധിയുണ്ട്. ഈ ബഹുമതി 1959ൽ നിരസിച്ച ബംഗാളി നാടകപ്രവർത്തകനാണ് സിസിർ കുമാർ ഭാദുരി. നാടകത്തെ സർക്കാർ ഗൗരവമായി കാണാത്തതിൽ പ്രതിഷേധിച്ചാണ് നിഷേധം.
1974 ൽ പത്മഭൂഷൺ ബഹുമതി നേടിയ എഴുത്തുകാരൻ ഖുശ്വന്ത് സിംഗ് ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ പ്രതിഷേധിച്ച് പുരസ്ക്കാരം തിരികെ നൽകി. എന്നാൽ 2007 ൽ അദ്ദേഹം പത്മവിഭൂഷൺ സ്വീകരിച്ചു.
സാമൂഹ്യ ശാസ്ത്രജ്ഞനായ ജി.എസ്.ഘുരെ പത്മഭൂഷൺ നിരസിച്ച വ്യക്തിയാണ്. പത്രപ്രവർത്തകൻ നിഖിൽ ചക്രവർത്തി 1990 ൽ പത്മഭൂഷൺ നിരസിച്ചു. പത്രപ്രവർത്തകർ സർക്കാർ സംവിധാനത്തിൽ നിന്നും ഇത്തരം പുരസ്ക്കാരങ്ങൾ പറ്റുന്നതിൽ എതിർപ്പുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കെ.സുബ്രഹ്മണ്യം 1999ലെ പത്മഭൂഷൺ നിരസിച്ച വ്യക്തിയാണ്. ബ്യൂറോക്രാറ്റുകളും, പത്രപ്രവർത്തകരും സർക്കാരിൽ നിന്നും പുരസ്ക്കാരങ്ങൾ സ്വീകരിക്കാൻ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. വ്യവസായി കേശൂബ് മഹീന്ദ്ര 2003 ൽ കാരണം വ്യക്തമാക്കാതെ പത്മഭൂഷൺ അവാർഡ് നിരസിച്ച വ്യക്തിയാണ്.
2003 ൽ ആർ എസ് എസ് നേതാവ് ദത്തോപന്ത് ടേംഗ്ഡി പത്മഭൂഷൺ നിരസിച്ചു. ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിനും എം എസ് ഗോൾവൾക്കർക്കും മരണാനന്തര ബഹുമതിയായിട്ടെങ്കിലും ഭാരതരത്നം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നിഷേധം.
സർവോദയ പ്രവർത്തകനായ സിദ്ധരാജ് ധദ്ദ 2003 ൽ പത്മഭൂഷൺ നിരസിച്ചയാളാണ്.
സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എസ്.ആർ.ശങ്കരൻ 2005 ൽ പത്മഭൂഷൺ നിരസിച്ചു. കർത്തവ്യനിർവഹണം നടത്തിയതിൻ്റെ പേരിൽ ഒരു പുരസ്ക്കാരവും സ്വീകരിക്കില്ല എന്നതായിരുന്നു നിലപാട്.
പ്രശസ്തയായ എഴുത്തുകാരി കൃഷ്ണ സോബ്തി 2010 ൽ പത്മഭൂഷൺ പുരസ്ക്കാരം സ്വീകരിക്കാൻ വിസമ്മതിച്ചു. 2013 ൽ പ്രശസ്ത പിന്നണി ഗായിക കേരളത്തിൻ്റെ സ്വന്തം എസ്.ജാനകി പത്മഭൂഷൺ നിരസിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട കരിയറിൽ പുരസ്ക്കാരം വൈകി എത്തിയതുകൊണ്ടാണ് നിരസിച്ചത്. രാജ്യത്തിൻ്റെ തെക്കൻ ഭാഗത്തുള്ള കലാകാരന്മാരെ കുറച്ചുകൂടി പരിഗണിക്കണമെന്ന് പറഞ്ഞുവച്ചാണ് എസ്.ജാനകി അന്ന് പ്രതിഷേധം കടുപ്പിച്ചത്.
