Tue. Mar 19th, 2024

✍️ ലിബി. സി.എസ്

“നീ എന്തിനാ പഠിച്ചത്, നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല” എന്ന ഗോഡ് ഫാദറിലെ ഇന്നസെന്റ് ഡയലോഗ് ആയിരിക്കട്ടെ യുനെസ്‌കോയുടെ മുദ്രാവാക്യത്തിന് പകരം ഈ ദിനത്തിൽ ഇന്ത്യയുടെ മുദ്രാവാക്യം!

ശാസ്ത്ര നേട്ടങ്ങളെ സാധാരണക്കാരനിലേക്ക് എത്തിക്കാൻ കഴിവുള്ള ശാസ്ത്രബോധമുള്ള സമൂഹത്തിനു മാത്രമേ സമൂഹത്തിലെ തിന്മകളെ തുടച്ചുനീക്കാൻ കഴിയൂ. ശാസ്ത്രബോധമുള്ള സമൂഹത്തിനു മാത്രമേ പുരോഗതിയിലേക്ക് ഉയരാൻ കഴിയൂ.

എന്നാൽ ഇന്ത്യയുടെ സെക്കുലർ സ്പേസിലെ മതങ്ങളുടെ അതിപ്രസരം ഇന്ന് ഒരു ചെറിയ വിഷയമല്ല. ഇത് മൂലം ശാസ്ത്രനേട്ടങ്ങളുടെ ഉന്നതിയിൽ നിൽക്കുമ്പോഴും നാം മാനസികമായും സാംസ്കാരികമായും ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചുപോക്കാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ദൈവമെന്ന അശാസ്ത്രീയ സങ്കൽപ്പത്തിന് ചുറ്റും പണിതുയർത്തിയിരിക്കുന്ന ചൂഷണ മാഫിയാ സംഘമാണ് മതം.

എന്താണോ സയൻസ്, അതിനു നേർവിപരീതമാണ് ദൈവവും മതവും.തെളിയിക്കപ്പെട്ടത് മാത്രം സയൻസ് സ്വീകരിക്കുമ്പോൾ, ഒരിക്കലും തെളിയിക്കപ്പെടില്ല എന്നുറപ്പുള്ള വിശ്വാസങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഒന്നാണ് മതം.

സ്ഥാനം ഏറ്റെടുത്തപ്പോൾ ഹോമം നടത്തിയ ഐഎംഎ അധ്യക്ഷനെ നമുക്കീ ശാസ്ത്രദിനത്തിൽ ഓർക്കാം…

ബഹിരാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുമ്പോൾ തേങ്ങ ഉടയ്ക്കുന്ന ഇൻഡ്യൻ ശാസ്ത്രജ്ഞരെ നമുക്കീ ശാസ്ത്രദിനത്തിൽ ഓർത്ത് അഭിമാനിക്കാം…

സയൻസ് പഠിപ്പിക്കുന്ന പരിയാരം മെഡിക്കൽ കോളേജിൽ “ആരും ജനിക്കുന്നുമില്ല മരിക്കുന്നുമില്ല എന്നും ബാക്ടീരിയ ഉണ്ട് വൈറസ് ഇല്ല” എന്നും പഠിപ്പിക്കാൻ വിസിറ്റിങ് പ്രൊഫസറായി മോഹനൻ വൈദ്യരെ വിളിച്ചതും നമുക്കീ ദിനത്തിൽ ഓർക്കാം…

സൈക്യാട്രിയുടെ അടിസ്ഥാനപ്രമാണങ്ങൾ മഹാഭാരതത്തിൽ ഉണ്ട് എന്നു പറഞ്ഞ ഐഎംഎ അധ്യക്ഷനെ ദേശസ്നേഹത്തോടെയും ആത്മാഭിമാനത്തോടെയും നമുക്കിവിടെ ഓർക്കാം…

വർഗ്ഗീയതയുടെ അപ്പസ്തോലന്മാരും ദേശസ്നേഹികളുമായ ഉത്തമ കുറുവടി സന്താനങ്ങൾ ഉണ്ടാകാൻ അദ്ഭുത പൊടി പ്രോത്സാഹിപ്പിച്ച പ്രവീൺ തൊഗാഡിയയെ ഐഎംഎ വേദികളിൽ ക്ഷണിച്ച ഇന്ത്യയിലെ മെഡിക്കൽ നേതൃത്വത്തെയും നമുക്കീ സുദിനത്തിൽ ഓർക്കാം…

മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത പ്രബുദ്ധ കേരളത്തിലെ അദ്ധ്യാപക പരിഷകളെയും നമുക്കീ ശാസ്ത്രദിനത്തിൽ അഭിമാന പുളകിതരായി ഓർക്കാം….
ആരാണ്, എവിടെ നിന്നാണ് വാക്സിൻ വിരുദ്ധതയും വാക്സിൻ വിരുദ്ധരും ശാസ്ത്ര വിരുദ്ധരും ഉദയം ചെയ്യുന്നത്.എന്ന് മനസ്സിലായിക്കാണുമല്ലോ?

സയൻസ് പഠിച്ചവർക്ക് ഇല്ലാത്ത സയൻസ് അവബോധം ജനങ്ങൾക്ക് ഉണ്ടാകുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ശാസ്ത്രത്തിന്‍റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഈ ദിനത്തിൽ ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈദിനാചരണത്തിന്‍റെ ലക്ഷ്യം എന്നതിനാൽ തന്നെ “നീ എന്തിനാ പഠിച്ചത്, നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല; വെറുതെ സർക്കാരിന്റെ കാശുകളയാമെന്നല്ലാതെ!” എന്ന മുദ്രാവാക്യമാണ് ഇന്ത്യയ്ക്കും വിശിഷ്യാ പുനരുത്ഥാന കേരളത്തിനും അനുയോജ്യമായ മുദ്രാവാക്യം!

എല്ലാവർക്കും ഭക്തി തുളുമ്പുന്ന
ആചാരപരമായ ശാസ്ത്രദിനാശംസകൾ