2014 ൽ ഇന്ത്യയുടെ 27-മത് ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്.വർമ്മയുടെ കുടുംബം അദ്ദേഹത്തിന് മരണാനന്തരം ലഭിച്ച പത്മഭൂഷൺ നിഷേധിച്ചിട്ടുണ്ട്. ജീവിച്ചിരിക്കെ അധികാരത്തിനോ, പദവിക്കോ, പ്രതിഫലത്തിനോ, പ്രീതിക്കോ, ലോബിയിംഗിനോ വഴങ്ങാത്ത വ്യക്തിയായിരുന്നു വർമ്മയെന്നാണ് അന്ന് കുടുംബം വിശദമാക്കിയത്.
ഹിന്ദി എഴുത്തുകാരനും പാർലമെൻ്റേറിയനുമായ സേത്ത് ഗോവിന്ദ ദാസ് 1961 ൽ ലഭിച്ച പത്മഭൂഷൺ 1968ൽ തിരികെ നൽകി.1963ലെ ദൗദ്യോഗിക ഭാഷാ നിയമത്തിൽ പ്രതിഷേധിച്ചായിരുന്നു അത്. ഇംഗ്ലീഷ് ഭാഷയുടെ ഔദ്യോഗിക ഉപയോഗം തുടരുന്നതിലായിരുന്നു പ്രതിഷേധം. ഇതേ കാരണത്താൽ ഹിന്ദി നോവലിസ്റ്റും നാടകകൃത്തുമായ വൃന്ദാവൻ ലാൽ വർമ്മ 1965ൽ ലഭിച്ച പത്മഭൂഷൺ 1968ൽ തിരികെ നൽകി.
പ്രശസ്തനായ കന്നഡ നോവലിസ്റ്റ് ശിവരാമ കാരന്ത് 1968ൽ ലഭിച്ച പത്മഭൂഷൺ, അടിയന്തിരാവസ്ഥ രാജ്യത്ത് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് 1975 ൽ തിരികെ നൽകി.
1986 ലാണ് സസ്യശാസ്ത്രജ്ഞനും സെൻ്റർ ഫോർ സെല്ലുലാർ ആൻ്റ് മോളിക്യൂലാർ ബയോളജി സ്ഥാപക ഡയറക്ടറുമായ പുഷ്പ മിത്ര ഭാർഗ്ഗവയ്ക്ക് പത്മഭൂഷൺ സമ്മാനിച്ചത്. 2015ൽ നടന്ന ദാദ്രി ആൾക്കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും, നിലവിലുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുമാണ് പുഷ്പ മിത്ര ഭാർഗ്ഗവ പുരസ്ക്കാരം തിരികെ നൽകിയത്.
2019 ൽ പത്മഭൂഷൺ ലഭിച്ച അകാലിദൾ(ഡി)നേതാവ് സുഖ്ദേവ് സിംഗ് ദിൻഡ്സ കർഷക സമരത്തെ പിന്തുണച്ച് 2020 ഡിസംബറിൽ പുരസ്ക്കാരം തിരികെ നൽകി.
പത്മശ്രീ നിഷേധിച്ചവരും കുറവല്ല. മലയാള സാഹിത്യകാരൻ സുകുമാർ അഴീക്കോട് 2007 ൽ ഇത്തരം ബഹുമതികൾ “ഭരണഘടനാവിരുദ്ധം” എന്ന് പറഞ്ഞാണ് പത്മശ്രീ നിരസിച്ചത്.
പത്രപ്രവർത്തകനും എഴുത്തുകാരനുമായ സാധു സിംഗ് ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ പ്രതിഷേധിച്ച് 1984 ൽ ലഭിച്ച പത്മശ്രി ആറ് മാസം കഴിഞ്ഞപ്പോൾ തിരികെ നൽകി.
സ്വാതന്ത്ര്യ സമരസേനാനി ആശാദേവി ആര്യനായകം(1954)
രാഷ്ട്രീയ നേതാവ് കാശി പ്രസാദ് പാണ്ഡെ(1967)
ഒറിയ കവിയും നാടകകൃത്തുമായ കവിചന്ദ്ര കാളീചരൺ പട്നായിക്ക്(1974)
സംഗീത സംവിധായകനും ഗായകനുമായ ഹേമന്ത് കുമാർ(1988)
മനുഷ്യസ്നേഹത്തിൻ്റെ പ്രതീകമായ ചന്ദ് സവ് രാജ് ഗാർഡി(2002)
എഴുത്തുകാരൻ മാമോനി റൈസോം ഗോസ്വാമി(2002)
എഴുത്തുകാരൻ ചന്ദ്രപ്രസാദ് സൈകിയ(2002)
ആസാമീസ് പത്രപ്രവർത്തകൻ കനക് സെൻ ദേക( 2005)
കലാകാരൻ കുന്നഗോഡു വിഭൂതി സുബ്ബണ്ണ(2005)
ബോളിവുഡ് തിരക്കഥാകൃത്ത് സലിംഖാൻ(2015)
തമിഴ് എഴുത്തുകാരൻ ബി.ജയമോഹൻ(2016)
മാധ്യമ പ്രവർത്തകൻ വീരേന്ദ്ര കപൂർ(2016)
വിലായത്ത് ഖാൻ്റെ ഇളയ സഹോദരനും സിത്താറിസ്റ്റുമായ ഇമ്രത് ഖാൻ(2017)
ആത്മീയാചാര്യൻ സിദ്ധേശ്വർ സ്വാമി(2018)
എഴുത്തുകാരി ഗീത മേത്ത(2019) തുടങ്ങിയവർ വിവിധ കാരണങ്ങളാൽ പത്മശ്രീ നിഷേധിച്ചവരാണ്.
2015ൽ ഇസ്മാഈലി ഷിയ മുസ്ലീങ്ങളുടെ ദാവൂദി ബോഹ്റ വിഭാഗം നേതാവ് മുഹമ്മദ് ഖുർഹാനുദ്ദീന് മരണാനന്തരം നൽകിയ പത്മശ്രീ കുടുംബം വ്യക്തിപരമായ കാരണങ്ങളാൽ നിഷേധിച്ചു.
പത്മ പുരസ്ക്കാരം വിവിധ കാരണങ്ങളാൽ തിരിച്ചുനൽകിയവർ നിരവധിയാണ്.
1963ലെ ഔദ്യോഗിക ഭാഷാ നിയമത്തിൽ പ്രതിഷേധിച്ച് ഹിന്ദി കവിയും പത്രപ്രവർത്തകനുമായ ഗോപാൽ പ്രസാദ് വ്യാസ് പത്മശ്രീ തിരികെ നൽകി. അടിയന്തിരാവസ്ഥക്കെതിരെ പ്രതിഷേധം എന്ന നിലയിൽ 1970 ൽ ലഭിച്ച പത്മശ്രീ 1977 തിരിച്ചുനൽകി ശ്രദ്ധേയനായ വ്യക്തിയാണ് ഫണീശ്വർ നാഥ രേണു. കാശ്മീരി വിഘടനവാദിയായ മഖ്ബൂൽ ഭട്ടിൻ്റെ വധശിക്ഷയിൽ പ്രതിഷേധിച്ച് കാശ്മീരി എഴുത്തുകാരൻ അക്തർ മൊഹിയുദ്ദീൻ 1968ൽ ലഭിച്ച പത്മശ്രി 1984 ൽ തിരികെ നൽകി.
ഉർദു രണ്ടാം ഭാഷയായി സംസാരിക്കുന്നവരെ കഴുതപ്പുറത്തിരുത്തി പരേഡ് നടത്തുമെന്ന പഴയ യു പി മുഖ്യമന്ത്രി വീർ ബഹാദൂർ സിംഗിൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ഷബ്ന ആസ്മിയുടെ പിതാവും എഴുത്തുകാരനുമായ കൈഫി ആസ്മി പത്മശ്രീ തിരികെ നൽകിയത്.
മണിപ്പൂരി നാടകകൃത്ത് രത്തൻ തിയാം, പഞ്ചാബി എഴുത്തുകാരി ദലീപ് കൗർ തിവാന, പ്രശസ്ത കവി ജയന്ത് മഹാപാത്ര എന്നിവർ വിവിധ കാരണങ്ങളാൽ പത്മശ്രി തിരികെ നൽകിയവരാണ്. മണിപ്പൂരി ചലച്ചിത്രനിർമ്മാതാവ് അരിബാം ശ്യാം ശർമ്മ പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് 2006ൽ ലഭിച്ച പത്മശ്രീ 2019 ൽ തിരികെ നൽകി.
ഉർദു എഴുത്തുകാരനും ആക്ഷേപഹാസ്യകാരനുമായ മുജ്തബ ഹുസൈൻ രാജ്യത്തെ അരാജകത്വത്തിൽ പ്രതിഷേധിച്ച്, 2007ൽ ലഭിച്ച പത്മശ്രി 2019 ൽ തിരികെ നൽകി.
പ്രശസ്ത കഥക് നർത്തകി സിതാരാ ദേവി 1973 പത്മശ്രീ സ്വീകരിച്ചു. പിന്നീടവർ പത്മഭൂഷൺ നിരസിച്ചു. ഭാരതരത്നത്തിൽ കുറഞ്ഞത് ഒന്നും വേണ്ടന്നും കഥക് നൃത്തത്തിൽ തൻ്റെ സംഭാവനകൾ സർക്കാർ മനസ്സിലാക്കിയില്ലെന്നും അവർ പരിതപിച്ചു.
1981ൽ ഹിമാലയൻ പ്രദേശങ്ങളിലെ മരം മുറിയിൽ പ്രതിഷേധിച്ച് സുന്ദർലാൽ ബഹുഗുണ പത്മശ്രീ നിരസിക്കുകയുണ്ടായി. എന്നാൽ 2009 ൽ അദ്ദേഹം പത്മവിഭൂഷൺ സ്വീകരിച്ചു. നടി സൗമിത്ര ചാറ്റർജി 1970 ൽ പത്മശ്രീ നിഷേധിച്ചുവെങ്കിലും 2004ൽ പത്മഭൂഷൺ സ്വീകരിച്ചു.
ഇംഗ്ലീഷ് ബില്ല്യാർഡ്സ് ചാമ്പ്യൻ മൈക്കൽ ഫെരേര 1981 പത്മശ്രീ നിരസിച്ചതിന് കാരണം പറഞ്ഞത് സുനിൽ ഗാവസ്ക്കർക്ക് സർക്കാർ അമിത പ്രാധാന്യം നൽകുന്നുവെന്നാണ്. എന്നാൽ 1983ൽ പത്മഭൂഷൺ സ്വീകരിക്കുകയും ചെയ്തു.
സരോദ് മാന്ത്രികൻ ബുദ്ധദേവ് ദാസ് ഗുപ്ത 2011 ൽ പത്മശ്രീ നിരസിച്ചുവെങ്കിലും 2012ൽ പത്മഭൂഷൺ സ്വീകരിച്ചു. അണ്ണാഹസാരെ അഴിമതിക്കെതിരായ പ്രതിഷേധം എന്ന നിലയിൽ 1990 ൽ ലഭിച്ച പത്മശ്രീ 1991 ൽ തിരികെ നൽകിയെങ്കിലും 1992 ൽ പത്മഭൂഷൺ സ്വീകരിച്ചു.
ശ്രീ ശ്രീ രവിശങ്കർ 2015ൽ പത്മവിഭൂഷൺ നിരസിച്ചെങ്കിലും 2016 ൽ സ്വീകരിച്ചു.
1960,61 എന്നീ വർഷങ്ങളിൽ തുടർച്ചയായി പത്മശ്രീ നിഷേധിച്ച മദർ തെരേസ 1980 ൽ ഭാരതരത്നം സ്വീകരിച്ചു. സർദാർ സരോവർ അണക്കെട്ടിൻ്റെ നിർമ്മാണവേളയിൽ ആദിവാസികൾക്ക് ശരിയായ ചികിൽസ നൽകാത്തതിൽ പ്രതിഷേധിച്ച് ബാബ ആംതെ 1991 ൽ പത്മശ്രീയും പത്മവിഭൂഷണും തിരികെ നൽകി.
വ്യവസായി കെ.കെ.ബിർള 1976 ൽ ഇന്ദിരാഗാന്ധി നേരിട്ട് വാഗ്ദാനം ചെയ്ത പത്മഭൂഷൺ നിരസിച്ചു.പിന്നീട് പത്മവിഭൂഷൺ നൽകിയെങ്കിലും അതും നിരസിക്കുകയാണുണ്ടായത്. സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ അമൽപ്രവ ദാസ് 1954ൽ പത്മശ്രീയും പിന്നീട് പത്മവിഭൂഷണും നിരസിച്ചു.
കാർഷിക വിദഗ്ദനും രാഷ്ട്രീയപ്രവർത്തകനുമായ ശരത് അനന്തറാവു ജോഷി 1992 ൽ പത്മശ്രീയും 2016ൽ മരണാനന്തരം അദ്ദേഹത്തിൻ്റെ കുടുംബം പത്മവിഭൂഷണും നിരസിച്ചു. പത്മശ്രീയും, പത്മഭൂഷണും, പത്മവിഭൂഷണും നിരസിച്ച വ്യക്തിയാണ് സിത്താറിസ്റ്റ് വിലായത്ത് ഖാൻ. തൻ്റെ സംഗീതത്തെ വിലയിരുത്താനുള്ള കഴിവ് സെലക്ഷൻ കമ്മിറ്റിക്ക് ഇല്ലന്നാണ് അദ്ദേഹം പ്രതികരിച്ചത്.
നാടകകൃത്ത് ബാദൽ സർക്കാർ 1972 ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നിരസിച്ചയാളാണ്. 2015ൽ കവി സുർജിത് പടാർ 2012ൽ ലഭിച്ച പത്മശ്രീയും 1993 ൽ ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും “ഇന്ത്യയിലെ അസഹിഷ്ണുതയുടെ കാലാവസ്ഥയിൽ ” പ്രതിഷേധിച്ച് തിരികെ നൽകി.
പ്രഖ്യാപിച്ച പത്മശ്രീ 3 വട്ടം റദ്ദാക്കിയ ചരിത്രവുമുണ്ട്.1958 പഞ്ചാബിൽ രണ്ടു പേർക്കും 1974ൽ ഗുജറാത്തിലുമാണ് ഇത് സംഭവിച്ചത്.
ഇക്കൊല്ലത്തെ പത്മഭൂഷൺ ലിസ്റ്റിലുൾപ്പെട്ട ബുദ്ധദേവ് ഭട്ടാചാര്യ, പത്മശ്രീ ലിസ്റ്റിൽപെട്ട സന്ധ്യ മുഖർജി, പണ്ഡിറ്റ് അനിന്ദോ ചാറ്റർജി എന്നിവർ പുരസ്ക്കാരം നിരസിച്ചവരാണ്. മൂന്നു പേരും ബംഗാളികളാണ് എന്നത് ഏറെ കൗതുകകരം.
പത്മ പുരസ്ക്കാരങ്ങൾ ഇനിയുമുണ്ടാകും. നിരസിക്കുന്നവരും ഉണ്ടാകും. സ്വീകരിച്ചവരെ പോലെ നിരസിച്ചവരും ശ്രദ്ധേയരാകും.